എസ്റ്റോണിയയിലെ പ്രശസ്തമായ ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നത്.

മികച്ച ചിത്രത്തിനുള്ള 15 പുരസ്കാരങ്ങളടക്കം 18 അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കി ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഇന്ത്യൻ ചിത്രം 'പൈർ' (ചിത) നവംബർ 6ന് ഇന്ത്യയിലെ തിയേറ്ററുകളിലെത്തുന്നു. വിനോദ് കാപ്രി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ മലയാളം പതിപ്പും നവംബർ 6ന് റിലീസ് ചെയ്യും. ഉത്തരാഖണ്ഡിലെ ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ പ്രണയം, ജീവിതപങ്കാളിത്തം, വാർധക്യം, ഏകാന്തത എന്നിവയുടെ വൈകാരിക തലങ്ങൾ അവതരിപ്പിക്കുന്ന ചിത്രമാണ് ‘Pyre’. വിനോദ് കാപ്രി, അരിന്ദ്ര റായ് ചൗധരി, സുരേഷ് ജോഷി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വിജനമായിക്കൊണ്ടിരിക്കുന്ന ഒരു മലയോര ഗ്രാമത്തിൽ ജീവിക്കുന്ന വയോധികരായ ദമ്പതികളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. വാർധക്യവും വേർപിരിയലിന്റെ യാഥാർഥ്യങ്ങളും കാലത്തിന്റെ കടന്നുപോക്കും നേരിടുമ്പോഴും പരസ്പരം താങ്ങായി അവർ ജീവിതം തുടരുന്നു. ഒരുമിച്ച് ചെലവഴിച്ച വർഷങ്ങളുടെയും മായാത്ത ഓർമകളുടെയും പശ്ചാത്തലത്തിൽ, ജീവിതത്തിന്റെ അവസാന ഘട്ടത്തിലും നിലനിൽക്കുന്ന സ്നേഹബന്ധത്തിന്റെ ആഴമാണ് ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നത്. വാർധക്യത്തെക്കുറിച്ചുള്ള കഥ എന്നതിലുപരി, എല്ലാം മാഞ്ഞുതുടങ്ങുമ്പോഴും മായാതെ നിൽക്കുന്ന പ്രണയത്തിന്റെ കഥ കൂടിയാണ് 'പൈർ'.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് 80 വയസ്സുകാരനായ പദം സിങ്ങും 70 വയസ്സുകാരിയായ ഹീരാ ദേവിയുമാണ്. പ്രൊഫഷണൽ അഭിനയപരിചയമില്ലാത്ത തദ്ദേശീയരായ ഇരുവരുടെയും സ്വാഭാവികമായ പ്രകടനങ്ങളാണ് ചിത്രത്തിന് അസാധാരണമായ സത്യസന്ധതയും വൈകാരിക ആഴവും നൽകുന്നത്. ജീവിതത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രാവിഷ്കാരത്തിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന സിനിമാനുഭവമാണ് ‘പൈർ’ സമ്മാനിക്കുന്നത്.
എസ്റ്റോണിയയിലെ പ്രശസ്തമായ ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നത്. പ്രദർശനത്തിനുശേഷം പ്രേക്ഷകരുടെ വമ്പൻ കയ്യടിയും ഓഡിയൻസ് അവാർഡും ചിത്രം സ്വന്തമാക്കി. തുടർന്ന് വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേളകളിലും ചിത്രം ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടി. ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഓഡിയൻസ് അവാർഡ്, ജർമനിയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സ്റ്റുട്ട്ഗാർട്ടിൽ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ പുരസ്കാരം, ബർമിങ്ഹാം ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഓഡിയൻസ് അവാർഡ്, അമേരിക്കയിലെ ഡി.സി. സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം എന്നിവയാണ് ചിത്രത്തിന് ലഭിച്ച പ്രധാന അന്താരാഷ്ട്ര അംഗീകാരങ്ങൾ. ആകെ 18 അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ചിത്രത്തിന് 15 തവണ മികച്ച ചിത്രത്തിനുള്ള ബഹുമതിയും ലഭിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര പ്രശസ്തയായ ചലച്ചിത്രകാരി ദീപ മേത്തയും ഇതിഹാസ കവിയും ഗാനരചയിതാവുമായ ഗുൽസാറും ചിത്രത്തെ അഭിനന്ദിച്ചതും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് അക്കാദമി അവാർഡ് ജേതാവായ മൈക്കൽ ഡന്നയും സാർ സിംഗാളും ചേർന്നാണ്. ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് ഗുൽസാറാണ്. പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ ശ്രുതി സദോലിക്കറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ശബ്ദം നൽകിയത്.
കേരളത്തിന് പുറമേ, 'പൈർ' 2026 നവംബർ 6ന് ബെംഗളൂരുവിലെ തിയേറ്ററുകളിലും റിലീസ് ചെയ്യും. ഹൈദരാബാദിൽ ചിത്രം പ്രദർശിപ്പിക്കുന്നത്, സിനിപോളിസ് ടി.എൻ.ആർ, ഐനോക്സ് പ്രിസം ഗച്ചിബൗളി, പി.വി.ആർ. ആട്രിയം ഗച്ചിബൗളി, എ.എം.ബി. സിനിമാസ് ഗച്ചിബൗളി എന്നിവിടങ്ങളിലാണ്. പിആർഒ- ശബരി.
Content Highlights: The Indian film 'Pyre' (Chita), directed by Vinod Kapri, has garnered 18 international awards, including 15 for Best Picture, and will release in Indian theaters on November 6. Set against the Himalayan backdrop, it explores themes of love, companionship, and aging through the lives of elderly villagers.
Published: 28 Oct 2026, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented