നാഗചൈനതന്യയുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്  അര്‍ധ സഹോദരന്‍ അഖില്‍ അക്കിനേനിയുടെ വിവാഹവിശേഷം അക്കിനേനി കുടുംബം പുറത്തുവിട്ടത്. നടന്‍ നാഗാര്‍ജുനയുടെയും നടി അമലയുടെയും മകനാണ് അഖില്‍. ചിത്രകാരി സൈനബ് റാവ്ജിയാണ് വധു. 

To advertise here,

വ്യവസായിയായ സുല്‍ഫി റാവ്ജിയുടെ മകള്‍ കൂടിയാണ് സൈനബ്. നിര്‍മാണമേഖലയിലെ പ്രമുഖനാണ് സുല്‍ഫി. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അടുപ്പക്കാരന്‍ കൂടിയാണ് സുല്‍ഫി. ജഗന്റെ ഉപദേഷ്ടാവായും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ ആന്ധ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. 

ആര്‍ട്ടിസ്റ്റായ സൈനബ്. ഇന്ത്യ, ദുബായ്, ലണ്ടന്‍ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സൈനബിന്റെ പെയിന്റിങ്ങുകള്‍ നിരവധി എക്സിബിഷനുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലൈംലൈറ്റില്‍ നിന്ന് മാറിനില്‍ക്കുന്നയാളാണ് സൈനബ്. സാമൂഹികമാധ്യമങ്ങളിലും സജീവമല്ല. 

വിവാഹവാര്‍ത്ത പുറത്തുവന്നതോടെ അഖിലും സൈനബും തമ്മിലുള്ള ഒന്‍പത് വയസ്സ് പ്രായവ്യത്യാസം വലിയ ചര്‍ച്ചയായിരിക്കുകയാണ്. 30 വയസ്സാണ് അഖിലിന്റെ പ്രായം. സൈനബിന് 39 വയസ്സും. വധുവിന് വരനേക്കാള്‍ പ്രായം കൂടിയതാണ് പലരുടെയും നെറ്റി ചുളിച്ചത്. ഇത് സംബന്ധിച്ച പരിധികടക്കുന്ന കമന്റുകള്‍ വന്നതോടെ അഖില്‍ ഇന്‍സ്റ്റഗ്രാമിലെ കമന്റ് ബോക്‌സ് ഓഫാക്കി. ഇതിന് പിന്നാലെ ഒട്ടേറെ പേര്‍ അഖിലിനും സൈനബിനും പിന്തുണയുമായി വന്നു. 

'പ്രായം കുറഞ്ഞ സ്ത്രീയെ പുരുഷന്‍ വിവാഹം കഴിക്കുന്നത് സ്വാഭാവികമായി കാണുന്ന സമൂഹത്തില്‍ മറിച്ചാകുമ്പോള്‍ എന്താണ് പ്രശ്‌നം? മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതും അവരെ പരിസഹിക്കുന്നതും വകതിരിവ് ഇല്ലായ്മയാണ് വെളിവാക്കുന്നത്'. എന്നിങ്ങനെ ഒരുപാട് പേര്‍ അഭിപ്രായപ്പെട്ടു. 

അതേസമയം, നാഗചൈതന്യയുടെയും നടി ശോഭിത ധുലിപാലയുടെയും വിവാഹം ഡിസംബറില്‍ നടക്കും. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദിയെന്നാണ് സൂചന. നാഗാര്‍ജുനയ്ക്ക് ആദ്യഭാര്യ ലക്ഷ്മി ദഗ്ഗുബാട്ടിയില്‍ ഉണ്ടായ മകനാണ് നാഗചൈതന്യ. ലക്ഷ്മിയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നാഗാര്‍ജുന സഹതാരമായ അമലയെ വിവാഹം ചെയ്യുന്നത്. 1994ലാണ് അഖിലിന്റെ ജനനം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഖില്‍ അക്കിനേനിയും സൈനബും കണ്ടുമുട്ടുന്നത്. ഇരുവരുടേയും സൗഹൃദം പ്രണയമായി വളരുകയായിരുന്നു. നേരത്തെ 2016ല്‍ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറി.