ജെയ്സി സുരക്ഷിതനായും സന്തോഷത്തോടെയും ജീവിക്കണമെന്ന് മാത്രമാണ് ഒരു പിതാവ് എന്ന നിലയിൽ താൻ ഇപ്പോൾ ആഗ്രഹിക്കുന്നതെന്ന് ജാക്കി ചാൻ പറഞ്ഞു.

മകൻ ജെയ്സി ചാനുമായുള്ള അകൽച്ചയേക്കുറിച്ചും അസ്വാരസ്യങ്ങളെക്കുറിച്ചും തകർന്നുപോയ ബന്ധത്തെക്കുറിച്ചും വെളിപ്പെടുത്തി നടൻ ജാക്കി ചാൻ. 'വിസ്‌പേഴ്‌സ് ഓഫ് ഗ്രാറ്റിറ്റ്യൂഡ്' (Whispers of Gratitude) എന്ന പുതിയ സിനിമയുടെ പ്രചാരണത്തിനിടയിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പങ്കുവെച്ചത്. തന്റെ കർക്കശമായ വളർത്തൽ രീതി മകനുമായുള്ള ബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഒരു കാലത്ത് പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടവരായിരുന്നു ജാക്കി ചാനും മകൻ ജെയ്സിയും.
ജെയ്സിയുമായി ഒരു വർഷമായി ഫോണിലൂടെ പോലും സംസാരിച്ചിട്ടില്ലെന്ന് ജാക്കി ചാൻ വെളിപ്പെടുത്തി. മുൻപ് വർഷത്തിലൊരിക്കൽ ജന്മദിനാശംസകൾ നേരാൻ ജെയ്‌സി വിളിക്കാറുണ്ടായിരുന്നു. എന്നാൽ മറ്റു സമയങ്ങളിലും വിളിക്കാൻ ആവശ്യപ്പെട്ട് ജാക്കി ചാൻ മകനെ ശകാരിച്ചതോടെ ആ വിളികളും നിലച്ചുവെന്ന് നടൻ പറഞ്ഞു. കർക്കശക്കാരനായ പിതാവ് ഒരു അനുസരണയുള്ള മകനെ വളർത്തുന്നു എന്ന പഴയ വിശ്വാസത്തിലായിരുന്നു മകനെ വളർത്തിയത്. എന്നാൽ ഈ ചിന്താഗതി തെറ്റാണെന്നും അത് മകനിൽ ഭയം മാത്രമാണ് ഉണ്ടാക്കിയതെന്നും ഇപ്പോൾ തിരിച്ചറിയുന്നുവെന്ന് ജാക്കി ചാൻ പറഞ്ഞു.
ജെയ്‌സിയെ കാണുമ്പോഴെല്ലാം ശകാരിക്കുകയും ടെലിവിഷൻ പരിപാടികളിൽ പോലും മകനെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്ന താൻ മകനോട് ഒരിക്കൽ പോലും സ്നേഹത്തോടെ സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റസമ്മതം നടത്തി. "അവനോട് ഒരിക്കൽപ്പോലും ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല. ഞാൻ തെറ്റ് ചെയ്തു. വിദ്യാഭ്യാസം ഇങ്ങനെയാകരുത്. ഞാൻ അവന് കൂടുതൽ സ്വാതന്ത്ര്യം നൽകേണ്ടതായിരുന്നു." ജാക്കി ചാന്റെ വാക്കുകൾ.
കർക്കശനായ പിതാവ് എന്ന മനോഭാവം ഉപേക്ഷിക്കാൻ പ്രായമായിത്തുടങ്ങിയപ്പോഴാണ് താൻ ശ്രമിച്ചതെന്നും ജാക്കി സമ്മതിച്ചു. ജെയ്‌സി സുരക്ഷിതനായും സന്തോഷത്തോടെയും ജീവിക്കണമെന്ന് മാത്രമാണ് ഒരു പിതാവ് എന്ന നിലയിൽ താൻ ഇപ്പോൾ ആഗ്രഹിക്കുന്നതെന്ന് ജാക്കി ചാൻ പറഞ്ഞു.
ജാക്കി ചാന്റെയും തായ്‌വാനീസ് മുൻ നടി ലിൻ ഫെങ്‌ജിയാവോയുടെയും ഏക മകനായ ജെയ്‌സി മാതാപിതാക്കളുടെ വഴി പിന്തുടർന്ന് സിനിമാ മേഖലയിലേക്ക് വന്നിരുന്നു. എന്നാൽ 2015-ൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആറുമാസം ബീജിംഗിൽ ജയിൽ ശിക്ഷ അനുഭവിച്ചത് അദ്ദേഹത്തിന്റെ കരിയറിനെ വലിയ രീതിയിൽ ബാധിച്ചു. അതിനുശേഷം വളരെ കുറച്ച് സിനിമകളിൽ മാത്രമേ ജെയ്സി പ്രവർത്തിച്ചിട്ടുള്ളൂ. നിലവിൽ അദ്ദേഹം പൊതുവേദികളിൽ നിന്ന് മാറി നിൽക്കുകയാണ്.
Content Highlights: Jackie Chan opens up about his strained relationship with son Jaycee, admitting past strictness and regret.
Published: 03 Jan 2026, 05:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented