
കൊച്ചി: നടിയെ ആക്രമിച്ച കേസ് വാദം കേൾക്കുമ്പോൾ അതിജീവിതയുടെ അഭിഭാഷക ഉറങ്ങുകയായിരുന്നുവെന്ന പരാമർശത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതി അലക്ഷ്യ നടപടി വേണമെന്നായിരുന്നു ടി.ബി. മിനിയുടെ ആവശ്യം.
വിചാരണ കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് നേരത്തെ തനിക്കെതിരെ ഉണ്ടായ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചാണ് ടി.ബി. മിനിയുടെ ഹർജി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിച്ചു. ഹർജിയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ പരിഗണിക്കുന്ന ഘട്ടത്തിലാണ് വിചാരണ കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് അഭിഭാഷകയ്ക്കെതിരെ ചില പരാമർശങ്ങൾ ഉണ്ടായത്. അതിജീവിതയുടെ അഭിഭാഷക എവിടെ എന്ന് കോടതി ചോദിക്കുകയും അതിനു പിന്നാലെ ചില വ്യക്തിഗത പരാമർശങ്ങൾ കോടതി നടത്തുകയും ചെയ്തിരുന്നു. അഭിഭാഷക പത്ത് ദിവസം മാത്രമേ കോടതിയിൽ ഉണ്ടായിട്ടുള്ളൂവെന്നും പല ദിവസങ്ങളിലും കോടതിയിൽ ഉറങ്ങുകയാണ് പതിവെന്നുമാണ് വിചാരണ കോടതി ജഡ്ജി പറഞ്ഞത്. അന്നത്തെ ആ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ചയാവുകയും സോഷ്യൽ മീഡിയയിലടക്കം വലിയ ആക്രമണം അതിജീവിതയുടെ അഭിഭാഷകയ്ക്ക് നേരിടേണ്ടി വരികയും ചെയ്തു. ഇത്തരത്തിലുള്ള സൈബർ പ്രചാരണങ്ങൾ തനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായി അതിജീവിതയുടെ അഭിഭാഷക സമർപ്പിച്ച ഹർജിയിൽ പറയുന്നു.
വിചാരണ കോടതി ജഡ്ജിയുടെ പരാമർശങ്ങൾക്ക് പിന്നാലെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. കൂടാതെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി അഡ്വക്കേറ്റ് ജനറലിനും പരാതി സമർപ്പിച്ചിരുന്നു. എന്നാൽ ഈ സംഭവം കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരില്ലെന്ന മറുപടിയാണ് അഡ്വക്കേറ്റ് ജനറലിന്റെ ഭാഗത്തുനിന്ന് അതിജീവിതയുടെ അഭിഭാഷകയ്ക്ക് ലഭിച്ചത്. ഇതേത്തുടർന്നാണ് വിചാരണ കോടതി ജഡ്ജിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: The Kerala High Court dismissed a plea filed by survivor's counsel Adv. T.B. Mini seeking suo motu contempt proceedings against trial court judge Honey M. Varghese. The petition challenged the trial judge's earlier remarks alleging that Mini attended court for only ten days and often slept during proceedings in the actress assault case. Justice P.V. Kunhikrishnan's bench dismissed the petition after detailed hearings. Adv. T.B. Mini had approached the High Court directly after the Advocate General stated that the incident did not fall under the purview of contempt of court.
Published: 17 Nov 2026, 10:59 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented