ആഗോള തലത്തില്‍ ഒട്ടേറെ ആരാധകരുള്ള ആക്ഷന്‍ ഹീറോയാണ് ജാക്കി ചാന്‍. 71 കാരനായ അദ്ദേഹം മരിച്ചതായ വാര്‍ത്ത വീണ്ടും പ്രചരിക്കുകയാണ്. ജാക്കി ചാന്‍ ഒരു ആശുപത്രി കിടക്കയില്‍ കിടക്കുന്ന ചിത്രം ഉള്‍പ്പെടെയാണ് പ്രചരിക്കുന്നത്. അദ്ദേഹം മരിച്ചതായും കുടുംബം വാര്‍ത്ത സ്ഥിരീകരിച്ചതായും സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ അവകാശപ്പെടുന്നു. വാര്‍ത്തകണ്ട് പലരും വിശ്വസിക്കുകയും നിരവധിയാളുകള്‍ ദുഃഖം രേഖപ്പെടുത്തി കമന്റുകള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

To advertise here,

പിന്നാലെ ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജവാര്‍ത്തയ്‌ക്കെതിരെ നിരവധിയാളുകള്‍ രംഗത്തുവരികയും ചെയ്തു. എന്തിനാണ് ഫെയ്‌സ്ബുക്ക് ജാക്കി ചാനെ കൊല്ലാന്‍ ശ്രമിക്കുന്നതെന്ന് ഒരു ഉപഭോക്താവ് കമന്റിട്ടു. ജാക്കി ചാനെ ഇന്റര്‍നെറ്റ് കൊല്ലാന്‍ നോക്കുകയാണെന്ന് മറ്റൊരാള്‍ പറഞ്ഞു. ഞാന്‍ ജോലി സ്ഥലത്ത് നിന്ന് നിലവിളിച്ച് പോയെന്നായിരുന്നു വേറൊരാളുടെ പ്രതികരണം.

ഇത് ആദ്യമായല്ല ജാക്കി ചാന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. അത്തരം വാര്‍ത്ത പ്രചരിക്കുമ്പോഴെല്ലാം താന്‍ ജീവനോടെയിരിക്കുന്നുവെന്ന് അറിയിച്ച് ജാക്കി ചാന്‍ രംഗത്തുവരാറുമുണ്ട്.

ചൈനീസ്, ഹോളിവുഡ് ചിത്രങ്ങളിലൂടെ ആഗോളതലത്തില്‍ ശ്രദ്ധേയനായ ആക്ഷന്‍ താരമാണ് ജാക്കി ചാന്‍. റഷ് അവര്‍, ദി കരാട്ടെ കിഡ് ഫ്രാഞ്ചൈസുകളിലൂടെ പുതിയ തലമുറയ്ക്കും അദ്ദേഹം സുപരിചിതനാണ്. പുതിയ ചില ചിത്രങ്ങളും അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നുണ്ട്. ന്യൂ പോലീസ് സ്‌റ്റോറി 2, പ്രൊജക്ട് പി, ഫൈവ് എഗെയ്ന്‍സ്റ്റ് എ ബുള്ളറ്റ് എന്നിവയെല്ലാം നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. റഷ് അവര്‍ 4 ന്റെ ജോലികളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.