'അങ്ങു വാന കോണിൽ' പാടിക്കഴിഞ്ഞപ്പോൾ സംഗീത സംവിധായകൻ ദീപു നൈനാൻ തോമസ് പറഞ്ഞു, ഇത് ദേശീയ പുരസ്‌കാരം നേടുമെന്ന്. പല വികാരങ്ങൾ ഒന്നിച്ച് വരുന്ന പാട്ടാണ്, വല്ലാത്ത മാജിക് ഉണ്ടതിന്.’ പറയുന്നത് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി മലയാളത്തിന് അഭിമാനമായി മാറിയ ഡോ. വൈക്കം വിജയലക്ഷ്മി. ഈ സന്തോഷ നിമിഷത്തിനിടെ വിജയലക്ഷ്മി തന്റെ സ്വപ്‌നങ്ങളും ജീവിതവും മാതൃഭൂമി ഡോട് കോമുമായി പങ്കുവയ്ക്കുന്നു.
ദേശീയ പുരസ്‌കാരത്തിന്റെ സന്തോഷ നിറവിലാണ്...
'എ.ആർ.എം.' എന്ന ചിത്രത്തിലെ 'അങ്ങു വാന കോണിൽ' എന്ന് തുടങ്ങുന്ന ഗാനം അന്തർ ദേശീയ പുരസ്‌കാരങ്ങൾ വരെ സ്വന്തമാക്കുമെന്ന് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ സർ പറഞ്ഞിട്ടുണ്ട്. സംസ്ഥാന പുരസ്‌കാരത്തിൽ പാട്ടിന് അംഗീകാരം നേടാനായില്ലെങ്കിലും ഇത് ദേശീയ പുരസ്‌കാരത്തിന് ഉഴിഞ്ഞുവെച്ചതാണെന്ന അമ്മയുടെ വാക്കുകളാണ് പ്രചോദനമായത്. അമ്മയുടെ നാക്ക് പൊന്നായി.
ഒന്നര വയസ്സു മുതൽ പാടിത്തുടങ്ങിയ ആളാണല്ലോ വിജയലക്ഷ്മി. അക്ഷരം പറഞ്ഞു തുടങ്ങുന്നതിന് മുൻപേ സംഗീതം കൂടെയുണ്ട്. എങ്ങനെയായിരുന്നു ആ തുടക്കം?
ഒന്നര വയസ്സുള്ളപ്പോൾ 'സിന്ധു കാവടിചിന്ത്' പാടിക്കൊണ്ടാണ് ഞാൻ സംഗീതത്തിന്റെ ലോകത്തേക്ക് വന്നതെന്ന് അച്ഛനും അമ്മയും പറഞ്ഞു കേട്ടിട്ടുണ്ട്. സംഗീതം ഞങ്ങളുടെ കുടുംബത്തിൽ പാരമ്പര്യമായിട്ടുള്ളതാണ്. അച്ഛനും അമ്മയും അച്ഛന്റെ അമ്മയും പാടുമായിരുന്നു. എന്റെ ചിറ്റപ്പൻ ഗാനപ്രവീൺ ആണ്. മാമനും പാടും. അങ്ങനെ എല്ലാവരും സംഗീതവുമായി ബന്ധമുള്ളവരാണ്.
കാഴ്ചയില്ല എന്നത് ഒരു വലിയ വെല്ലുവിളിയായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? സംഗീതയാത്രയിൽ ആരെല്ലാമാണ് കരുത്തായി കൂടെയുണ്ടായിരുന്നത്?
സത്യം പറഞ്ഞാൽ കണ്ണിന്റെ പ്രശ്‌നം മാത്രമാണ് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. പിന്നെ വിവാഹമല്ലേ, അതുപോട്ടെ അതത്ര വലിയ കാര്യമൊന്നുമല്ല, രക്ഷപ്പെട്ടല്ലോ. അതൊന്നും എന്നെ തളർത്തിയിട്ടില്ല. എനിക്ക് ഇടംവലം അച്ഛനും അമ്മയും ഉള്ളപ്പോൾ മറ്റൊന്നും ഒരു പ്രശ്‌നമേ അല്ല. ഈശ്വരാനുഗ്രഹവും, പിന്നെ ഗുരുക്കന്മാരുടെ അനുഗ്രഹവും. സംഗീതമാണ് എന്റെ കരുത്ത്. സംഗീതത്തെ ഞാൻ എന്റെ ജീവശ്വാസമായിട്ടാണ് കാണുന്നത്. സംഗീതമാണെന്റെ ഭർത്താവ്.
