ബീഡിപ്പുകയും വിയർപ്പിൽ കുതിർന്ന നാടൻ ചാരായത്തിന്റെ രൂക്ഷഗന്ധവും ഓലക്കീറുകൾക്കിടയിലൂടെ ചിതറിത്തെറിച്ച ഉച്ചവെയിലിന്റെ പൊൻതുണ്ടുകളും ചേർന്ന് സൃഷ്ടിച്ച വിചിത്രാന്തരീക്ഷത്തിലേക്ക് സ്‌ക്രീനിൽനിന്ന് ഒഴുകിയിറങ്ങിവരികയായിരുന്നു സൗകാർ ജാനകി: കൊതിപ്പിക്കുന്ന ഒരു പാട്ടിന്റെ രൂപത്തിൽ....

To advertise here,

"പാർത്ത ഞാബഹം ഇല്ലയോ, പരുവ നാടകം തൊല്ലൈയോ..."

രോഷൻ ടോക്കീസിന്റെ മുൻബെഞ്ചുകളിലൊന്നിൽ ആ വരവ് കണ്ട് അന്തം വിട്ടിരുന്ന സ്‌കൂൾ കുട്ടിയുടെ കാതിൽ മുതിർന്ന കൂട്ടുകാരൻ ഹുസൈൻ മന്ത്രിക്കുന്നു: "എടോ, മൂക്കുമുട്ടെ കണ്ടോ. നിന്റെ മലയാളം സിനിമയിൽ കാണാൻ കിട്ടുമോ ഇമ്മാതിരി കിണ്ണം കാച്ചിയ പാട്ട്....?"

കേൾക്കാൻ മാത്രമല്ല, കാണാൻ കൂടിയുള്ളതാണ് സിനിമാപ്പാട്ടെന്ന് മനസ്സിലാക്കിത്തന്ന ആദ്യാനുഭവങ്ങളിലൊന്ന്. വീർപ്പടക്കിയാണ് 'പുതിയ പറവൈ'യിലെ ആ ഗാനരംഗം കണ്ടുതീർത്തത്. കഴിഞ്ഞ ദിവസം യുട്യൂബിൽ ചെന്ന് 'പാർത്ത ഞാബഹം' വീണ്ടും കണ്ടപ്പോൾ ഒന്ന് മനസ്സിലായി: അര നൂറ്റാണ്ടിനിപ്പുറവും ഉള്ളിലെ ആവേശത്തിനും ആകാംക്ഷക്കും തരിമ്പുമില്ല കുറവ്. ചുണ്ടിൽ പുകയുന്ന സിഗരറ്റും കയ്യിൽ മധുചഷകവുമായി പാട്ടുകേട്ടിരിക്കുന്ന ശിവാജിയും സ്വപ്നം മയങ്ങുന്ന കണ്ണുകളുള്ള സൗകാർ ജാനകിയും ഹരം കൊള്ളിക്കുന്ന നൃത്തച്ചുവടുകളുമായി സ്ക്രീൻ കയ്യടക്കുന്ന സുന്ദരിമാരും പശ്ചാത്തലത്തിലെ കലിപ്സോ ഡ്രം ബീറ്റുകളും ബോസനോവ, ടാംഗോ ശൈലികളുടെ മിശ്രണവുമെല്ലാം അന്നുമിന്നും സൂപ്പർ ഡ്യൂപ്പർ.

ഇല്ല, എന്റെ മനസ്സിൽ സൗകാർ ജാനകി മരിക്കില്ല, ഈ പാട്ടുള്ളിടത്തോളം. ത്രസിപ്പിക്കുന്ന ആ ഈണത്തിന്റെ ശില്പികളായ എം.എസ്. വിശ്വനാഥൻ- ടി.കെ. രാമമൂർത്തി സഖ്യത്തിനും വരികളെഴുതിയ കവിഞ്ജർ കണ്ണദാസനും ഹൃദയം പകർന്നുപാടിയ പി. സുശീലക്കും നന്ദി. ഒപ്പം മറക്കരുതാത്ത മറ്റൊരാൾ കൂടിയുണ്ട് പാട്ടിന്റെ പിന്നണിയിൽ. ക്യാമറ കൊണ്ട് കാലത്തെ വെല്ലുന്ന വിരുത് കാട്ടിയ കെ.എസ്. പ്രസാദ്.

