ലോസ് ആഞ്ജലിസ്: ബാറ്റ്മാന്റെ മുഖംമൂടി തത്കാലം അഴിച്ചുവെച്ച് 'ഏജന്റ് 007' സ്യൂട്ടണിയാൻ റോബർട്ട് പാറ്റിൻസൺ. ഹോളിവുഡിന്റെ വിഖ്യാത ബ്രിട്ടീഷ് ചാരൻ ജെയിംസ് ബോണ്ടിന്റെ വേഷം റോബർട്ട് പാറ്റിൻസണിന് കൈമാറിയതായി ആമസോൺ എം.ജി.എം. സ്റ്റുഡിയോസ് പ്രഖ്യാപിച്ചു. ബോണ്ട് പരമ്പരയിൽ ഈ വേഷം അവതരിപ്പിക്കുന്ന ഏഴാമത്തെ നടനാണ് റോബർട്ട്. ആമസോൺ എം.ജി.എം. സ്റ്റുഡിയോസ് ഫ്രാഞ്ചൈസി ഏറ്റെടുത്ത ശേഷമുള്ള ആദ്യ ബോണ്ടാകും റോബർട്ട്.

To advertise here,

ഡാനിയൽ ക്രെയ്ഗിനുശേഷം ആര് ബോണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമായത്. 2021-ൽ പുറത്തിറങ്ങിയ 'നോ ടൈം ടു ഡൈ' എന്ന ചിത്രത്തിനുശേഷം ബോണ്ട് പരമ്പരയിലുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഡെനിസ് വില്ലെന്യൂവ് ആണ് സംവിധാനം. ആമി പാസ്‌കൽ, ഡേവിഡ് ഹെയ്മാൻ എന്നിവരാണ് നിർമാതാക്കൾ. സ്റ്റീവൻ നൈറ്റാണ് തിരക്കഥയൊരുക്കുന്നത്.

സമകാലീന ലോക സിനിമയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന നടന്മാരിലൊരാളാണ് ബ്രിട്ടീഷ് നടനും നിർമാതാവുമായ റോബർട്ട് പാറ്റിൻസൺ (40). മീരാനായർ സംവിധാനംചെയ്ത വാനിറ്റി ഫെയറിലൂടെ ചെറിയ പ്രായത്തിൽത്തന്നെ അഭിനയരംഗത്തെത്തി. ഹാരി പോർട്ടർ സിനിമകളിലൂടെ ശ്രദ്ധേയനായി. 2022-ൽ വൻവിജയം നേടിയ ബാറ്റ്മാനിൽ പ്രധാന വേഷം കൈകാര്യംചെയ്തു. ട്വലൈറ്റ് ഓഫ് സാഗ സീരീസിലും ക്രിസ്റ്റഫർ നോളൻ ചിത്രങ്ങളായ 'ടെനറ്റ്', 'ദി ഒഡീസ്സി' സിനിമകളിലും ശ്രദ്ധേയമായ വേഷത്തിലെത്തി. ബാറ്റ്മാൻ രണ്ടിലും കരാറായിട്ടുണ്ട്.

1953-ൽ പുറത്തിറങ്ങിയ കാസിനോ റോയൽ എന്ന നോവലിലൂടെ ഇയാൻ ഫ്‌ളെമിങ്ങാണ് ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യ ജെയിംസ് ബോണ്ട് സിനിമ - 'ഡോ. നോ' പുറത്തിറങ്ങിയത് 1962-ലാണ്. ഇതിൽ ഷോൺ കോണറിയാണ് ബോണ്ടിനെ അവതരിപ്പിച്ചത്. ഔദ്യോഗികമായി 25 ജെയിംസ് ബോണ്ട് ചിത്രങ്ങൾ റിലീസ്‌ചെയ്തു. 26-ാം ചിത്രമാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. (രണ്ട് അനൗദ്യോഗിക ബോണ്ട് ചിത്രങ്ങളുമുണ്ട്.)

ബോണ്ടിനെ അവതരിപ്പിച്ചവർ (ചിത്രങ്ങളുടെ എണ്ണം)

ഷോൺ കോണറി (6)

ജോർജ് ലെസെൻബി (1)

റോജർ മൂർ (7)

തിമോത്തി ഡാൾട്ടൺ (2)

പിയേഴ്‌സ് ബ്രോസ്‌നൻ (4)

ഡാനിയേൽ ക്രെയ്ഗ് (5)