ചിത്രകലാ വിദ്യാർഥിയായിരുന്ന കാലത്ത് എനിക്കുണ്ടായിരുന്ന ഗുരുക്കന്മാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പലരും. എൻ്റെ ശിഷ്യന്മാരും അങ്ങനെത്തന്നെ. ഈ വിദ്യാഭ്യാസത്തിൽ ആര് ഗുരു ആര് ശിഷ്യൻ എന്ന് പറയാനുമാവില്ല. ഗുരുശിഷ്യപ്രവാഹം എന്നേ തോന്നുന്നുള്ളൂ.  ഞാൻ പറഞ്ഞുവന്ന ഒരു ഗുരു രവി മാഷാണ്. അദ്ദേഹവും കേട്ടാൽ ഗുരുസ്ഥാനം നിഷേധിക്കും; എനിക്കറിയാം.

To advertise here,

കോഴിക്കോട് വെസ്റ്റ്ഹില്ലിലാണ് വി.കെ. രവി എന്ന രവി മാസ്റ്ററുടെ ജീവിതം ആരംഭിക്കുന്നത്. ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന വിശ്വാസമല്ലാതെ മറ്റൊന്നും തെളിവായിട്ടില്ല.

യൂണിവേഴ്‌സൽ ആർട്‌സിൽ വല്ലപ്പോഴുമൊക്കെ അദ്ദേഹമെത്തിയിരുന്നതുതന്നെ ഗുജറാത്തിൽനിന്നോ ബിഹാറിൽ നിന്നോ ബംഗാളിൽനിന്നോ ആയിരുന്നു. ചുരുക്കത്തിൽ- ഉത്തരേന്ത്യയിൽ നിന്ന് രവിമാസ്റ്ററെത്തിയാൽ ആൻ്റണി മാസ്റ്റർ താൻ പടുത്തുയർത്തിയ സ്ഥാപനത്തിൻ്റെ താക്കോൽ അതെ, യൂണിവേഴ്‌സൽ ആർട്‌സിന്റെ തന്നെ, താക്കോൽ അദ്ദേഹത്തെ ഏല്പിക്കുകയായി. പിന്നെയേതാണ്ടൊരു ആറുമാസമെങ്കിലും രവിമാസ്റ്ററുടെ ഭരണം. അതിന്റെ പ്രത്യേകത 'ഭരണഘടന'യൊന്നുമില്ല എന്നതായിരുന്നു. തികഞ്ഞ സുതാര്യത മാത്രം. ആരെയും ശിഷ്യനാക്കുംവിധം അദ്ദേഹം കലാവ്യാപാരങ്ങളിൽ മുഴുകിയിരുന്നു. അത് ബോർഡ്, ബാനർ, പോർട്രെയിറ്റ്, സ്ലൈഡ് എന്നിവ തുടങ്ങി എന്തൊക്കെയും ആകാമായിരുന്നു; വളരെ വ്യത്യസ്തവ്യം. ചെറുപ്പം എന്നെക്കാൾ മൂത്തിരുന്നു. എന്നാൽ, വലുപ്പം എന്നെക്കാൾ ചെറുപ്പമാണെന്ന മട്ടിലായിരുന്നു. പറഞ്ഞല്ലോ, കലാകാരന്മാരുടെ കാര്യവിവരമില്ലായ്മ.

പെട്ടെന്നൊരുദിവസം രവിമാഷ് പറയും

"പോൾ, ഞാനിന്ന് വൈകുന്നേരത്തെ വണ്ടിക്കുപോകുന്നു". അതങ്ങനെ-ഇതിങ്ങനെ എന്ന മട്ടിൽ. സംഗതി മറുനാട്ടിലേക്കുതന്നെ. ഒരുദിവസം മുമ്പു പറഞ്ഞു കൂടായിരുന്നു എന്നൊക്കെ ദേഷ്യം വരും സ്നേഹം വരും. ഒരു കാര്യവുമില്ല. കാമുവിൻ്റെ ഔട്ട് സൈഡറായിരുന്നു എനിക്കും അന്നു ബൈബിൾ. നിരാശയുണ്ടായില്ല. നിസ്സംഗതയുടെ ആൾരൂപമാണെപ്പോഴും. 

അദ്ദേഹം പോയാൽ ആഴ്ചയിലൊരിക്കൽ ഒരു പോസ്റ്റുകാർഡുവരും അദ്ദേഹത്തിന്. അത് സിനിമ കാണാൻ ക്ഷണിച്ചുകൊണ്ടുള്ള കത്താണ്. ക്ഷണിക്കപ്പെട്ടവർക്കു മാത്രം. രവിമാസ്റ്ററുടെ കാർഡുമായി അളകാപുരിയുടെ മുകൾക്കൂരയിലെ ഓലഷെഡ്ഡിലെത്തും. മറ്റൊരാളുടെ കാർഡുമായി ചെല്ലുന്നതിൻ്റെ ചമ്മൽ എങ്ങനെയെങ്കിലും മറച്ചു വെയ്ക്കും. പക്ഷേ, അവിടെക്കാണുന്ന സിനിമാപ്രേക്ഷകർ ആരൊക്കെയാണ്? ജി. അരവിന്ദൻ, പട്ടത്തുവിള കരുണാകരൻ, ചിലപ്പോൾ തിക്കോടിയൻ, നമ്പൂതിരി, ഭക്തവത്സലം എന്ന പിന്നീട് കൊലചെയ്യപ്പെട്ടിട്ടും പ്രതിയെ കണ്ടെത്താനാവാത്ത ധനികവ്യാപാരി, ഡോ. ജി.കെ. വാര്യർ, ആർട്ടിസ്റ്റ് വിജയരാഘവൻ (കസ്റ്റംസ്) തുടങ്ങി പുതുക്കുടി ബാലേട്ടൻവരെ.

നമുക്ക് സ്വപ്നം കാണാനാവാത്ത വിലയുള്ള ലോക സിനിമകൾ കാണുന്നത് കേവലം പത്തുപന്ത്രണ്ടുപേർ മാത്രം. പരിചയമുള്ള മുഖമോ? ചെലവൂർ വേണുവിൻ്റേതുമാത്രം. വേണുവേട്ടൻ പിന്നീട് ആ ഫിലിം സൊസൈറ്റിയുടെ സെക്രട്ടറി ആയതോടെ അതിന് ഒരു ജനകീയ മുഖം വന്നു. സിനിമയുടെ മുഖ്യധാരാ ആസ്വാദകരല്ലാത്തവരും ഗൗരവമതികളുമായ ഒരു ആസ്വാദകവൃനത്തെ സൃഷ്ടിച്ചു. അത് വേണുവേട്ടൻ പ്രഭൃതികളുടെ ഒരു വിപ്ലവം തന്നെയായിരുന്നു. ചെലവൂർ വേണുവിൻെറ വിപ്ലവകാലം ഇന്നും അവസാനിച്ചിട്ടില്ല. എങ്കിലും ചരിത്രം ഒന്ന് ഓർമിക്കുകയാണ്.

'സൈക്കോ' എന്ന മലയാളത്തിലെ ആദ്യത്തെ മനശ്ശാസ്ത്രമാസിക അദ്ദേഹം പുറത്തിറക്കുമ്പോൾ ഇന്ത്യയിലെതന്നെ ആദ്യസംരംഭമായിരുന്നു. 'സൈക്കോളജി-ടുഡേ പോലെ ചില വിദേശ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുണ്ടായിരുന്നുവെങ്കിലും അതുപോലെ സ്ത്രീകൾക്കുവേണ്ടി വനിതയോ, ഗൃഹലക്ഷ്മിയോ ഒന്നും ഉണ്ടാവാത്ത കാലത്താണ് 'രൂപകല' നടത്തിയിരുന്നത്. സ്പോർട്സിനുവേണ്ടി 'സ്റ്റേഡിയ'വും യുവസാഹിത്യത്തിനുവേണ്ടി 'യുവഭാവന'യും അതിനുമുമ്പേ ആരംഭിച്ചിരിന്നു. രാഷ്ട്രീയത്തിൻ്റെ വ്യതിരിക്തമാർഗം കാണാൻ'സേർച്ച്‌ലൈറ്റും' നടത്തി.

