ഇറാനിലെ ഭരണകൂടത്തെ എന്നും രൂക്ഷമായി വിമർശിക്കുന്ന നടിയാണ് സേക്രഡ് ഗെയിംസ് എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയയായ എൽനാസ് നൗറുസി. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിക്കുകയും രാജ്യത്തെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിക്കുകയും ചെയ്ത സംഭവത്തെ അവർ അനുകൂലിച്ച് സംസാരിച്ചിരുന്നു. തൻ്റെ എതിർപ്പ് രാജ്യത്തോടല്ല, ഭരണകൂടത്തോടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവർ. നിലവിലെ സർക്കാർ അധികാരത്തിൽ ഉള്ളിടത്തോളം കാലം തനിക്ക് ജന്മനാടായ ഇറാനിലേക്ക് തിരിച്ചുപോകാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

To advertise here,

ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് എൽനാസ് നൗറുസി തുറന്നുപറഞ്ഞത്. ഇറാൻ എന്ന രാജ്യവും അവിടത്തെ ജനങ്ങളെ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന ഇസ്ലാമിക റിപ്പബ്ലിക്കും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്ന് അവർ പറഞ്ഞു. ഇറാനിയൻ ജനതയിൽ ഭൂരിഭാഗവും ബുദ്ധിമാന്മാരും വിദ്യാസമ്പന്നരുമാണ്. അവരുടെ വിശ്വാസങ്ങൾ ഇസ്ലാമിക റിപ്പബ്ലിക്കിൻ്റെ വിശ്വാസങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.

ഒരിക്കൽ ഇറാനുമായി ഇസ്രയേലിന് നല്ല ബന്ധമുണ്ടായിരുന്നു. ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ രേഖ എഴുതിയ സൈറസ് ദി ഗ്രേറ്റ് പേർഷ്യനായിരുന്നു. അദ്ദേഹം ജൂതന്മാരെ ബാബിലോണിൽ നിന്ന് മോചിപ്പിച്ചു. ഷാ (മുഹമ്മദ് റെസ പഹ്‌ലവി)യുടെ കാലത്തും അമേരിക്കയുമായി നല്ല ബന്ധമുണ്ടായിരുന്നു. ഇസ്രയേലിനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കണമെന്ന് നിരന്തരം പറയുന്ന ഇസ്ലാമിക റിപ്പബ്ലിക് മാത്രമാണ് പ്രശ്നം. ഒരു മാസം മുൻപ്, ഈ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ധാരാളം ഇറാനിയൻകാർ കൊല്ലപ്പെട്ടെന്നും എൽനാസ് നൗറുസി ചൂണ്ടിക്കാട്ടി.

2022-ൽ 22 വയസുള്ള ഒരു ഇറാനിയൻ കുർദ് യുവതി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ പങ്കെടുത്തയാളാണ് എൽനാസ്. ഈ സംഭവത്തെക്കുറിച്ചും അവർ അഭിമുഖത്തിൽ സംസാരിച്ചു.

"ഇറാനിൽ കാലുകുത്താൻ എനിക്ക് കഴിയില്ല. അങ്ങനെ ചെയ്താൽ അവർ എന്നെ കൊല്ലുമെന്ന് ഞാൻ കരുതുന്നു. 2022-ലെ പ്രതിഷേധത്തിനിടയിലുണ്ടായ ചില സംഭവങ്ങൾ കാരണമാണ് എനിക്ക് ഇറാനിൽ പോകാൻ കഴിയാത്തത്. അന്ന് അവർ മഹ്‌സ അമിനിയെ കൊലപ്പെടുത്തി. 2022 സെപ്റ്റംബറിൽ പോലീസ് കസ്റ്റഡിയിൽ വെച്ചുള്ള അവരുടെ മരണം വ്യാപകമായ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തി. അവരുടെ മരണം അടിച്ചമർത്തലിനെതിരെയുള്ള പ്രതിരോധത്തിൻ്റെ പ്രതീകമായി മാറി. അന്ന് ഞാൻ ഖമനേയിയെയും ഭരണകൂടത്തെയും എതിർത്ത് സംസാരിച്ചപ്പോൾ എൻ്റെ കുടുംബത്തിന് എൻ്റെ സുരക്ഷയെക്കുറിച്ച് വളരെ ആശങ്കയുണ്ടായി. ഈ യുദ്ധത്തിൽ ആളുകൾ മരിക്കുകയാണെങ്കിൽ, അതിൻ്റെ കുറ്റം ഞാൻ ഖമനേയിക്ക് നൽകും. കാരണം നിങ്ങൾ ഭരണത്തിൽ വേണ്ടെന്ന് ആളുകൾ പലതവണ പറഞ്ഞതാണ്. ഇത് ഏകാധിപത്യമാണ്." അവർ കൂട്ടിച്ചേർത്തു.

2017-ൽ ഒരു പാകിസ്ഥാൻ ചിത്രത്തിലൂടെയാണ് എൽനാസ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2018-19 കാലഘട്ടത്തിലാണ് 'സേക്രഡ് ഗെയിംസ്' എന്ന പരമ്പരയുടെ രണ്ട് സീസണുകളിൽ അവർ പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം 'അഭയ്', 'മെയ്ഡ് ഇൻ ഹെവൻ', 'ഹായ് ജുനൂൻ' തുടങ്ങിയ ഷോകളിലും 'ജുഗ്‌ജുഗ്‌ ജീയോ', 'മസ്തി 4' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2023-ൽ ജെറാർഡ് ബട്ട്ലർ, അലി ഫസൽ എന്നിവരോടൊപ്പം 'കാണ്ഡഹാർ' എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറ്റം കുറിച്ചു. നിലവിൽ അക്ഷയ് കുമാറിനോടൊപ്പം 'വീൽ ഓഫ് ഫോർച്യൂൺ' എന്ന പരിപാടിയിൽ സഹ-അവതാരകയായി പ്രവർത്തിക്കുകയാണ് എൽനാസ്.