ജീവശ്വാസമായി കൊണ്ട് നടക്കുന്ന സംഗീതത്തെ വേണ്ടെന്ന് വയ്ക്കാനുള്ള നിർബന്ധമുണ്ടായിരുന്നു, അതിൽനിന്ന് പുറത്തുവന്നതെങ്ങനെയാണ്?
അത് നന്നായില്ലേ, അതുകൊണ്ടല്ലേ ഇപ്പോൾ ദേശീയ പുരസ്‌കാര നേട്ടംവരെ എത്താനായത്. സ്വന്തം സ്വപ്‌നങ്ങൾ ആർക്കു വേണ്ടിയും പണയം വെക്കരുത്. ചില കാര്യങ്ങളിൽ 'പറ്റില്ല' എന്ന് പറയാൻ സ്ത്രീകൾക്ക് സാധിക്കണം. അതിനുള്ള ധൈര്യം വേണം. ഇല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയണം. ഞാൻ അങ്ങനെ പറയുന്ന കൂട്ടത്തിലാണ്.
സംഗീതലോകത്തെ പ്രചോദനം ആരായിരുന്നു?
ദാസേട്ടനും (കെ.ജെ. യേശുദാസ്) ദക്ഷിണാമൂർത്തി സ്വാമികളുമാണ് എന്നെ ഏറ്റവുമധികം സ്വാധീനിച്ചത്. സ്വാമികളുടെ അനുഗ്രഹം മൂന്ന് പ്രാവശ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ എം.എസ്. ബാലമുരളികൃഷ്ണ സാർ, ശെമ്മാങ്കുടി സ്വാമികൾ, ചെമ്പൈ സ്വാമികൾ തുടങ്ങിയ ഒട്ടേറെ മഹാരഥന്മാരുടെ പാട്ടുകൾ കേട്ടാണ് ഞാൻ വളർന്നത്.
ഒരു സാധാരണ ദിവസം എങ്ങനെയാണ് കടന്നുപോകുന്നത്? സാധകം ചെയ്യാൻ പ്രത്യേക സമയമുണ്ടോ?
സാധകം ചെയ്യാൻ പ്രത്യേക സമയമൊന്നുമില്ല. രാവിലെ 11 മണിക്കായാലും വൈകിട്ടായാലും സുരേഷ് സാർ വീട്ടിൽ വരും. മൃദംഗവും വയലിനും ഒക്കെയായി ഞങ്ങൾ ഒന്നിച്ച് പ്രാക്ടീസ് ചെയ്യും. രാവിലെയും സന്ധ്യക്കും നാമജപമുണ്ട്. ഇതൊക്കെയാണ് പ്രധാന പരിപാടികൾ. എത്ര തിരക്കുണ്ടായാലും ജപിക്കുന്നത് ഞാൻ മുടക്കാറില്ല. ഈ കിട്ടിയതൊക്കെ ഭഗവാൻ തന്നതാണെന്ന നന്ദി എപ്പോഴും നമുക്ക് വേണം. ചിലർ പറയും ഇത്രയൊക്കെ കിട്ടിയില്ലേ, ഇനി ജപിക്കുന്നത് എന്തിനാണെന്ന്. അങ്ങനെ ചിന്തിക്കാൻ പാടില്ല, അപ്പോൾ ഭഗവാൻ നമ്മളെ താഴേക്ക് വലിച്ചിടും.
തമിഴ് സിനിമയിൽനിന്ന് വലിയ അംഗീകാരങ്ങൾ ലഭിച്ചല്ലോ? ആ അനുഭവങ്ങൾ എങ്ങനെയുണ്ട്?
തമിഴ്‌നാട്ടിൽനിന്ന് വലിയ സ്‌നേഹമാണ് ലഭിക്കുന്നത്. 2016-ൽ 'വേലൈക്ക് വന്ത വേലൈക്കാരൻ' എന്ന സിനിമയിലെ 'ആരവല്ലി സൂരവല്ലി' എന്ന പാട്ടിന് എനിക്ക് ഗോൾഡ് മെഡൽ ലഭിച്ചിരുന്നു. മറ്റൊരു ഭാഷയിൽ അംഗീകരിക്കപ്പെടുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.
സിനിമയിൽ പാടിയില്ലായിരുന്നെങ്കിൽ വിജയലക്ഷ്മി ആരാകുമായിരുന്നു?
സിനിമയിൽ എത്തിയില്ലെങ്കിലും ഞാൻ കച്ചേരികളുമായി സംഗീത രംഗത്തുതന്നെ ഉണ്ടാവുമായിരുന്നു. ഗായത്രിവീണ ഇപ്പോഴും വായിക്കാറുണ്ട്. എനിക്ക് എപ്പോഴും പ്രഥമ പരിഗണന ശാസ്ത്രീയസംഗീതത്തിനാണ്. അതിനുശേഷമേ ലളിതസംഗീതവും സിനിമാഗാനങ്ങളും ഉള്ളൂ. ശാസ്ത്രീയ സംഗീതം ബേസ് ആയി ഉള്ളവർക്ക് ഏത് ഭാഷയും രാഗങ്ങളും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.
ഇത്രയേറെ പാട്ടുകൾ പാടി. അതിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്?
'സെല്ലുലോയിഡ്' എന്ന സിനിമയിലെ 'കാറ്റേ കാറ്റേ' ആണ് എന്റെ എക്കാലത്തെയും ഫേവറിറ്റ്. ആ പാട്ടിലൂടെയാണല്ലോ ഞാൻ സിനിമയിലേക്ക് എത്തിയത്. പിന്നെ 'നടൻ' എന്ന സിനിമയിലെ 'ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ' എന്ന പാട്ടും എനിക്ക് ഒത്തിരി ഇഷ്ടമാണ്.
കാഴ്ചാ പരിമിതിയുള്ളവരോടും പ്രതിസന്ധികളിൽ തളരുന്നവരോടും വിജയലക്ഷ്മിക്ക് എന്താണ് പറയാനുള്ളത്?
കാഴ്ചയില്ല എന്ന് പറഞ്ഞ് ആരെയും സമൂഹത്തിൽനിന്നു മാറ്റിനിർത്തരുത്. വൈകല്യങ്ങൾ ഉള്ളവർക്കും ഭൂമിയിൽ എല്ലാവരെയും പോലെ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഒന്നും പറ്റില്ല എന്ന് വിചാരിക്കാതെ, പരിശ്രമിക്കണം. മാതാപിതാക്കൾ അങ്ങനെയുള്ള മക്കളെ പിന്തുണയ്ക്കുകയും അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും വേണം.
എന്തൊക്കെയാണ് പുതിയ സ്വപ്‌നങ്ങൾ?
ഇളയരാജ സാർ, എ.ആർ. റഹ്‌മാൻ സാർ എന്നിവരുടെ കൂടെയൊക്കെ പാടണമെന്ന വലിയ ആഗ്രഹമുണ്ട്. അംഗീകാരങ്ങളുടെ കാര്യമാണെങ്കിൽ പത്മശ്രീ, പത്മവിഭൂഷൺ, ഭാരതരത്‌ന, ഓസ്‌കാർ... അതിങ്ങനെ നീണ്ടുകിടക്കുകയല്ലേ.
Content Highlights: Singer Vaikom Vijayalakshmi won the prestigious National Film Award for Best Female Playback Singer for the song 'Angu Vaana Konil' from the movie 'ARM'. Reflecting on her journey, she mentioned how composer M. Jayachandran and her mother predicted that this song would earn national recognition. She shared her personal perspective on overcoming life's challenges, stating that her devotion to music was her primary strength and urging women never to sacrifice their dreams for anyone. Having started singing at the age of one and a half, she considers classical music her root foundation, which helps her easily master any language or musical composition. She remains ambitious about her future goals, wishing to collaborate with legends like A.R. Rahman and Ilaiyaraaja, while aiming for top honors like the Padma awards and Oscars.
Published: 03 Aug 2026, 01:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented