അശ്ലീലമോ അപകീർത്തികരമോ ആയ ഉള്ളടക്കങ്ങളുള്ള ലിങ്കുകൾ കൃത്യമായ പട്ടികയായി തയാറാക്കി നൽകാൻ കോടതി ആവശ്യപ്പെട്ടു.

ന്യൂഡൽഹി: ബോളിവുഡ് നടി ജാൻവി കപൂറുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കങ്ങൾ ഇന്റർനെറ്റിൽനിന്ന് നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. എന്നാൽ, നടിയുടെ പേരിലുള്ള എല്ലാ ഫാൻ പേജുകൾക്കും പൂർണ്ണ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം കോടതി നിരസിച്ചു. വ്യക്തിഗത അവകാശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
തന്റെ പേരും ചിത്രങ്ങളും വാണിജ്യ ആവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നത് തടയണമെന്നും വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജാൻവി കപൂർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനൂപ് ജയറാം ഭംഭാനി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തന്റെ ചിത്രങ്ങൾ വാണിജ്യ ലാഭത്തിനായി ഉപയോഗിക്കുന്ന അയ്യായിരത്തിലധികം വെബ്പേജുകൾക്കും പോസ്റ്റുകൾക്കുമെതിരെ നടപടി വേണമെന്ന് ജാൻവി ആവശ്യപ്പെട്ടിരുന്നു.
അപകീർത്തികരമായ ഉള്ളടക്കങ്ങളിൽനിന്ന് നിയമപരമായ സംരക്ഷണം ലഭിക്കാൻ ജാൻവിക്ക് അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അശ്ലീലമോ അപകീർത്തികരമോ ആയ ഉള്ളടക്കങ്ങളുള്ള ലിങ്കുകൾ കൃത്യമായ പട്ടികയായി തയാറാക്കി നൽകാൻ കോടതി ആവശ്യപ്പെട്ടു.
അതേസമയം, ഫാൻ പേജുകൾ പൂർണ്ണമായി നീക്കം ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. ഫാൻ പേജുകളിൽ പ്രശംസയും വിമർശനവും ഒരുപോലെ ഉണ്ടാകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നും കോടതി നിരീക്ഷിച്ചു. 'ചിലപ്പോൾ പരിഹാരം പ്രശ്‌നത്തേക്കാൾ വഷളായേക്കാം. അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിത്തറയെത്തന്നെ ബാധിക്കുന്നതാണ്', ജസ്റ്റിസ് ഭംഭാനി ചൂണ്ടിക്കാട്ടി.
ഫാൻ പേജുകൾ പ്രശംസിക്കുന്നതോ വിമർശിക്കുന്നതോ പരിഹസിക്കുന്നതോ ആകാം. പൊതുമണ്ഡലത്തിലുള്ള എല്ലാവരും വിവിധ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്. ഇത്തരം പേജുകളെല്ലാം അടച്ചുപൂട്ടാൻ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
ആയിരക്കണക്കിന് വരുന്ന ലിങ്കുകൾ പരിശോധിക്കുന്നത് പ്രായോഗികമല്ലെന്ന് മെറ്റയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വരുൺ പഥക് കോടതിയെ അറിയിച്ചു. കേസ് ഓഗസ്റ്റ് 17-ലേക്ക് മാറ്റി.
Content Highlights: Delhi High Court directed the removal of explicit and defamatory content related to Bollywood actress Janhvi Kapoor from internet platforms. The court rejected the actress's plea to impose a blanket ban on all fan pages operating under her name, upholding freedom of speech. Justice Anup Jairam Bhambhani noted that while individual personality rights deserve protection, fan pages expressing praise, criticism, or satire cannot be entirely shut down. The court instructed Janhvi Kapoor's legal team to compile and provide a precise list of offensive links for targeted removal. Meta's legal representative stated the impracticality of reviewing thousands of links independently, and the court adjourned the matter to August 17.
Published: 12 Aug 2026, 03:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented