കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ)യിൽ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്ട്രേഷൻ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. https://registration.iffk.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം.

To advertise here,

പൊതു വിഭാഗത്തിന് ജി.എസ്.ടി. ഉൾപ്പെടെ 590 രൂപയും വിദ്യാർഥികൾക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രാവിലെ 10 മണി മുതൽ കൈരളി തിയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെൽ മുഖേന ഓഫ്‌ലൈനായും രജിസ്ട്രേഷൻ നടത്താവുന്നതാണ്. മാധ്യമപ്രവർത്തകർക്ക് അവരുടെ തിരിച്ചറിയൽ കാർഡ് മുഖേനയായിരിക്കും മേളയിൽ പ്രവേശനം അനുവദിക്കുക.

ഇത്തവണ വിദ്യാർഥി വിഭാഗത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകും. വിദ്യാർഥികൾക്ക് നേരത്തെ 250 ഡെലിഗേറ്റ് പാസുകൾ ആയിരുന്നു അനുവദിച്ചിരുന്നത്. ഈ വർഷം മുതൽ 500 ആയി ഉയർത്തും. മേളയിൽ വിദ്യാർഥികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഡോക്യുമെന്ററി-ഹ്രസ്വചിത്ര വിഭാഗങ്ങളിലായി 300 ലേറെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സര-മത്സരേതര വിഭാഗങ്ങളിലെ ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിംസ്, ഇന്റർനാഷണൽ ഫിലിംസ്, റെട്രോസ്പെക്റ്റീവ്, ജൂറി ഫിലിംസ് തുടങ്ങി മുപ്പതോളം വിഭാഗങ്ങളിലായാണ് പ്രദർശനങ്ങൾ ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് അന്തരിച്ച ചലച്ചിത്രപ്രവർത്തകർക്ക് ആദരാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയിൽ ഉണ്ടായിരിക്കും. മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകൾക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടർ, ഫേസ് റ്റു ഫേസ്, ഇൻ കോൺവെർസേഷൻ, മാസ്റ്റർക്ലാസ്, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.