ബോക്സ് ഓഫീസില്‍ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു വിജയ്, തൃഷ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗില്ലി.  ചിത്രത്തിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി റി റീലിസിനെത്തിയപ്പോഴും ആവേശം അടങ്ങുന്നില്ല. തമിഴ്നാടിന് പുറമെ കേരളത്തിലും ചിത്രം റീറിലീസ് ചെയ്തു. 

To advertise here,

ചിത്രം വീണ്ടും ആരാധകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ധരണി. ഗില്ലി റീ റിലീസ് എന്ന് കേട്ടപ്പോള്‍ അത് ഒരു ദിവസത്തെ ആഘോഷം എന്നാണ് കരുതിയതെന്നും. ഇത്രയും വലിയ വിജയം ആകുമെന്ന് കരുതിയില്ലെന്ന് ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. 

ദൂള്‍ എന്ന ചിത്രം ചെയ്തതിന് ശേഷമാണ് താന്‍ മഹേഷ് ബാബു അഭിനയിച്ച ഒക്കഡു (തെലുഗു) എന്ന പടം കാണുന്നത്. ആ സമയത്ത് മനസില്‍ ഒരു കബഡി താരത്തിന്റെ ചിത്രവും, പണയകഥയും, ഒരു റോഡ് മൂവിയും ആലോചിച്ചു വരുകയായിരുന്നു. എന്നാല്‍ ഈ മൂന്ന് ഘടകങ്ങളും ഈ സിനിമയില്‍ ചേര്‍ന്നിരുന്നു.

ഒക്കഡുവിനെ വേറെ രീതിയില്‍ നന്നായി ചെയ്യാം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനെ തുടര്‍ന്ന് നിര്‍മാതാവ് എഎം രത്‌നത്തെ സമീപിച്ച് ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങി. ഒക്കഡുവില്‍ മഹേഷ് ബാബുവിന് ഒരു ഗുഡ് ബോയി ഇമേജ് ആയിരുന്നു. എന്നാല്‍ തമിഴില്‍ എത്തിയപ്പോള്‍ അച്ഛന് ഇഷ്ടമല്ലാത്ത കബഡി കളിക്കാന്‍ പോകുന്ന പയ്യനായി പ്രധാനകഥാപാത്രത്തെ മാറ്റി. അത് കുറേ ഇമോഷനും, കോമഡിയും ചിത്രത്തിന് നല്‍കി. ഗില്ലി വരുന്ന കാലത്ത് വിജയിക്ക് ഒരു പയ്യന്‍ ഇമേജായിരുന്നു, എന്നാല്‍ അതിന് ശേഷം  ഒരു ബ്രാന്റായി. ചിത്രത്തിന്റെ വിജയം സൂചിപ്പിക്കുന്നത് അതാണ്. 

ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോള്‍ ഇത്രയും സ്വീകാര്യതയുണ്ടെങ്കില്‍ ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗത്തിന് തീര്‍ച്ചയായും ഒരു സാധ്യതയുണ്ടെന്നും ധരണി പറയുന്നു. എന്നാല്‍ അതിനുള്ള സാഹചര്യം ഒരുങ്ങണമെന്നും ധരണി കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഗില്ലി 2 വിനുള്ള സാധ്യത നിര്‍മ്മാതാവ് എഎം രത്‌നവും തള്ളിക്കളയുന്നില്ല. ഗില്ലിയിലെ നായകനെ നായകനായിട്ടല്ല, ഒരു സാധാരണ പയ്യന്‍ എന്ന നിലയിലാണ് കൈകാര്യം ചെയ്യുന്നത്. അതു തന്നെയായിരുന്നു സിനിമയുടെ വിജയം. ചിത്രത്തിന്റെ റീ-റിലീസ് പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ അതിയായ സന്തോഷമുണ്ട്. പാര്‍ട്ട് 2 സിനിമകള്‍ക്ക് ഇപ്പോള്‍ പൊതുവെ ട്രെന്റാണ്. ബാഹുബലി 2, ഗദ്ദര്‍ 2 എന്നിവ ഹിറ്റായിരുന്നു. ഞങ്ങള്‍ നിലവില്‍ മുന്‍പ് നിര്‍മിച്ച  7എ റെയിന്‍ബോ കോളനി 2 പ്ലാന്‍ ചെയ്യുകയാണെന്നും നിര്‍മാതാവ് പറഞ്ഞു.

രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച വിജയ് സിനിമാ ജീവിതത്തിന് വിരാമമിടുമെന്ന് പറഞ്ഞിരുന്നു. കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയം നിര്‍ത്തുമെന്നും മുഴുവന്‍ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നും വിജയ് പറഞ്ഞു.  വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന  'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (ദ ഗോട്ട്) ആണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. എച്ച് വിനോദ് സംവിധാനം ചെയ്യുന്നതാണ് അടുത്ത ചിത്രം. അതോടെ വിജയ് അഭിനയം അവസാനിപ്പിക്കുമെന്നതിനാല്‍ ഗില്ലി രണ്ടാംഭാഗം വരികയാണെങ്കില്‍ ആരായിരിക്കും നായകന്‍ എന്ന ചോദ്യമാണിപ്പോള്‍ ആരാധകര്‍ ഉന്നയിക്കുന്നത്. 

അതേ സമയം ഗില്ലി ഇന്ത്യയില്‍ മാത്രമല്ല യുകെ, ഫ്രാന്‍സ്, അയര്‍ലണ്ട് എന്നിവിടങ്ങളിലും റിലീസിനെത്തിയിട്ടുണ്ട്. സിനിമയുടെ ആഗോള ബോക്സ് ഓഫീസ് വരുമാനം ഇപ്പോള്‍ 20 കോടി പിന്നിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രം 14 കോടിയോളം നേടി. ഇന്ത്യയില്‍ ഇതുവരെ റിറിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും വരുമാനം നേടിയവയുടെ പട്ടികയില്‍ ഗില്ലി സ്ഥാനം നേടി. ടൈറ്റാനിക് (ത്രിഡി), ഷോലൈ (ത്രിഡി), അവതാര്‍ എന്നിവയാണ് ഇതിന് മുന്‍പ് ഇത്ര തരംഗം സൃഷ്ടിച്ചത്. കബഡി താരം വേലുവായി വിജയ് എത്തിയ ചിത്രത്തില്‍ തൃഷയാണ് നായിക കഥാപാത്രമായ ധനലക്ഷ്മിയെ അവതരിപ്പിച്ചത്. മുത്തുപാണ്ഡിയെന്ന വില്ലനായാണ് പ്രകാശ് രാജ് ചിത്രത്തിലെത്തിയത്. ആശിഷ് വിദ്യാര്‍ഥി, നാഗേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 50 കോടിയാണ് 2004 ല്‍ ഗില്ലി വരുമാനം നേടിയത്.