അമ്പലവയൽ: അറുതിയില്ലാത്ത വന്യജീവി ആക്രമണങ്ങളുടെ നടുവിൽപ്പെട്ടുപോയ വയനാടൻ ജനതയുടെ ജീവിതകഥ പറയുകയാണ് ‘കടുവ’ എന്ന ഷോർട്ട്‌ ഫിലിം. രാജേഷ് രചന സംവിധാനം ചെയ്ത ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചിരിക്കുന്നത് വയനാട്ടുകാരാണ്. അഷ്‌റഫ് റിയൽ നിർമിച്ച ഹ്രസ്വചിത്രം സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

To advertise here,

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ചുപേരാണ്. വയനാട് നേരിടുന്ന വന്യമൃഗശല്യം എന്ന വലിയ പ്രതിസന്ധിയിലേക്ക് ക്യാമറക്കണ്ണുകൾ തിരിച്ചുവെക്കുകയാണ് സംവിധായകൻ രാജേഷ് രചനയും സംഘവും. നിർമിത ബുദ്ധി ഉൾപ്പെടെ ആധുനികസംവിധാനങ്ങളുടെ പിൻബലത്തോടെ അവതരിപ്പിച്ച ഹ്രസ്വചിത്രം ഒരു സിനിമ കാണുന്ന ഫീൽ സമ്മാനിക്കും. 24 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം വയനാടിന്റെ ദൃശ്യഭംഗിയാൽ സമ്പന്നമാണ്. സിനിമാപ്രവർത്തകരുടെ കൂട്ടായ്മയായ വയനാട് ഡ്രീംസിന്റെ സഹകരണത്തോടെയാണ് ചിത്രമൊരുക്കിയത്.

നടനും ഗായകനുമായ എൽദോ പോത്തുകെട്ടിയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമാകുന്നത്. ചലച്ചിത്രതാരം സുബൈർ വയനാട് ഉൾപ്പെടെ ഒട്ടേറെപ്പേർ അരങ്ങിലും അണിയറയിലുമുണ്ട്. കാലികപ്രസക്തമായ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ക്യാമറ എന്നിവ രാജേഷ് രചനയാണ് കൈകാര്യം ചെയ്തത്. ബിജു സി. ആചാരിയുടെ വരികൾക്ക് സംഗീതം പകർന്നത് ഷിജോ ബേബിയും ഗാനമാലപിച്ചത് കലാഭവൻ ഗോപകുമാറും സുമ സ്റ്റാലിനുമാണ്. എഡിറ്റിങ് ശ്രുദീപ് ശ്രീധർ. എം.ജെ. ഫിലിംസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ചിത്രത്തിന് അഭിനന്ദനങ്ങളുമായി ഒട്ടേറെപ്പേർ എത്തുന്നുണ്ട്.