കൊല്ലം: അന്തരിച്ച നടി കനകലത ആദ്യമായി അഭിനയിക്കുന്നത് കൊല്ലം നഗരത്തിനടുത്ത് ആശ്രാമം ഉളിയക്കോവിൽ കേളത്ത് ക്ഷേത്രത്തിൽ അവതരിപ്പിച്ച നാടകത്തിൽ. ഓച്ചിറയിലെ വീട്ടിൽനിന്ന്, കനകലതയ്ക്ക് 14 വയസ്സുള്ളപ്പോഴാണ് കുടുംബം ആശ്രാമത്തേക്ക് വരുന്നത്. തേവള്ളി ഗേൾസ് ഹൈസ്കൂളിലായിരുന്നു പഠനം. ഇതിനിടെയാണ് ഉളിയക്കോവിൽ ക്ഷേത്രത്തിൽ അവതരിപ്പിച്ച നാടകത്തിൽ അഭിനയിക്കുന്നത്.

To advertise here,

കനകലതയുടെ ആശ്രാമത്തെ വീടിനടുത്ത് നടി കവിയൂർ പൊന്നമ്മയുടെ കുടുംബം താമസത്തിനെത്തിയിരുന്നു. ആ കുടുംബവുമായുള്ള ബന്ധമാണ് അഭിനയത്തിലേക്ക് എത്തിച്ചത്. കവിയൂർ രേണുകയാണ് അഭിനയത്തിലെ തന്റെ ഗുരുവെന്ന് കനകലത എപ്പോഴും പറയുമായിരുന്നു. അപ്രതീക്ഷിതമായി നാടകാഭിനയത്തിലേക്ക് എത്തിച്ചേർന്നതാണെന്ന് അവർ പറയും. ക്രിസ്തുരാജ് സ്കൂൾ അധ്യാപകനായിരുന്ന കോട്ടപ്പുറം ജോയി രചിച്ച ‘വാട്ടർ ലൂ’ എന്ന നാടകം ഉളിയക്കോവിൽ കേളത്ത് ക്ഷേത്രത്തിലാണ് അവതരിപ്പിച്ചത്.

പിന്നീട് ആശ്രാമത്തുനിന്ന് അയത്തിൽ ഗോപാലശ്ശേരിയിലേക്ക് താമസംമാറി. ഇതിനിടെ നാടകങ്ങളിൽ സജീവമായി. എ.കെ.രാജുവിന്റെ എ.കെ.തിയറ്റേഴ്‌സിൽ നടിയായി. അവിടെനിന്ന് കാളിദാസ കലാകേന്ദ്രത്തിലേക്ക് മാറി. കടപ്പാക്കട സരിത, കൊല്ലം ട്യൂണ, കാളിദാസ കലാകേന്ദ്രം, സംഘചേതന, ആരാധന, ഐശ്വര്യ തുടങ്ങിയ ട്രൂപ്പുകളിലെ നാടകങ്ങളിൽ പ്രധാനവേഷങ്ങൾ ചെയ്തു.

നാടകങ്ങളിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് സംവിധായകൻ ലെനിൻ രാജേന്ദ്രനും സുഹൃത്തായ ആശ്രാമം ഭാസിയും അയത്തിലെ വീട്ടിലെത്തി കനകലതയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. സിനിമയിൽ സജീവമായതോടെ തിരുവനന്തപുരത്തേക്ക് താമസം മാറുകയായിരുന്നു.

അഭിനയമറിയില്ലെന്നു പറഞ്ഞ് മാറ്റിനിർത്തി; അതേ നാടകത്തിൽ നടിയായി

നായികയായി ഒരുവർഷത്തോളം റിഹേഴ്സൽ ചെയ്ത നാടകത്തിൽനിന്ന് അഭിനയമറിയില്ലെന്ന കാരണംപറഞ്ഞ് കനകലതയെ മാറ്റിനിർത്തി. അതും നാടകം ആദ്യമായി അരങ്ങിലെത്തുന്നതിന്റെ തലേദിവസം. കടപ്പാക്കട സരിതയുടെ ‘രാജയോഗം’ എന്ന നാടകമായിരുന്നു അത്. ഏറെ വേദനയുണ്ടാക്കിയ സന്ദർഭമായിരുന്നു അതെന്നും അവർ പറഞ്ഞിട്ടുണ്ട്. കൊല്ലം ട്യൂണയുടെ ‘സൗഗന്ധികം’ എന്ന നാടകത്തിലാണ് പിന്നീട് അഭിനയിച്ചത്. ഇതിനിടെ ‘രാജയോഗം’ അരങ്ങിലെത്തി. പിറ്റേവർഷം നായികയെ കിട്ടാതെ വന്നതോടെ വീണ്ടും കനകലതയെ തേടിവന്നു. റിഹേഴ്സൽ മാത്രം നടത്തിയ നാടകത്തിൽ ഒരുവർഷത്തിനുശേഷം അവർ വീണ്ടും അഭിനയിച്ചു, നായികയായി.

നാടകങ്ങളിൽ അഭിനയിക്കുന്നത് വീട്ടിലാർക്കും ഇഷ്ടമായിരുന്നില്ല. കലയാണ് തന്റെ വഴിയെന്നു മനസ്സിലായപ്പോൾ അതു തന്നെയാകട്ടേയെന്ന് തീരുമാനിക്കുകയായിരുന്നു.