സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഫാറൂഖ് അബ്ദുൽ റഹിമാൻ സംവിധാനം ചെയ്ത പുതിയ ചിത്രം 'ഒഴിയാതെ' റിലീസ് ചെയ്തു. 1976-ൽ നടന്ന ഒരു യഥാർഥ സംഭവത്തെയും അടിയന്തരാവസ്ഥയുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. അന്ന് ആ ചരിത്ര സംഭവത്തിൽ പങ്കാളികളായവരും പ്രദേശവാസികളുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

To advertise here,

രാഷ്ട്രീയവും കലയും കഥയും കാലവും ഭാഷയും സംഗീതവും കൃത്യമായി സമന്വയിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും കലാസംവിധാനവും വേറിട്ടുനിൽക്കുന്നതാണ്. സോണി സുകുമാരൻ ഛായാഗ്രഹണവും പ്രമോദ് പള്ളിയിൽ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.

ദേശീയ അവാർഡ് ജേതാവ് ബിജിബാൽ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. പ്രണവം ശശിയും ബിജിബാലും ചേർന്നാണ് പാട്ടുകൾ പാടിയിരിക്കുന്നത്. മേതിൽ സതീശനാണ് ഗാനരചന. സതീശിന്റെ ആദ്യ മലയാളചിത്രമാണിത്.

ഇൻസൈറ്റ് ദി ക്രീയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടി നിർമിച്ച ചിത്രത്തിൽ പ്രശസ്ത കൂടിയാട്ടം കലാകാരൻ കലാമണ്ഡലം ശിവൻ നമ്പൂതിരിയും നിരവധി നാടക കലാകാരന്മാരും അണിനിരക്കുന്നുണ്ട്.