ലോകവ്യവഹാരങ്ങളിൽ ഒന്നിനോടും അസ്‌പൃശ്യത പുലർത്താത്ത പത്രാധിപരായിരുന്നു ചെലവൂർ വേണു. ഇന്ന് സാധ്യതാ പരീക്ഷണമാകാമെങ്കിലും 'മോട്ടോർ വേൾഡ്' അതിലൊന്നാണ്. വാഹനസംബന്ധിയായ ഒരു പ്രസിദ്ധീകരണം. രക്ഷിതാക്കൾക്കുവേണ്ടി ഒരുപാട് ലേഖനങ്ങൾ നമ്മുടെ പത്രങ്ങളിലുണ്ടെങ്കിലും സമകാലീന സ്വഭാവമുള്ള ഒരു പ്രസിദ്ധീകരണം അദ്ദേഹത്തിൻ്റെ സങ്കല്പത്തിലുണ്ട്. അശ്വനി ഫിലിം സൊസൈറ്റിയുടെ സാരഥ്യം ഏറ്റെടുത്തതോടെ വേണുവേട്ടൻ സമാന്തര സിനിമാ പ്രസ്ഥാനസംസ്കാരത്തിൻെറ ആഗോള വ്യാപനം നടത്തുകതന്നെയുണ്ടായി. ഹംഗേറിയൻ സിനിമകളുടെയും ഇറ്റാലിയൻ തുടങ്ങിയ യൂറോപ്യൻ സിനിമകളുടെ കാഴ്ചയുടെ സാധ്യത അദ്ദേഹം തുറന്നിട്ടു. അക്കാലത്ത് ബർഗ്മാനും കുറസോവയും സോൾട്ടാൻ ഫാബ്രിയും ആന്ദ്രേവൈദയും മുതൽ തർക്കോവ്സ്സി വരെ കോഴിക്കോട്ടുകാർക്ക് പരിചിതരായി. സത്യജിത്ത് റേയും ഋതിക് ഘട്ടക്കും അടക്കമുള്ളവരെ അടുത്തറിഞ്ഞു. 1980-ൽ മണി കൗളിനെപ്പോലെയുള്ളവരെ നേരിട്ടു പരിചയപ്പെടുത്തി. കൊടമന വേണുവിന്റെ സഹായത്തോടെ മണികൗളിനെ കോഴിക്കോട്ടെത്തിക്കുമ്പോൾ പത്മരാജനും കൂടെയുണ്ടായിരുന്നുവെന്നോർക്കുന്നു. ചോമനതുടിയും സംസ്കാരയും വംശവൃക്ഷയുമെല്ലാം ഞങ്ങൾ അങ്ങനെയാണു കണ്ടതും അറിഞ്ഞതും. ചിന്ത രവിയും കോയാ മുഹമ്മദുമടങ്ങുന്ന ഒരു സൗഹൃദസംഘം വേണുവേട്ടന് പിന്തുണ നൽകി. ജി. അരവിന്ദനും കെ.ജി. ജോർജും പി.എ. ബക്കറും കടമ്മനിട്ടയും പവിത്രനും എ.സി.കെ. രാജയുമെല്ലാം ആ സൗഹൃദമേളനങ്ങളിൽ മാറിമാറി പ്രത്യക്ഷപ്പെട്ടു. കൊടമന വേണു നിത്യസഹചാ രിയാണ്. സക്കറിയയും അടൂരുമെല്ലാം കോഴിക്കോട്ടെത്തിയാൽ ഈ സംഘം ചേരലിലൂടെ സജീവമായ സാന്നിധ്യമുണ്ടാക്കി, കടമ്മനിട്ടയുടെ കവിതകൾ സമാഹരിച്ച് അതിസുന്ദരമായ ഒരു പുസ്തകമാക്കിയതും അക്കാലത്തെ ശ്രദ്ധേയമായ ഒരു ശ്രമമായി ഓർക്കാതിരിക്കാനാവില്ല.

കേരള സംസ്ഥാന യുവജനോത്സവത്തിൽവരെ സമ്മാനിതനായിട്ടുള്ള ചിത്രകലാപാടവം ചെലവൂർ വേണുവിനുണ്ടായി. പിൽക്കാലത്ത് ദേശീയതലത്തിൽ ശ്രദ്ധേയനായ ചിത്രകാരനായ (ലക്ഷദ്വീപുകാരനായ) മുത്തുക്കോയയോടായിരുന്നു മത്സരം. മനശ്ശാസ്ത്രത്തിനും സ്പോർട്സിനും വനിതകൾക്കും മറ്റും വേണ്ടി പുറത്തിറക്കിയ മാസികകളുടെയും പുസ്തകങ്ങളുടെയും 'ലേ ഔട്ട് സംബന്ധമായ പക്വത ഈ ചിത്രകാരന്റേതായിരിക്കണം. മറന്നുപോയി. പ്രതിവാരപത്രമായി ഒരു 'സിറ്റി മാഗസി'നും വേണുവേട്ടൻ്റേതായുണ്ട്. അതും ഒരാദ്യസംരംഭം-വർത്തമാനം. 

(2017 ഡിസംബർ 18-ന് മാതൃഭൂമി നഗരത്തിൽ പ്രസിദ്ധീകരിച്ചത് )