ന്യൂഡൽഹി: ചലച്ചിത്ര നിരൂപകയും ഫെസ്റ്റിവൽ ക്യുറേറ്ററും ചിത്രകാരിയുമായ അരുണാ വാസുദേവ് (88) അന്തരിച്ചു. ഏഷ്യൻ സിനിമയുടെ അമ്മ എന്നാണ് അറിയപ്പെട്ടിരുന്നത്. മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർ വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്.
ഒട്ടേറെ ഹ്രസ്വ ഡോക്യുമെന്ററികൾ നിർമിച്ചിട്ടുണ്ട്. സിനിമയിലും സെൻസർഷിപ്പിലും പാരീസിലെ സോർബോണിൽനിന്ന് ഡോക്ടറേറ്റ് നേടി. ഫിപ്രസി ഇന്ത്യ ഏർപ്പെടുത്തിയ ആദ്യത്തെ സത്യജിത് റായ് പുരസ്കാരം അരുണയ്ക്കായിരുന്നു. ചലച്ചിത്ര, സാംസ്കാരിക രംഗങ്ങളിലെ ഇവരുടെ സംഭാവനകൾ മാനിച്ച് ഫ്രാൻസിലെ പരമോന്നത സാംസ്കാരിക ബഹുമതിയായ ഓഫീസർ ദെ ആർട്സ് എ ദെ ലെറ്റേഴ്സ് ബഹുമതിനൽകി ആദരിച്ചു. 1988-ൽ ഏഷ്യൻ സിനിമാ സംബന്ധിയായ ‘സിനിമായ’ എന്ന ത്രൈമാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു.
സ്വതന്ത്ര ഡോക്യുമെന്ററികളെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി രൂപവത്കരിച്ച പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിൽ ട്രസ്റ്റിയായിരുന്നു. ലതിക പട്ഗാവോങ്കർ, രശ്മി ദൊരൈസ്വാമി എന്നിവരുമായി ചേർന്ന് അരുണാ വാസുദേവ് രചിച്ച ‘ബിയിങ് ആൻഡ് ബികമിങ്, ദി സിനിമാസ് ഓഫ് ഏഷ്യ’ എന്ന പുസ്തകം ഏഷ്യൻസിനിമയെ സംബന്ധിച്ച നാഴികക്കല്ലായാണ് കണക്കാക്കുന്നത്.
ഡൽഹി സ്വദേശിയാണ്. അന്തരിച്ച മുൻനയതന്ത്രജ്ഞൻ സുനിൽ റോയ് ചൗധരിയാണ് ഭർത്താവ്. ഗ്രാഫിക് ഡിസൈനർ യാമിനി റോയ് ചൗധരി മകളാണ്. ബി.ജെ.പി. മുൻ എം.പി. വരുൺഗാന്ധിയാണ് മരുമകൻ. സംസ്കാരം ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ നടന്നു.
Content Highlights: Aruna vasudev film critic passed away, Mother of Asian Cinema
Published: 06 Sept 2024, 07:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented