പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനുശേഷം ഗായകൻ അരിജിത് സിങ് ആദ്യമായി പൊതുവേദിയിൽ സംഗീത പരിപാടിയിൽ പങ്കെടുത്തു. കൊൽക്കത്ത നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണ് അരിജിത് എത്തിയത്. സിത്താർ കലാകാരിയും സംഗീതജ്ഞയുമായ അനുഷ്ക ശങ്കറാണ് അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചത്. ഹർഷാരവങ്ങളോടെയാണ് ആരാധകർ അദ്ദേഹത്തെ സ്വീകരിച്ചത്. വേദിയിലെത്തിയ അരിജിത് തനിക്ക് കുറച്ച് പേടിയുണ്ടെന്നും, ക്ഷണിച്ചതിന് നന്ദിയെന്നും പറഞ്ഞു.
അനുഷ്ക, ബിക്രം ഘോഷ് എന്നിവർക്കൊപ്പം വേദി പങ്കിട്ട അരിജിത് 'മായ ഭോര രാത്തി' എന്ന ബംഗാളി ഗാനം ആലപിച്ചു. ലക്ഷ്മി ശങ്കർ ആലപിച്ച ഈ ഗാനത്തിന് ഈണം നൽകിയത് അന്തരിച്ച സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറാണ്.
അനുഷ്കയുടെ വീട് സന്ദർശിച്ചതും ഒരു ഗാനം ഇരുവരും ചേർന്ന് ഈണം നൽകിയ അനുഭവവും അരിജിത് പങ്കുവെച്ചു. അനുഷ്കയും നോറ ജോൺസും ചേർന്ന് ആലപിച്ച 'ട്രേസസ് ഓഫ് യു' എന്ന ഗാനം അരിജിത്തും അനുഷ്കയും ചേർന്ന് പാടി.
അതേസമയം പരിപാടിയുടെ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏറെ വൈകാരികമായാണ് പല ആരാധകരും ഇതിനോട് പ്രതികരിച്ചത്. വല്ലാതെ വികാരാധീനനാകുന്നു എന്നും ഒരേസമയം സന്തോഷവും ഹൃദയം തകരുന്ന വേദനയും ഉണ്ടെന്നും അരിജിത്തിന്റെ ശബ്ദം വല്ലാതെ മിസ് ചെയ്തിരുന്നുവെന്നും ഒരാൾ പറഞ്ഞു. ഇതൊരു സർപ്രൈസ് ആണെന്ന് മറ്റൊരാൾ കുറിച്ചു. "യുഗങ്ങൾക്ക് ശേഷം അദ്ദേഹത്തെ നേരിട്ട് കേൾക്കുന്നതുപോലെ തോന്നുന്നു," എന്ന് ഒരു എക്സ് ഉപയോക്താവ് പറഞ്ഞു.
അരിജിത്തിന്റെ വിരമിക്കൽ
അപ്രതീക്ഷിതമായാണ് ജനപ്രിയ ബോളിവുഡ് ഗായകൻ അരിജിത് സിങ് പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ജനുവരി 27-നാണ് അരിജിത് സിങ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതേസമയം നിലവിലുള്ള പ്രോജക്ടുകൾ പൂർത്തിയാക്കുമെന്നും ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലും സ്വതന്ത്ര പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചലച്ചിത്ര സംഗീതത്തിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും അരിജിത് പിന്നീട് വ്യക്തമാക്കി.
പലവിധ കാരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് പറയപ്പെടുന്നുണ്ട്. എങ്കിലും സിനിമാ രംഗത്തുനിന്നുണ്ടായ ചില ദുരനുഭവങ്ങളും തെറ്റായ പ്രവണതകളുമാണ് അരിജിത്തിന്റെ പിന്നണി ഗാനരംഗത്തുനിന്നുള്ള പിൻവാങ്ങലിന് കാരണമെന്നും പറയപ്പെടുന്നു. മുമ്പ് പല അഭിമുഖങ്ങളിലും അരിജിത് നടത്തിയ പ്രസ്താവനകൾ ഇതുമായി ചേർത്തുവെക്കപ്പെടുന്നുണ്ട്.
Content Highlights: Arijit Singh Performs with Anoushka Shankar in Kolkata Post-Retirement Announcement
Published: 09 Feb 2026, 11:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented