മഹാരാഷ്ട്രയിലെ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനിടെ ബോളിവുഡ് താരവും എംപിയുമായ ഹേമ മാലിനിക്കുനേരെ വോട്ടറുടെ രോഷപ്രകടനം. വോട്ട് ചെയ്ത ശേഷം അവർ മാധ്യമങ്ങളോട് സംസാരിക്കവേയാണിത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

To advertise here,

പോളിങ് ബൂത്തിലെത്തിയ ഹേമ മാലിനിക്ക് പ്രത്യേക പരിഗണന ലഭിച്ചുവെന്ന് ആരോപിച്ചാണ് ഒരു മുതിർന്ന പൗരൻ രോഷപ്രകടനം നടത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുചെയ്തു. 'ഞങ്ങൾ കഴിഞ്ഞ 60 വർഷമായി ഇവിടെയുണ്ട്, ആദ്യമായാണ് ഇത്രയും തിരക്ക്. ഞാൻ രാവിലെ 7.45 മുതൽ ഇവിടെ നിൽക്കുകയാണ്. 9.30-നാണ് വോട്ട് ചെയ്തത്. ഇതിനൊന്നും ആരും ഉത്തരവാദികളല്ല'- അദ്ദേഹം പറഞ്ഞു. ഇതോടെ അദ്ദേഹത്തോട് സംസാരിക്കാൻ ഹേമ മാലിനി തന്റെ ടീമിലെ ഒരാളോട് നിർദേശിച്ചു. തുടർന്നാണ് അവർ മാധ്യമങ്ങളോട് സംസാരിച്ചത്.

എല്ലാവരും വോട്ടുചെയ്യണമെന്ന് മാധ്യമങ്ങളോട് സാരിക്കവേ അവർ ആഹ്വാനംചെയ്തു. 'എല്ലാവരും വോട്ട് ചെയ്യാൻ വരണം. ഞാൻ രാവിലെ തന്നെ വോട്ട് ചെയ്യാൻ വന്നത് പോലെ. എനിക്ക് മറ്റു പല ജോലികളുമുണ്ട്, അതും ചെയ്യണം. എന്നാൽ മുംബൈയിലെ ഓരോ പൗരനും വോട്ടുചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.' - ഹേമ മാലിനി പറഞ്ഞു.

ഹേമ മാലിനിയെ കൂടാതെ അക്ഷയ് കുമാർ, ട്വിങ്കിൾ ഖന്ന, സാന്യ മൽഹോത്ര, ജോൺ എബ്രഹാം, തമന്ന ഭാട്ടിയ, സോയ അക്തർ, ദിവ്യ ദത്ത, നാനാ പടേക്കർ, വിശാൽ ദദ്ലാനി തുടങ്ങിയ ബോളിവുഡ് താരങ്ങളും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്തി. രാവിലെ 7.30 നാണ് പോളിങ് ആരംഭിച്ചത്. ജനുവരി 16-നാണ് വോട്ടെണ്ണൽ.