തിരുവനന്തപുരം: സിനിമകളുടെ വ്യാജ പതിപ്പുകൾ തടയാനുള്ള നടപടികൾ ശക്തമാക്കുമെന്നും ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തിനു പുറമേ കൊച്ചിയിലും കോഴിക്കോട്ടും ആന്റി പൈറസി സോണൽ ഓഫീസുകൾ ആരംഭിക്കുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്. സിനിമാമേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വിവിധ സിനിമാസംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

To advertise here,

മലയാള സിനിമാമേഖല നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സജീവ ഇടപെടൽ നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകി. സിനിമയ്ക്ക് വ്യവസായപദവി നൽകുന്നതുൾപ്പെടെയുള്ള ആവശ്യം പരിഗണിക്കും. ഷൂട്ടിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആവശ്യമായ വിവിധ സർക്കാർ അനുമതി വേഗത്തിലാക്കാൻ പ്രത്യേകസംവിധാനം കൊണ്ടുവരും.

താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തരപ്രശ്നങ്ങളിൽ സർക്കാർ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തരപ്രശ്നങ്ങൾ 'അമ്മ'തന്നെ പരിഹരിക്കാമെന്ന് ഭാരവാഹികൾ ഉറപ്പുനൽകി.

അമ്മ, മാക്ട, ഫെഫ്ക, തിയേറ്റർ ഉടമകൾ, എക്സിബിറ്റേഴ്‌സ്, ജൂനിയർ ആർട്ടിസ്റ്റുകൾ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.