തേയിലത്തോട്ടം തൊഴിലാളികൾ ഏറെയും തമിഴ്നാട്ടുകാർ ആയിരുന്നതുകൊണ്ടാവും അധികവും തമിഴ് പടങ്ങളാണ് രോഷൻ ടോക്കീസിൽ വരിക. നസീറിനേക്കാൾ, സത്യനേക്കാൾ, എം.ജി.ആറിനേയും ശിവാജിയെയും മുത്തുരാമനേയും ജയശങ്കറിനെയുമൊക്കെ സ്‌ക്രീനിൽ കണ്ടാണ് ഞങ്ങൾ ചുണ്ടക്കാർക്ക് ശീലം. ഉലകം ചുറ്റും വാലിബനും ശിവന്തമണ്ണും അടിമൈപ്പെണ്ണും പുതിയ പാർവൈയും ഗൗരവവും ആയിരത്തിൽ ഒരുവനുമൊക്കെ ഇടയ്ക്കിടെ വിരുന്നുവരും അവിടെ. അപ്പോഴൊക്കെ പുതിയൊരു സിനിമ കാണുന്നത് പോലെ വീണ്ടും വീണ്ടും അവ ചെന്നുകണ്ട് കയ്യടിച്ചു മരിക്കും ഞങ്ങൾ.

നടികർ തിലകം ശിവാജി ഗണേശനോടുള്ള ആരാധന മൂത്ത് നാല് ദിവസത്തിനിടെ ആറാം തവണ 'പുതിയ പറവൈ' കാണാൻ പോയ പോക്കിലാണ് ഒരു ഞായറാഴ്ച്ച ഉച്ചക്ക് ഹുസൈൻ എന്നേയും കൂട്ടിയത്. "ഇതുവരെ കാണാത്ത ഒരു ശിവാജീനെ കാണിച്ചുതരാമെടാ" എന്ന മോഹന വാഗ്ദാനത്തോടെ.

കണ്ടു. കേട്ടു. ഹരം കൊണ്ടു. ശിവാജിയെ അത്രയും ഗംഭീരമായ സ്റ്റൈലിൽ അതിനു മുൻപും പിൻപും കണ്ടിട്ടില്ല. സൗകാർ ജാനകിക്കും (അന്നൊക്കെ ഷൗക്കാർ ജാനകി ആയിരുന്നു ഞങ്ങൾക്ക് അവർ) പുതുമയാർന്ന അനുഭവമായിരുന്നു 'പുതിയ പറവൈ'. അതുവരെ തികച്ചും ഗ്രാമ്യമായ കഥാപാത്രങ്ങളിൽ തളച്ചിടപ്പെട്ടിരുന്ന ജാനകിയെ അൽപ്പം ധിക്കാരിയും താന്തോന്നിയുമായ ചിത്രയുടെ കഥാപാത്രത്തിന് വേണ്ടി നിർദ്ദേശിച്ചത് പടത്തിന്റെ നിർമ്മാതാവ് കൂടിയായ ശിവാജി തന്നെ. ആദ്യം എതിർപ്പായിരുന്നുവത്രേ സംവിധായകന്. പക്ഷേ 'പാർത്ത ഞാബഹം' എന്ന ഗാനരംഗത്തെ ജാനകീപ്രകടനം കണ്ടതോടെ ദാദാ മിരാസി അഭിപ്രായം മാറ്റി. ഇരട്ടറോളിലാണ് പടത്തിൽ ജാനകിയുടെ വിളയാട്ടം.

"വെല്ലുവിളിയുയർത്തിയ കഥാപാത്രമായിരുന്നു പുതിയ പറവൈയിലേത്. എന്റെ വ്യക്തിത്വത്തിന്റെ അംശം കൂടി കലർന്നിരുന്നത് കൊണ്ടാവും ആ വേഷം അഭിനയിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞത്." -- വർഷങ്ങൾക്ക് ശേഷം ഒരഭിമുഖത്തിൽ ജാനകി പറഞ്ഞു.

സൗകാർ ജാനകിയുടെ വിയോഗ വാർത്തയറിഞ്ഞപ്പോൾ കാതുകളിൽ ആ പാട്ടിന്റെ ശീലുകൾ വീണ്ടും മുഴങ്ങി: കാലത്തിന് മുൻപേ പിറന്ന പാട്ട്...

"ഇന്ത ഇരവൈ കേൾ അതു സൊല്ലും

അന്ത നിലവൈ കേൾ അതു സൊല്ലും

ഉന്തൻ മനതൈ കേൾ അതു സൊല്ലും

നാം വാഴ്ന്ത വാഴ്കൈയെ സൊല്ലും.."

രാത്രിയോട് ചോദിക്കൂ, ഇല്ലെങ്കിൽ നിലാവിനോട്, അതുമല്ലെങ്കിൽ സ്വന്തം മനസ്സിനോട്.... നമ്മൾ ജീവിച്ച ജീവിതത്തെക്കുറിച്ച് പറഞ്ഞുതരും അവർ...