ഏഴ് പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് ആരാധകരെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക, അന്തരിച്ച ആശാ ഭോസ്‌ലെയെ ഇന്ത്യയുടെ മെലഡി ക്വീനായി ആളുകൾക്ക് അറിയാം. എന്നാൽ പാചകത്തോട് വളരെ അഭിനിവേശമുള്ള ആളായിരുന്നു അവരെന്ന് അധികമാർക്കും അറിയാൻ വഴിയില്ല. 

To advertise here,

മാ കി ദാൽ, ബിരിയാണി തുടങ്ങിയ അവരുടെ വിഭവങ്ങൾ സിനിമാ ലോകത്തിന് വിരുന്നൊരുക്കി. അവരുടെ സഹോദരിയും ഗായികയുമായ ലതാ മങ്കേഷ്‌കർക്ക് ആശാ ഭോസ്‌ലെ ഉണ്ടാക്കുന്ന ഷാമി കബാബുകൾ വളരെ ഇഷ്ടമായിരുന്നു. പാചകത്തോടുള്ള ഇഷ്ടം വീട്ടിൽ മാത്രം ഒതുങ്ങിയില്ല. ദുബായിൽ 'ആശാസ്' എന്ന പേരിൽ ഒരു ഫൈൻ ഡൈനിങ് റസ്റ്ററന്റും അവർ ആരംഭിച്ചു. ഇത് പിന്നീട് മിഡിൽ ഈസ്റ്റിൽ, യുകെ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. പാചകത്തെയും സംഗീതത്തെയും താൻ ഒരുപോലെ സ്‌നേഹിക്കുന്നതിനെക്കുറിച്ച് ആശാ ഭോസ്‌ലെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

'പാട്ട് പാടുന്നത്ര തന്നെ പാചകവും ഞാൻ ഇഷ്ടപ്പെടുന്നു. പാചകം ഹൃദയത്തിൽ നിന്നാണ് വരുന്നത്. മറ്റുള്ളവർക്ക് ആസ്വദിക്കാൻ വേണ്ടി സ്‌നേഹത്തോടെ ഉണ്ടാക്കണം, പാട്ടുപോലെ തന്നെ', 2015-ൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഭോസ്‌ലെ പറഞ്ഞു.

ആശാ ഭോസ്‌ലെയുടെ മാ കി ദാലും ബിരിയാണിയും

2025-ൽ യൂട്യൂബ് ചാനലായ 'കേളി ടേൽസ്'ന് നൽകിയ അഭിമുഖത്തിൽ, പെഷാവരി മാ കി ദാൽ പ്രത്യേക ഇഷ്ടമായിരുന്നു എന്ന് ആശാ ഭോസ്‌ലെ വെളിപ്പെടുത്തി. അവർ എങ്ങനെയാണ് ഈ വിഭവം ഉണ്ടാക്കാൻ പഠിച്ചതെന്നും മറ്റ് വിഭവങ്ങളിൽ നിന്ന് ഇത് എങ്ങനെ വ്യത്യസ്തമാണെന്നും ആശ അഭിമുഖത്തിൽ വിവരിച്ചു.

'എന്റെ ദാൽ, മാ കി ദാൽ ഇല്ലേ... ഞാൻ അത് പെഷാവറിലെ ആളുകളിൽ നിന്നാണ് പഠിച്ചത്. എന്റെ ദാൽ മറ്റൊരിടത്തും കിട്ടില്ല,' അവർ കേളി ടേൽസിനോട് പറഞ്ഞു.

സിനിമാ രംഗത്തുള്ളവർക്കായി താൻ വലിയ വിരുന്നുകൾ ഒരുക്കാറുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. 'ഇൻഡസ്ട്രിയിൽ മുഴുവൻ എന്റെ ഭക്ഷണം പ്രശസ്തമാണ്. ഓരോ ആഴ്ചയും 60-70 പേർ വരാറുണ്ടായിരുന്നു. വലിയ പാത്രങ്ങളിലാണ് ഞാൻ ഭക്ഷണം ഉണ്ടാക്കിയിരുന്നത്,' അവർ കൂട്ടിച്ചേർത്തു.

പാട്ട് റെക്കോർഡിങ്ങിനിടയിൽ വീട്ടിലേക്ക് ഓടിപ്പോയി കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെക്കുറിച്ചും അവർ ഓർത്തെടുത്തു. മകൻ ആനന്ദിന്റെ ബാല്യകാലത്തെക്കുറിച്ച് ഓർക്കവെ, 'അവന് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ അവനെന്നോട് ചോദിക്കുമായിരുന്നു, 'എന്താണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്?'എന്ന്. അവന് ബിരിയാണിയോ മട്ടനോ ചിക്കനോ വേണമെന്ന് എനിക്കറിയാമായിരുന്നു, ആശാ ഭോസ്‌ലെ പറഞ്ഞു.

