കൊച്ചി: എ.ആര്‍.എം. സിനിമ  മൊബൈല്‍ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപ്രതികള്‍ക്കും പ്രതിഫലമായി ലഭിച്ചത് ഒരുലക്ഷം രൂപയെന്ന് പോലീസ്. ഒരു സിനിമ പകര്‍ത്തി അതിന്റെ വീഡിയോ അപ്ലോഡ് ചെയ്താല്‍ ഒരുലക്ഷം രൂപയായിരുന്നു ഇവര്‍ക്ക് കിട്ടിയിരുന്ന പ്രതിഫലം. ഇത്തരത്തില്‍ 32 സിനിമകള്‍ പ്രതികള്‍ പകര്‍ത്തി പ്രചരിപ്പിച്ചതായും കേസില്‍ ഉള്‍പ്പെട്ട മൂന്നാമനായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. 

To advertise here,

ടൊവീനോ നായകനായ എ.ആര്‍.എം. സിനിമ മൊബൈല്‍ഫോണില്‍ പകര്‍ത്തി ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചെന്ന കേസിലാണ് തമിഴ്‌നാട് സത്യമംഗലം സ്വദേശികളായ കുമരേശന്‍ (29), പ്രവീണ്‍ കുമാര്‍ (31) എന്നിവരെ കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന കുപ്രസിദ്ധ സംഘമായ 'തമിഴ് റോക്കേഴ്‌സി'ന്റെ ഭാഗമാണ് ഇരുവരും. ബെംഗളൂരുവിലെ ഗോപാലന്‍ മാളിലെ തിയേറ്ററില്‍ രജനികാന്ത് അഭിനയിച്ച 'വേട്ടയ്യന്‍' മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെയാണ് രണ്ടുപേരെയും കൊച്ചി സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. 

കോയമ്പത്തൂരിലെ എസ്.ആര്‍.കെ. മിറാജ് തിയേറ്ററില്‍നിന്നാണ് പ്രതികള്‍ എ.ആര്‍.എം. സിനിമ മൊബൈലില്‍ പകര്‍ത്തിയത്. ഇതിനായി തിയേറ്ററില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലടക്കം പ്രതികള്‍ ശ്രദ്ധിച്ചിരുന്നു. ഏറ്റവും ഉയര്‍ന്നനിരക്കിലുള്ള ടിക്കറ്റാണ് പ്രതികള്‍ ബുക്ക് ചെയ്തിരുന്നത്. കൃത്യമായി ദൃശ്യം പകര്‍ത്താന്‍ കഴിയുന്ന സീറ്റുകളായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തിരഞ്ഞെടുക്കുക. ഇതിന് സമീപത്തും പ്രതികളുടെ സംഘത്തില്‍പ്പെട്ടവര്‍ക്ക് തന്നെ ടിക്കറ്റെടുക്കും. ഇത്തരത്തില്‍ സിനിമ മുഴുവനും മൊബൈല്‍ഫോണില്‍ പകര്‍ത്തി കഴിഞ്ഞാല്‍ അത് വെബ്‌സൈറ്റിലൂടെയും ടെലഗ്രാമിലൂടെയും പ്രചരിപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി.