ഹേഷ് ബാബുവും ഭൂമിക ചൗളയും പ്രധാനവേഷത്തിലെത്തിയ തെലുങ്ക് ചിത്രം 'ഒക്കഡു' 2003-ലാണ് പുറത്തിറങ്ങുന്നത്. ഗുണശേഖർ സംവിധാനംചെയ്ത ‘ഒക്കഡു’വിൽ ഒരു തമിഴ് ചിത്രത്തിന് സാധ്യത കണ്ടു, സംവിധായകൻ ധരണി. നായികാനായകന്മാരായി ധരണിയുടെ മനസിലുണ്ടായിരുന്നത് വിക്രമും ജ്യോതികയും. മറ്റ് തിരക്കുകൾ കാരണം ഇരുവരും ചിത്രം വേണ്ടെന്നുവെച്ചു. ചിത്രം വൈകി. അജിത്തിനേയും ലഭിക്കാതായതോടെ 'തിരുമലൈ' എന്ന ചിത്രത്തിലൂടെ സൂപ്പർ താരപദവിയിലേക്ക് ഉയരുകയായിരുന്ന വിജയ്‌യെ നായകനാക്കാൻ ധരണി തീരുമാനിച്ചു. നായികയായി തൃഷയുമെത്തി. അങ്ങനെയാണ് 2004-ൽ വിജയ്‌യും തൃഷയും ആദ്യമായി ഒന്നിക്കുന്നത്, 'ഗില്ലി' എന്ന ചിത്രത്തിലൂടെ.

To advertise here,

എസ്. ഗോപിനാഥ് ആയിരുന്നു ഛായാഗ്രഹണം. ബി. ലെനിനും വി.ടി. വിജയനും ചിത്രസംയോജനം നർവഹിച്ച ചിത്രത്തിന് സംഗീതം നൽകിയത് മലയാളികൾക്കു പ്രിയപ്പെട്ട വിദ്യാസാഗർ. ഗൗതം വാസുദേവമേനോൻ, സെൽവരാഘവൻ തുടങ്ങിയ സംവിധായകർക്കു കീഴിൽ തമിഴ് സിനിമ പുതിയ പാതയിൽ സഞ്ചരിക്കുമ്പോഴാണ് വിജയ് മാസ്- ആക്ഷൻ ഗണത്തിലുള്ള 'ഗില്ലി'ക്കായി ധരണിയ്ക്ക് കൈകൊടുക്കുന്നത്. സൂര്യയും വിക്രവും വാണിജ്യസിനിമകളിൽ പിടിമുറുക്കുന്ന കാലമായിരുന്നു അത്. 

വേലു അഥവാ ശരവണവേലു എന്ന കബഡിതാരത്തെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിച്ചത്. ധനലക്ഷ്മി എന്ന കഥാപാത്രമായി തൃഷയുമെത്തി. പ്രകാശ് രാജിന്റെ മുത്തുപാണ്ഡി എന്ന വേഷം തെന്നിന്ത്യൻ ചിത്രങ്ങളിലെ തന്നെ ഇപ്പോഴും ചർച്ചയാവുന്ന വില്ലൻ കഥാപാത്രമാണ്.

തെലുങ്കിലും വില്ലൻ കഥാപാത്രത്തെ പ്രകാശ് രാജ് തന്നെയാണ് അവതരിപ്പിച്ചത്. മുത്തുപാണ്ഡിയുടെ 'ഹായ് ചെല്ലം' വിളി ജെൻസിയും ആഘോഷിക്കുന്നുണ്ട്. തമിഴ് സിനിമാ ലോകത്ത് തൃഷയുടെ സ്ഥാനമുറപ്പിച്ച ചിത്രം കൂടിയായിരുന്നു 'ഗില്ലി'. ചിത്രത്തിലെ 'അപ്പടി പോട്' എന്ന ഗാനം അന്നും ഇന്നും സംഗീതപരിപാടികളിലെ പ്രധാന ഡാൻസ് നമ്പറാണ്. ചിത്രത്തിലെ ‘അർജനരുവില്ല്’ എന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രം ‘ഭ.ഭ.ബ്ബ’യിലും ഉപയോഗിച്ചിരുന്നു.

2004-ലെ ഏറ്റവും കൂടുതൽ പണം വാരിയ തമിഴ് ചിത്രമായിരുന്നു 'ഗില്ലി'. തമിഴിൽ 50 കോടി ആഭ്യന്തര കളക്ഷൻ നേടിയ ആദ്യചിത്രവും. 200 ദിവസത്തോളം ചിത്രം തിയേറ്ററുകളിൽ ഓടി.

'ഗില്ലി' വൻ വിജയമായതോടെ വിജയ്- തൃഷ ജോഡി തമിഴിൽ ആവർത്തിക്കപ്പെട്ടു. 2005-ൽ 'തിരുപ്പാച്ചി', 2006-ൽ 'ആദി', '2008-ൽ 'കുരുവി' എന്നീ ചിത്രങ്ങളിലും ഇവർ വീണ്ടും ഒന്നിച്ചു. പക്ഷേ, പിന്നീട് 15 വർഷത്തോളം കാത്തിരിക്കേണ്ടി വന്നൂ, ഈ ജോഡിയെ നായികാനായകന്മാരായി ബിഗ് സ്‌ക്രീനിൽ കാണാൻ. ലോകേഷ് കനകരാജിന്റെ എൽസിയു ചിത്രം 'ലിയോ'യിലാണ് ഇരുവരും പിന്നീട് ഒന്നിച്ചത്.

2024-ൽ റീ- റിലീസ് ചെയ്ത 'ഗില്ലി' 32 കോടി തിയേറ്ററിൽനിന്ന് നേടി. റീ- റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും 'ഗില്ലി'യുടെ പേരിലായിരുന്നു. ഈ വർഷം ഫെബ്രുവരിയിലും ചിത്രം റീ- റിലീസായി തിയേറ്ററിൽ എത്തിയിരുന്നു.