മോഹൻലാലിന്റെ ജർമനിയിലെ സ്‌റ്റേജ് ഷോയിൽനിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. കെ.എസ്. ചിത്രയ്ക്കൊപ്പം പാട്ടുപാടുന്നതും യുവതാരങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നതുമുൾപ്പെടെയുള്ള വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്. ചിത്രയ്ക്ക് പുറമേ, സാനിയ അയ്യപ്പൻ, സ്വാസിക, ജീവ ജോസഫ്, റംസാൻ മുഹമ്മദ് എന്നിവരും മോഹൻലാലിനൊപ്പം പരിപാടിയിൽ ഉണ്ടായിരുന്നു.

To advertise here,

ധനുഷിന്റെ തിരുച്ചിത്രമ്പലത്തിലെ മേഘം കറുക്കാതാ, ഫഹദ് ഫാസിലിന്റെ ആവേശത്തിലെ ഇല്ലുമിനാറ്റി, മോഹൻലാലിന്റെ ദിലീപിനൊപ്പമുള്ള ചിത്രം ഭ.ഭ.ബയിലെ അഴിഞ്ഞാട്ടം എന്നീ പാട്ടുകൾക്ക് ചുവടുവെക്കുന്ന മോഹൻലാലിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. ബാഹുബലിയിലെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. മോഹൻലാലിന്റെ പാട്ടിനെയും നൃത്തത്തേയും പ്രശംസിച്ച് ഒട്ടേറെ ആരാധകരെത്തി.

തിരുച്ചിത്രമ്പലത്തിലെ പാട്ടിൽ സാനിയ ആയിരുന്നു മോഹൻലാലിനൊപ്പം ചുവടുവെച്ചത്. ഇല്ലുമിനാറ്റി, ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയിലെ കലാപക്കാരാ, ബാഹുബലിയിലെ മനോഹരി എന്നീ പാട്ടുകളിൽ മോഹൻലാലിനൊപ്പം സാനിയയ്ക്ക് പുറമെ സ്വാസികയെക്കൂടി കാണാം. മോഹൻലാൽ ചിത്രങ്ങളിലെ ചിത്ര പാടിയ പാട്ടുകൾ ഉൾപ്പെടുത്തി 14 മിനിറ്റോളം നീണ്ട ഒറ്റ സെഗ്മെന്റിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

കാണികൾ വൻ കൈയടിയോടെയാണ് പ്രകടനം സ്വീകരിച്ചത്. വെള്ളിയാഴ്ച ജർമനി ഒബർഹൗസനിലെ റുഡോൾഫ് വെബർ അരീനയിൽ നടന്ന 'ദ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ലൈവ് ഇൻ ജർമനി: ബിയോണ്ട് ദ സ്‌ക്രീൻ' എന്ന പരിപാടിയുടെ ഭാഗമായായിരുന്നു പ്രകടനങ്ങൾ.

ഷോയ്ക്ക് മുമ്പുള്ള ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ജർമനി കത്തിച്ചു, അടുത്തത് ലണ്ടനും അയർലെൻഡും എന്ന അടിക്കുറിപ്പോടെ റംസാൻ ഒരു ഗ്രൂപ്പ് സെൽഫി പങ്കുവെച്ചു. റംസാനൊപ്പം സാനിയ, ജീവ, മോഹൻലാൽ, സ്വാസിക എന്നിവരും ചിത്രത്തിലുണ്ട്. പൂക്കി ലാലേട്ടൻ എന്ന അടിക്കുറിപ്പോടെയാണ് സാനിയ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.