സഹോദരി ലതാ മങ്കേഷ്‌കർ അവരുടെ പാചകത്തിന്റെ ആരാധകയായിരുന്നു. 'ലതാജി എന്റെ പാചകത്തിന്റെ ആരാധകയാണ്, ഞാൻ പാചകം ചെയ്യുന്നതുപോലെ ആർക്കും ഉണ്ടാക്കാൻ കഴിയില്ലെന്ന് പലരോടും പറയാറുണ്ട്. പ്രത്യേകിച്ച് ഞാനുണ്ടാക്കുന്ന ഷമ്മി കബാബുകൾ അവർക്ക് വലിയ ഇഷ്ടമാണെന്ന് തോന്നുന്നു, ഇടയ്ക്കിടെ അത് ആശ്യപ്പെടാറുണ്ട്,' ഒരു അഭിമുഖത്തിൽ ഭോസ്‌ലെ പറഞ്ഞതിങ്ങനെ.

നടി മാലാ സിൻഹയിൽ നിന്നാണ് മോമോസ് ഉണ്ടാക്കാൻ പഠിച്ചെന്നും രാജ് കപൂറിൽ നിന്നാണ് പെഷാവരി ബിരിയാണി ടിപ്പുകൾ കിട്ടിയതെന്നും ആശാ ഭോസ്‌ലെ പറഞ്ഞിട്ടുണ്ട്. 'ന്യൂഡൽഹിയിലെ ബുഖാറ റസ്റ്ററന്റിലെ അഫ്ഗാൻ ഷെഫുമാരിൽ നിന്ന് ദാൽ മഖനി ഉണ്ടാക്കാൻ പഠിച്ചു, മജ്റൂഹ് സുൽത്താൻപുരിയുടെ ഭാര്യ ബീഗത്തിൽ നിന്ന് ബിരിയാണിയുണ്ടാക്കുന്നതും പഠിച്ചു.' 2021-ൽ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആശാ ഭോസ്‌ലെ പറഞ്ഞു.

സ്വന്തമായി റസ്റ്ററന്റ് 
പാചകത്തോടുള്ള ഈ ഇഷ്ടമാണ് ആശാ ഭോസ്ലേയെ സ്വന്തമായി ഒരു റസ്റ്ററന്റ് തുറക്കാൻ പ്രേരിപ്പിച്ചത്. 2002-ൽ അവർ ദുബായിൽ ‘ആശാസ്’ ആരംഭിച്ചു. പിന്നീട് യുഎഇ, മറ്റ് ജിസിസി രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിലേക്ക് ഈ ബ്രാൻഡ് വ്യാപിച്ചു. അവിടെ അവരുടെ ഇഷ്ട വിഭവങ്ങളും നൽകുന്നുണ്ട്.

'ഞാൻ ഹൃദയത്തിൽ നിന്നാണ് പാടുന്നത്, മറ്റുള്ളവർക്ക് ആസ്വദിക്കാൻ വേണ്ടി സ്‌നേഹത്തോടെ പാടുന്നു. അതുപോലെ തന്നെ പാചകവും ഞാൻ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് എന്റെ റസ്റ്ററന്റിൽ എന്റെ സിഗ്‌നേച്ചർ വിഭവങ്ങൾ ഉള്ളത്,' 2015-ൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ആശാ ഭോസ്‌ലെ പറഞ്ഞു.

റെസിപ്പികൾ മെച്ചപ്പെടുത്തുന്നതിലും പ്രിയപ്പെട്ട വിഭവങ്ങൾ ഷെഫുമാരുമായി പങ്കുവെക്കുന്നതിലും റസ്റ്ററന്റ് ശൃംഖലയുടെ നടത്തിപ്പിലും ആശാ ഭോസ്‌ലെ സജീവമായിരുന്നു. ഷെഫ് കോട്ട് ധരിക്കുമ്പോൾ തനിക്ക് വളരെയധികം സന്തോഷമാണ് തോന്നാറുള്ളതെന്നും അത് ധരിക്കുമ്പോൾ ഒരു നല്ല വസ്ത്രം ധരിച്ചതുപോലെയാണ് തോന്നാറുള്ളതെന്നും കേളി ടേൽസിന് നൽകിയ അഭിമുഖത്തിൽ ഭോസ്‌ലെ പറഞ്ഞിട്ടുണ്ട്.