മോഹൻലാൽ നയിക്കുന്ന സ്റ്റേജ് ഷോയുടെ യൂറോപ്പ് പര്യടനത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലാണ്.

മലയാളികളുടെ പ്രിയതാരം മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി അയർലൻഡ് പബ്ലിക് എക്സ്പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ടർ, പബ്ലിക് സർവീസ് റിഫോം ആൻഡ് ഡിജിറ്റലൈസേഷൻ വകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്സ്. മോഹൻലാലുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. മോഹൻലാലിനൊപ്പമുള്ള ചിത്രവും മന്ത്രി പങ്കുവെച്ചു.
ഒരു സ്റ്റേജ് ഷോ അവതരിപ്പിക്കുന്നതിനായി യൂറോപ്പിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തുകയാണ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള താരസംഘം. ഇതിനിടയിലാണ് അയർലൻഡ് മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
"കഴിഞ്ഞ വാരാന്ത്യത്തിൽ അയർലൻഡിൽ എത്തിയ മോഹൻലാലിനെ കണ്ടതിൽ സന്തോഷമുണ്ട്. അയർലണ്ടിലെ ഇന്ത്യൻ പ്രവാസികൾക്കായി അദ്ദേഹം തന്റെ കലാപ്രകടനം കാഴ്ചവെച്ചു. അയർലൻഡിലെ ഇന്ത്യൻ സമൂഹം നമ്മുടെ സമൂഹങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വിശാലമായ സമൂഹത്തിനും നൽകുന്ന നല്ല സംഭാവനകളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്." ജാക്ക് ചേംബേഴ്സ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
മോഹൻലാൽ നയിക്കുന്ന സ്റ്റേജ് ഷോയുടെ യൂറോപ്പ് പര്യടനത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലാണ്. കെ.എസ്. ചിത്രയ്ക്കൊപ്പം പാട്ടുപാടുന്നതും യുവതാരങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നതുമുൾപ്പെടെയുള്ള വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്. ചിത്രയ്ക്ക് പുറമേ, സാനിയ അയ്യപ്പൻ, സ്വാസിക, ജീവ ജോസഫ്, റംസാൻ മുഹമ്മദ് എന്നിവരും മോഹൻലാലിനൊപ്പം പരിപാടിയിൽ ഉണ്ടായിരുന്നു.
ധനുഷിന്റെ തിരുച്ചിത്രമ്പലത്തിലെ മേഘം കറുക്കാതാ, ഫഹദ് ഫാസിലിന്റെ ആവേശത്തിലെ ഇല്ലുമിനാറ്റി, മോഹൻലാലിന്റെ ദിലീപിനൊപ്പമുള്ള ചിത്രം ഭ.ഭ.ബയിലെ അഴിഞ്ഞാട്ടം എന്നീ പാട്ടുകൾക്ക് ചുവടുവെക്കുന്ന മോഹൻലാലിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. ബാഹുബലിയിലെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
മോഹൻലാലിന്റെ പാട്ടിനെയും നൃത്തത്തേയും പ്രശംസിച്ച് ഒട്ടേറെ ആരാധകരെത്തിയിരുന്നു. മോഹൻലാൽ ചിത്രങ്ങളിലെ ചിത്ര പാടിയ പാട്ടുകൾ ഉൾപ്പെടുത്തി 14 മിനിറ്റോളം നീണ്ട ഒറ്റ സെഗ്മെന്റിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
Content Highlights: Adding another golden feather to his ongoing mega Europe cultural tour, Malayalam superstar Mohanlal received a high-profile reception in Ireland, where Jack Chambers, the Irish Minister for Public Expenditure, Infrastructure, and Digitalisation, officially met the actor and lauded the contributions of the Indian diaspora.
Published: 30 Jun 2026, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented