ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗക്കാർ ജാനകി (94) അന്തരിച്ചു. നടികർ സംഘം പ്രസിഡന്റും നടനുമായ നാസറാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. വെളളിയാഴ്ച ഉച്ചയ്ക്ക് 1.59-ഓടെയാണ് സൗക്കാർ ജാനകി അന്തരിച്ചത്. ആരാധകർക്കും സുഹൃത്തുക്കൾക്കും ചലച്ചിത്ര പ്രവർത്തകർക്കും അന്തിമോപചാരം അർപ്പിക്കുന്നതിനായി നടിയുടെ ഭൗതികശരീരം വൈകുന്നേരം 5 മണി മുതൽ തേനാംപേട്ടിലെ സെന്റാഫ് റോഡിൽ പൊതുദർശനത്തിന് വെക്കുമെന്ന് നാസർ അറിയിച്ചു.

To advertise here,

പതിറ്റാണ്ടുകൾ നീണ്ട അഭിനയജീവിതമായിരുന്നു സൗകാർ ജാനകിയുടേത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ അഭിനയിച്ച അവർ വൈവിധ്യമാർന്ന വേഷങ്ങളിലൂടെയാണ് അറിയപ്പെട്ടിരുന്നത്. 1955-ൽ പുറത്തിറങ്ങിയ 'സൗകാർ' എന്ന തെലുങ്ക് ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിന് ശേഷമാണ് അവർക്ക് 'സൗകാർ ജാനകി' എന്ന പേര് ലഭിച്ചത്. തുടർന്ന് നിരവധി പ്രശംസ നേടിയ ചിത്രങ്ങളിൽ അഭിനയിച്ച അവർ ഇന്ത്യൻ സിനിമയിലെ പ്രമുഖരായ പല താരങ്ങൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്ത് കന്നഡ സംസാരിക്കുന്ന കുടുംബത്തിലായിരുന്നു ജനനം. ശങ്കരമഞ്ചി ജാനകി എന്നാണ് യഥാർത്ഥ പേര്. വളരെ ചെറുപ്പത്തിൽ തന്നെ കുടുംബം ജാനകിയുടെ വിവാഹം നടത്തിയിരുന്നു. ആകാശവാണി മദ്രാസിൽ (ഓൾ ഇന്ത്യ റേഡിയോ) ആർജെ ആയി അവർ ജോലി ചെയ്തിരുന്നു. 1947-ൽ ശങ്കരമഞ്ചി ശ്രീനിവാസ റാവുവിനെ വിവാഹം കഴിച്ചു. ഗർഭിണിയായിരിക്കുമ്പോഴാണ് അവർ മെട്രിക്കുലേഷൻ പരീക്ഷയെഴുതിയത്. പിന്നീട് അസമിലെ ഗുവാഹാട്ടി സർവകലാശാലയിൽ നിന്ന് ബിരുദം നേടി. യജ്ഞ പ്രഭ കോടി, വെങ്കടരമണ ശങ്കരമഞ്ചി, സച്ചി റാവു എന്നിങ്ങനെ രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്.

എൽ.വി പ്രസാദ് സംവിധാനം ചെയ്ത 'സൗകാർ' എന്ന തെലുങ്ക് ചിത്രത്തിലൂടെ 1950-ൽ ജാനകി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ടി.ആർ. സുന്ദരം സംവിധാനം ചെയ്ത 1952-ലെ 'വളയപതി' എന്ന ചിത്രത്തിലൂടെയാണ് അവർ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ, മലയാളം ഭാഷകളിൽ ജാനകി അഭിനയിച്ചിട്ടുണ്ട്. 1959-ൽ കന്നഡ സിനിമയിലെ ആദ്യ പാൻ-ഇന്ത്യൻ ചിത്രമായ 'മഹിഷാസുര മർദ്ദിനി'യിൽ ഡോ. രാജ്കുമാറിനൊപ്പം അവർ അഭിനയിച്ചു. 1954-ൽ പുറത്തിറങ്ങിയ 'ദേവകന്നിക'യാണ് കന്നഡയിലെ അവരുടെ ആദ്യ ചിത്രം. 1964-ൽ പുറത്തിറങ്ങിയ 'സ്കൂൾ മാസ്റ്റർ' എന്ന ചിത്രത്തിലൂടെയാണ് അവർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിൽ സൂര്യമാനസം എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച പുട്ടുറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയായി എത്തിയത് സൗകാർ ജാനകിയായിരുന്നു. പപ്പു എന്ന ചിത്രത്തിലും അവർ ശ്രദ്ധേയമായ വേഷത്തിലെത്തി.

ഇളയ സഹോദരി കൃഷ്ണകുമാരിയും കൊച്ചുമകൾ വൈഷ്ണവി അരവിന്ദും അവരുടെ പാത പിന്തുടർന്ന് അഭിനയരംഗത്ത് എത്തി. സിനിമാ രംഗത്ത് നീണ്ട കരിയറിന് ശേഷം, 1991-ൽ തമിഴിൽ ദൂർദർശൻ സംപ്രേക്ഷണം ചെയ്ത 'ഊരറിന്ത രഹസ്യം' എന്ന പരമ്പരയിലൂടെ ജാനകി ടെലിവിഷൻ രംഗത്തേക്ക് പ്രവേശിച്ചു. സീ തെലുങ്കിൽ 2013-ൽ സംപ്രേക്ഷണം ചെയ്ത 'വറുധിനി പരിണയം' എന്ന തെലുങ്ക് സീരിയലാണ് അവർ അവസാനമായി അഭിനേച്ച ടിവി ഷോ.
നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത 2023-ലെ തെലുങ്ക് ചിത്രമായ 'അന്നി മഞ്ചി ശകുനമുലേ', ആർ കണ്ണൻ സംവിധാനം ചെയ്ത 2020-ലെ തമിഴ് പാരഡി ചിത്രമായ 'ബിസ്കോത്ത്' എന്നിവയാണ് അവർ അവസാനമായി അഭിനയിച്ച ചിത്രങ്ങൾ. സിനിമയിലെ സമഗ്ര സംഭാവനകളെ മുൻനിർത്തി 2022-ൽ പത്മശ്രീ നൽകി രാജ്യം അവരെ ആദരിച്ചു.