
കൊച്ചി: കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന 'കൊടുങ്ങല്ലൂർ ഭരണി കാഴ്ച' ഡോക്യുമെന്ററി ചിത്രീകരണം പൂർത്തിയായി. ഫ്രെയിം ടു ഫ്രെയിം ഫിലിമിന്റെ ബാനറിൽ മധുസൂദനൻ മാവേലിക്കരയും ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയും സംയുക്തമായി നിർമിക്കുന്ന 'കൊടുങ്ങല്ലൂർ ഭരണി കാഴ്ച സംവിധാനം ചെയ്തിരിക്കുന്നത് എഴുത്തുകാരനും മലയാള ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ പ്രൊഡക്ഷൻ കൺട്രോളറുമായ ഷാജി പട്ടിക്കരയാണ്.
പ്രമുഖ നടൻ ഇന്ദ്രൻസാണ് ഡോക്യുമെന്ററിയുടെ നരേഷൻ നടത്തിയിരിക്കുന്നത്. മാധ്യമ പ്രവർത്തകനും സിനിമാ പിആർഒയുമായ പി.ആർ. സുമേരനാണ് ഡോക്യുമെന്ററിയുടെ രചന നിർവഹിച്ചിരിക്കുന്നത്. കേരളത്തിലെ ശാക്തേയ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രബലമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിലെ പ്രധാന ആചാരമായ കൊടുങ്ങല്ലൂർ ഭരണി, അശ്വതി കാവുതീണ്ടൽ തുടങ്ങി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ ചിത്രീകരിക്കുന്നതാണ് ഈ ഡോക്യുമെന്ററി.
ചരിത്ര വസ്തുതകളുടെയും ചരിത്ര ഗ്രന്ഥങ്ങളുടെയും പിൻബലവും കൊടുങ്ങല്ലൂർ കോവിലകത്തെ പ്രമുഖ ചരിത്ര പണ്ഡിതരുടെയും നിരീക്ഷണങ്ങളും ആഖ്യാനങ്ങളും ചരിത്ര പഠനങ്ങളും ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം തയ്യാറാക്കിയിട്ടുള്ളത്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിന്റെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് ഡോക്യുമെന്ററിയെങ്കിലും കൊടുങ്ങല്ലൂരിന്റെ ചരിത്രവും സംസ്‌ക്കാരവും അർഹിക്കുന്ന പ്രാധാന്യത്തോടെ ഡോക്യുമെന്ററിയിൽ ഒരുക്കിയിട്ടുണ്ടെന്ന് സംവിധായകൻ ഷാജി പട്ടിക്കര അഭിപ്രായപ്പെട്ടു.
ഒരു ക്ഷേത്ര വിശേഷങ്ങൾക്കപ്പുറം മിത്തും യാഥാർഥ്യവും തമ്മിലുള്ള വൈരുധ്യങ്ങളും പൊരുത്തങ്ങളും ആത്മീയതയുടെയും വിശ്വാസത്തിന്റേയും പിൻബലത്തിൽ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് രചന നിർവഹിച്ച പി.ആർ. സുമേരൻ പറഞ്ഞു. ഫഹദ് അബ്ദുള്ളയാണ് ക്യാമറ. അയൂബ് ഖാൻ എഡിറ്റിങ്ങും അരുൺ വർമ സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു.
സൗണ്ട് മിക്‌സിങ്: ഹരിനാരായണൻ, നരേഷൻ: ഇന്ദ്രൻസ്, പ്രൊഡക്റ്റ് ഡിസൈനർ: അജയ് ജോസഫ്, സബ് ടൈറ്റിൽസ്: നിസാം അസാഫ്, സ്റ്റിൽസ്: എ.കെ. ബിജുരാജ്, പോസ്റ്റർ ഡിസൈൻ: മനോജ് ഡിസൈൻ.
Content Highlights: Comprehensive documentation of Kodungallur Sree Kurumba Temple rituals. Narrated by renowned actor Indrans, featuring historical insights. Explores the intersection of myth, reality, and spiritual belief systems. Directed by Shaji Pattikkara and written by P.R. Sumeran. Includes expert observations from Kodungallur Kovilakam historians.
Published: 26 May 2026, 03:48 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented