വടകര: പ്രശസ്ത പാരമ്പര്യ ചികിത്സകൻ വടകര കെ. ഗോപാലൻ വൈദ്യരുടെ ജീവിതവും ചികിത്സാ രീതികളും ആസ്പദമാക്കി നിർമിച്ച 'ഗോപാലൻ വൈദ്യർ, ആയുർവേദ പാരമ്പര്യത്തിന്റെ തിലകക്കുറി' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം വടകര ടൗൺഹാളിൽ നടന്നു. മഹാത്മാ ദേശസേവാ ട്രസ്റ്റ് നിർമിച്ച ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം തോടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു.

To advertise here,

വൈൽഡ് ലൈഫ് ഫോട്ടോ ജേർണലിസ്റ്റ് ബിജു കാരക്കോണം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് ദീപ നായരാണ് വിവരണം നൽകിയിരിക്കുന്നത്. ചടങ്ങിൽ സംവിധായകൻ ബിജു കാരക്കോണത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. റസാഖ് കല്ലേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി. ശ്രീനിവാസൻ, കെ.കെ. ദിലീപ്‌കുമാർ, ഇസ്മായിൽ കടത്താനാട്, ഷാജി എയത്ത് എന്നിവർ സംസാരിച്ചു.

പാരമ്പര്യ അറിവുകളെ ശാസ്ത്രീയതയുമായി സമന്വയിപ്പിച്ച ഗോപാലൻ വൈദ്യർ, സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാന ഗുരുവായിരുന്നു. മർമ്മചികിത്സ, വിഷചികിത്സ, സൂര്യയോഗ എന്നിവയിൽ അഗാധ പാണ്ഡിത്യം. അദ്ദേഹം വികസിപ്പിച്ചെടുത്ത ഞണ്ടു തൈലം (ഡിസ്ക് പ്രശ്നങ്ങൾക്കായി), ചിരട്ട തൈലം (ചർമ്മരോഗങ്ങൾക്കായി) എന്നിവ ഏറെ പ്രശസ്തമാണ്.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'പാരമ്പര്യവൈദ്യം' ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളിലൂടെ അറിവുകൾ പകർന്നുനൽകി. ലാഭേച്ഛയില്ലാതെ പാവപ്പെട്ടവർക്ക് ചികിത്സ നൽകുന്നതിലും പുതിയ തലമുറയ്ക്ക് ആയുർവേദ വിജ്ഞാനം പകർന്നു നൽകുന്നതിലും അദ്ദേഹം കാണിച്ച മാതൃകാപരമായ പ്രവർത്തനങ്ങൾ ഡോക്യുമെന്ററിയിൽ അടയാളപ്പെടുത്തുന്നു.