കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നിർമാതാക്കൾ ഉന്നയിച്ച പൈറസി, ഒടിടി പ്ലാറ്റ്‌ഫോമുകൾ ഉയർത്തുന്ന വെല്ലുവിളികൾ, റിവ്യൂ ബോംബിങ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശനിയാഴ്ച കൊച്ചിയിൽ ദക്ഷിണേന്ത്യൻ സിനിമാ നിർമാതാക്കളുടെ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന സിനിമാ വ്യവസായ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ആദ്യം പ്രത്യേകം യോഗം ചേരുകയും, തുടർന്ന് അവരുടെ ആശങ്കകൾ പങ്കുവെക്കുന്നതിനായി തന്നെ സംയുക്ത യോഗത്തിലേക്ക് ക്ഷണിക്കുകയുമായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.
മേയിൽ ഹൈദരാബാദിൽ സുരേഷ് ഗോപിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൊച്ചിയിൽ അടുത്ത ഘട്ട ചർച്ചകൾ നടന്നത്.
ചലച്ചിത്ര മേഖലയ്ക്കായി കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തതായി മന്ത്രി വ്യക്തമാക്കി. വ്യവസായത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട പല വിഷയങ്ങളും ചർച്ചയായി. ഉയർന്നുവന്ന ആശങ്കകൾ വിശദീകരിച്ചുകൊണ്ട് ഒരു റിപ്പോർട്ട് തയ്യാറാക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. താനും സിനിമാ മേഖലയുടെ ഭാഗമായതുകൊണ്ട് തന്നെ ഉന്നയിക്കപ്പെട്ട പല പ്രശ്‌നങ്ങളും പരിചിതമാണെന്നും റിപ്പോർട്ട് അന്തിമമായാൽ അത് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജപതിപ്പുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, റിവ്യൂ ബോംബിങ് എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ ആശങ്കകൾ നിലവിലുണ്ട്. ഉചിതമായ തുടർനടപടികൾക്കായി റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിനും ബന്ധപ്പെട്ട മറ്റ് വകുപ്പുകൾക്കും കൈമാറും. ദക്ഷിണേന്ത്യയിലുടനീളമുള്ള നിർമാതാക്കൾ, തിയേറ്റർ ഉടമകൾ, വിതരണക്കാർ എന്നിവരെ ഉൾപ്പെടുത്തി യോഗം വിളിച്ചുചേർക്കാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളുടെ വളർച്ച സിനിമാ മേഖലയുടെ പരമ്പരാഗത ബിസിനസ് രീതികളെ വലിയ തോതിൽ മാറ്റിമറിച്ചു. ഇതിന്റെ ഫലമായി പരമ്പരാഗത സംവിധാനങ്ങളിൽ മാറ്റംവന്നു. ആ മാറ്റത്തിന്റെ പ്രത്യാഘാതങ്ങളാണ് നിർമാതാക്കൾ ഇപ്പോൾ നേരിടുന്നത്. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൈറസി ശൃംഖലകൾ അവരുടെ പ്രവർത്തനരീതികൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു. അവരുടെ സംവിധാനങ്ങൾ അത്യന്തം സങ്കീർണമായി മാറിയിരിക്കുന്നു. സാധാരണ ഗതിയിൽ നമ്മൾ സംശയിക്കാത്ത ആളുകൾ വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടൽ ആവശ്യമുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുന്നിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിർമാതാക്കൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയതിന് ശേഷം മാത്രമേ പോസ്റ്ററുകളിൽ റിലീസ് തീയതി പ്രദർശിപ്പിക്കാവൂ എന്നൊരു നിയമം നിലവിലുണ്ട്. എന്നാൽ പലപ്പോഴും കടം വാങ്ങിയ പണം ഉൾപ്പെടെ വൻ തുക നിക്ഷേപിച്ചിരിക്കുന്ന ഒരു നിർമാതാവിനെ, സർട്ടിഫിക്കേഷൻ വൈകുന്നതിന്റെ പേരിൽ പ്രതിസന്ധിയിലാക്കരുത്. അത്തരം ആശങ്കകൾ ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാജപതിപ്പുകൾ പോലെ തന്നെ ഗുരുതരമായ ഭീഷണിയാണ് റിവ്യൂ ബോംബിങ്ങും. യൂട്യൂബുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. ഇത് ഏതെങ്കിലും വ്യക്തികളുടെ മാത്രം പ്രശ്‌നമല്ല. ചലച്ചിത്ര മേഖലയെയാകെ ബാധിക്കുന്ന വിഷയമായതിനാൽ എല്ലാവരുടെയും പങ്കാളിത്തം ആവശ്യമാണ്. ആശങ്കകളുടെ ഗൗരവം വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ട്. ശക്തമായ നിയമങ്ങളും അവ ഫലപ്രദമായി നടപ്പാക്കാനുള്ള ദൃഢനിശ്ചയവും ആവശ്യമാണ്, അത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.
താരസംഘടന 'അമ്മ'യിലെ ആഭ്യന്തര ഭിന്നതകളെക്കുറിച്ചുള്ള ചോദ്യത്തിന്, ഏത് സംഘടനയിലും ആഭ്യന്തര തർക്കങ്ങൾ സ്വാഭാവികമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സിനിമാ മേഖല പൂർണ്ണമായും ഒരു സംഘടിത മേഖലയല്ല. പ്രശ്‌നങ്ങൾ ക്രമേണ പരിഹരിക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നത്. പ്രകൃതിക്ക് അതിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സ്വന്തമായ വഴികളുള്ളതുപോലെ, സിനിമാ വ്യവസായവും സ്വാഭാവികമായ ഒരു വീണ്ടെടുപ്പിലൂടെ കടന്നുപോകുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Union Minister Suresh Gopi attended a crucial joint meeting of South Indian film producers in Kochi to discuss major challenges facing the film industry. The producers raised deep concerns over rising issues like coordinated review bombing, piracy networks, and the shifting business dynamics caused by OTT platforms. Suresh Gopi directed the stakeholders to prepare a comprehensive report, which he intends to submit directly to the Information and Broadcasting Ministry and Home Minister Amit Shah. He emphasized that film piracy has become highly sophisticated, involving unexpected individuals, thereby necessitating direct intervention from the Ministry of Home Affairs. Addressing the internal conflicts within the Malayalam actors' association AMMA, the minister dismissed it as common internal friction and expressed faith that the industry would naturally heal itself
Published: 14 Jun 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented