ഏതാനും മാസങ്ങൾക്കുമുൻപ് ആശാ ഭോസ്‌ലെക്കൊപ്പം ഒരു ഗാനം റെക്കോർഡ് ചെയ്യാൻ സാധിച്ചെന്ന് സുദീപ് ബാനർജി പറഞ്ഞു.

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ വിടവാങ്ങിയത് രാജ്യം മുഴുവൻ ദുഃഖത്തോടെയാണ് കേട്ടത്. ഈയവസരത്തിൽ ഏതാനും മാസങ്ങൾക്കുമുൻപ് പ്രിയ ഗായികയ്ക്കൊപ്പം ഒരിടവേളയ്ക്കുശേഷം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഗസൽ ഗായകൻ സുദീപ് ബാനർജി. ആശാ ഭോസ്‌ലെക്കൊപ്പം ഗാനം റെക്കോർഡ് ചെയ്ത ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
ഏതാനും മാസങ്ങൾക്കുമുൻപ് ആശാ ഭോസ്‌ലെക്കൊപ്പം ഒരു ഗാനം റെക്കോർഡ് ചെയ്യാൻ സാധിച്ചെന്ന് സുദീപ് ബാനർജി പറഞ്ഞു. ഇത്രയും വലിയ ഗായികയായിട്ടും സംഗീത സംവിധായകരോട് അവർ പെരുമാറിയ രീതി അദ്ഭുതകരമായിരുന്നു എന്നതാണ് അവർക്കൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ മനസിലായ കാര്യം. ഇവരെപ്പോലുള്ള ഇതിഹാസങ്ങൾ വളരെയധികം ബഹുമാനം നൽകുന്നുവെന്നും സുദീപ് പറഞ്ഞു.
"അവർ എന്നെ വീട്ടിലേക്ക് വിളിപ്പിച്ച് മണിക്കൂറുകളോളം എന്റെയൊപ്പം ഇരിക്കുമായിരുന്നു. പാട്ടിന്റെ വരികളും ഈണങ്ങളും പാട്ടിലെ സൂക്ഷ്മമായ കാര്യങ്ങളും വരെ പഠിക്കുമായിരുന്നു. ഇത് സാധാരണയായി ഇന്നത്തെ മിക്ക ഗായകർക്കും ചെയ്യാൻ സമയമില്ല. അവരൊക്കെ വാട്സാപ്പിൽ പാട്ട് അയക്കാൻ പറയുകയും അതിനുശേഷം റെക്കോർഡ് ചെയ്യാമെന്ന് പറയുകയുമാണ് ചെയ്യുന്നത്. എന്നാൽ ആശാ ജി പഴയ രീതി പിന്തുടരുന്ന ആളായിരുന്നു, ഒരു ടീമിനൊപ്പം പ്രവർത്തിക്കാൻ അവർ ആഗ്രഹിച്ചു." ബാനർജിയുടെ വാക്കുകൾ.
"പതിവുപോലെ, റെക്കോർഡിംഗിന് മുമ്പ് ഞങ്ങൾ അവരുടെ വീട്ടിൽ ഒത്തുകൂടി, അവർ ഞങ്ങൾക്ക് ഭക്ഷണം നൽകി. അവർ വളരെ നല്ല പാചകക്കാരിയായിരുന്നു, പാടുന്നതിനേക്കാൾ കൂടുതൽ പാചകം ചെയ്യാൻ അവർക്ക് സന്തോഷം തോന്നി. ഞാൻ ഒരു ബംഗാളിയാണ്, അതിനാൽ അവർ എന്നോട് ബംഗാളിയിൽ സംസാരിക്കുമായിരുന്നു. ഞങ്ങൾ സ്റ്റുഡിയോയിൽ പോയപ്പോൾ, ഈ പ്രായത്തിലുള്ള മിക്ക ആളുകൾക്കും ശരിയായി നടക്കാൻ പോലും കഴിയില്ല. എന്നാൽ, അവർ മൂന്നു മണിക്കൂറോളം യാതൊരു പിന്തുണയുമില്ലാതെ നിന്ന് പാട്ട് റെക്കോർഡ് ചെയ്തു. പാട്ടിൽ എന്തെങ്കിലും കൂടുതൽ വേണോ എന്ന് അവർ ചോദിച്ചു. അവർ വളരെ പോസിറ്റീവും പ്രൊഫഷണലുമായിരുന്നു. ഇന്നത്തെ തലമുറ അവരിൽ നിന്ന് ഇത് പഠിക്കേണ്ടതാണ്." സുദീപ് ബാനർജി പറഞ്ഞു.
"ഞാൻ ആദ്യമായി അവരോടൊപ്പം പ്രവർത്തിച്ചത് അവർക്ക് ഏകദേശം 80 വയസ്സുള്ളപ്പോഴായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ റെക്കോർഡ് ചെയ്തപ്പോൾ അവർക്ക് 92 വയസ്സായിരുന്നു. ഒരുപക്ഷേ അവർക്ക് വയ്യാതെയിരിക്കുമോ അല്ലെങ്കിൽ റെക്കോർഡിംഗിന് വരാൻ സാധിക്കില്ലായിരിക്കുമോ എന്നെനിക്ക് തോന്നി. എന്നാൽ അവർ സ്റ്റുഡിയോയിലേക്ക് വരുമെന്ന് പറഞ്ഞു," അദ്ദേഹം വെളിപ്പെടുത്തി.
പുതിയ ഗാനം അവരുടെ സാന്നിധ്യത്തിൽ റിലീസ് ചെയ്യാൻ ആഗ്രഹിച്ചിരുന്നെങ്കിലും, ഇപ്പോഴത്തെ ഈ ഗാനം പുറത്തിറക്കുന്നത് ഒരു കയ്പേറിയ അനുഭവമായിരിക്കുമെന്നും സുദീപ് കൂട്ടിച്ചേർത്തു.
Content Highlights: Ghazal singer Sudeep Banerjee shares moving memories of recording with the legendary Asha Bhosle at the age of 92, highlighting her unparalleled professionalism, her love for cooking, and her dedication to traditional musical rehearsals.
Published: 13 Apr 2026, 06:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented