ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥയായ 'ദ സ്‌പെക്കിൽഡ് ബാൻഡ്'ൽ സമ്പത്ത് കൈക്കലാക്കാൻ രണ്ടാനച്ഛൻ മക്കളെ പാമ്പിനെ ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുന്നു. ഒടുവിൽ അതേ പാമ്പിന്റെ കടിയേറ്റ് അയാൾ മരിക്കുന്നു. കൊല്ലം അഞ്ചൽ ഏറത്ത് സമ്പത്തിനായി ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന സൂരജിനെ തെളിവായി തിരിഞ്ഞുകൊത്തിയതും അയാൾ ഉപയോഗിച്ച അതേ ആയുധം.

To advertise here,

കൊന്നുകുഴിച്ചിട്ട പാമ്പിന്റെ വിഷപ്പല്ലുകൾ. പിന്നിൽ പ്രവർത്തിച്ചത് കേരള പോലീസിന്റെ അസാധാരണമായ അന്വേഷണമികവും. അവിശ്വസനീയമായ ആ കേസിന്റെ നാൾവഴികൾ, അന്വേഷണത്തിന് മേൽനോട്ടം വഹിച്ച അന്നത്തെ കൊല്ലം റൂറൽ എസ്.പി. ഹരിശങ്കർ പങ്കുവയ്ക്കുന്നു….

കൊല്ലം: 2020 മാർച്ച് ഏഴ്. അഞ്ചൽ ഏറം. കിടപ്പുമുറിയിലെ കട്ടിലിൽ ഉത്രയെ അബോധാവസ്ഥയിൽ കണ്ടെത്തിയത് അമ്മയാണ്. നിലവിളികേട്ട് വീട്ടിലുണ്ടായിരുന്നവർ ഓടിയെത്തി. ഭർത്താവ് സൂരജും അച്ഛനും സഹോദരനും ചേർന്ന് ഉത്രയെ അഞ്ചൽ സെയ്ന്റ് ജോസഫ് മിഷൻ ആശുപത്രിയിലെത്തിച്ചു. അത്യാഹിതവിഭാഗത്തിലെ ഡോക്ടർ മരണം സ്ഥിരീകരിച്ചു.

പാമ്പുകടി മരണങ്ങൾ അസാധാരണമല്ല. പക്ഷേ, ഉത്രയുടെ മരണത്തിനുപിന്നിൽ ഒരു സാധാരണ പാമ്പുകടിയിലൊതുങ്ങാത്ത ദുരൂഹതയുണ്ടായിരുന്നു. കാരണം, അതിന് രണ്ടുമാസം മുൻപും ഉത്രയ്ക്ക് പാമ്പുകടിയേറ്റിരുന്നു-ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ. അന്നുകടിച്ചത് അണലിയായിരുന്നു. ഇത്തവണ കിടപ്പുമുറിയിൽ കണ്ടത് മൂർഖനെയും.

സംശയം പത്തിവിരിച്ചു. പിന്നീട് കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ ഏറെ ചർച്ചചെയ്യപ്പെട്ട കൊലപാതകങ്ങളിലൊന്നായി മാറിയ ഉത്ര വധക്കേസ്.

സംശയനിഴലിൽ സൂരജ്

ഉത്രയും ഭർത്താവ് സൂരജും തമ്മിലുള്ള ദാമ്പത്യബന്ധം നല്ല നിലയിലായിരുന്നില്ല. ഉത്രയെ ഇല്ലാതാക്കിയാൽ സമ്പത്ത് കൈക്കലാക്കി മറ്റൊരു വിവാഹം കഴിക്കാമെന്നായിരുന്നു സൂരജിന്റെ കണക്കുകൂട്ടൽ. ഉത്രയുടെ മരണത്തിലും സൂരജിന്റെ പെരുമാറ്റത്തിലും പൊരുത്തക്കേടുകൾ കണ്ട കുടുംബം റൂറൽ എസ്.പി.യായിരുന്ന ഹരിശങ്കറിനെ കണ്ട് പരാതിനൽകി.

സൂരജിന്റെ പാമ്പുകളടക്കമുള്ള വന്യജീവികളോടുള്ള താത്പര്യം ചൂണ്ടിക്കാട്ടിയുള്ള ഇന്റലിജൻസ് റിപ്പോർട്ടും ഇതിനോടകം പോലീസിന് ലഭിച്ചിരുന്നു. അഞ്ചൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇതോടെ ക്രൈംബ്രാഞ്ചിലേക്കെത്തി. റൂറൽ എസ്.പി.യുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യായിരുന്ന അശോകനായിരുന്നു അന്വേഷണച്ചുമതല.

സംഭവസ്ഥലം സന്ദർശിച്ചപ്പോൾ തന്നെ അസ്വാഭാവികതകൾ ഒന്നൊന്നായി അന്വേഷണസംഘത്തിനു മുന്നിൽ തലപൊക്കിത്തുടങ്ങി. ശീതീകരിച്ച, എയർഹോളുകളടക്കം അടച്ചുവെച്ച മുറിയിലാണ് സംഭവം. ജനാലകൾ തുറന്നിരുന്നാലും പുറത്തുനിന്നുള്ള ഒരു പാമ്പിന് കടക്കാനാകുന്നതിലും ഉയരത്തിൽ. വിശദാന്വേഷണം തുടങ്ങി. കുറ്റപത്രം സമർപ്പിക്കുന്നതുവരെ ദിവസവും ഒരുമണിക്കൂർ ഈ കേസിന്റെ അവലോകനത്തിനായി മാറ്റിവെച്ചു.

പാമ്പിന്റെ പോസ്റ്റ്‌മോർട്ടവും ഒഴിഞ്ഞ ആമാശയവും

ഉത്രയുടെ മരണത്തെത്തുടർന്ന് കിടപ്പുമുറിയിൽ അലമാരക്കടിയിൽ കണ്ടെത്തിയ മൂർഖൻ പാമ്പിനെ വീട്ടുകാർ തല്ലിക്കൊന്ന് വളപ്പിൽ കുഴിച്ചിടുകയായിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി പാമ്പിന്റെ പോസ്റ്റ്‌മോർട്ടം നടത്താൻ അന്വേഷണസംഘം തീരുമാനിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ വെറ്ററിനറി ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി.

പോസ്റ്റ്‌മോർട്ടത്തിൽ പാമ്പിന്റെ ആമാശയവും കുടലും ശൂന്യമായിരുന്നെന്ന് കണ്ടു. ഒരു മൂർഖന്റെ ദഹനകാലയളവ് കണക്കാക്കിയാൽ കുറഞ്ഞത് ഏഴുദിവസമായി പാമ്പ് ഭക്ഷണം കഴിച്ചിരുന്നില്ല. ഇത്രയുംനാൾ പാമ്പ് ജാറിലോ കുപ്പിയിലോ സൂക്ഷിക്കപ്പെട്ടിരുന്നതാകാമെന്ന സംശയത്തിന് ഇത് കരുത്തേകി. ഡി.എൻ.എ. പരിശോധനയ്ക്കായി സാമ്പിളുകളും ശേഖരിച്ചു.

സംശയങ്ങൾ തെളിവുകളിലേക്ക്

അന്വേഷണസംഘത്തെ സഹായിക്കാൻ ഇന്ത്യൻ എവിഡൻസ് ആക്ടിലെ 45-ാം വകുപ്പ് പ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥൻ, ഫൊറൻസിക് സർജൻ, ഉരഗങ്ങളെക്കുറിച്ചുള്ള വിഷയത്തിലെ വിദഗ്ധൻ, വെറ്ററിനറി ഡോക്ടർ എന്നിവരടങ്ങിയ ഒരു വിദഗ്ധസമിതി രൂപവത്കരിച്ചിരുന്നു. അന്വേഷണസംഘവും വിദഗ്ധസമിതിയും മൂർഖൻപാമ്പ് കടിച്ച സ്ഥലവും അണലി കടിച്ച സ്ഥലവും സന്ദർശിച്ചു. അന്വേഷണസംഘത്തിന്റെ സംശയങ്ങൾ ഇവിടെ വസ്തുതകളുടെ പിന്തുണനേടി.

മൂർഖൻ പാമ്പ് കടിച്ചയിടത്ത് ജനലുകൾ നിലത്തുനിന്ന് 147 സെന്റിമീറ്റർ ഉയരത്തിലായിരുന്നു. കെട്ടിടത്തിനുസമീപം പാമ്പിന് കയറാനാകുന്ന മറ്റ് മാർഗങ്ങളുമില്ല. ഒരു മൂർഖൻപാമ്പിന് സ്വാഭാവികമായി സ്വന്തം ശരീരനീളത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ ലംബമായി ഉയരാനാകില്ലെന്ന നിരീക്ഷണം മുൻനിർത്തിയാൽ ഈ കേസിലെ 152 സെന്റിമീറ്റർ നീളമുള്ള പാമ്പിന് പരമാവധി ഏകദേശം 50 സെന്റിമീറ്റർ വരെ മാത്രമേ ഉയരാനാകൂ. കിടപ്പുമുറിയുടെ വാതിലിനടിയിലെ 0.5 സെന്റിമീറ്റർവിടവിലൂടെയും പാമ്പിന് പ്രവേശിക്കാനാകില്ല.

വിവിധ കേന്ദ്ര ഏജൻസികൾ നടത്തിയ സുവോളജിക്കൽ സർവേകളും പ്രാദേശിക പാമ്പുപിടിത്തക്കാരിൽനിന്നു ശേഖരിച്ച വിവരങ്ങളും അന്വേഷണസംഘം പ്രയോജനപ്പെടുത്തി. ഈ പ്രദേശം മൂർഖൻപാമ്പുകൾക്ക് അനുകൂലമായ ആവാസമേഖലയല്ലെന്നായിരുന്നു നിഗമനം. ആശുപത്രികളുടെ ചികിത്സാ രേഖകളിൽ പ്രദേശത്ത് മുൻപ് മൂർഖൻപാമ്പ് കടിയേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, പാമ്പുകളെ വേട്ടയാടുകയും ഭക്ഷണമാക്കുകയും ചെയ്യുന്ന കീരികളും മയിലുകളും ധാരാളമുള്ള പ്രദേശമാണിത്.

ഉത്രയ്ക്ക് അണലിയുടേ കടിയേറ്റ സൂരജിന്റെ വീട്ടിലും സമാനമായ നിരീക്ഷണങ്ങൾ സംഘം നടത്തി. ഒന്നാംനിലയിലെ കിടപ്പുമുറിയിലാണ് അന്ന് ഉത്രയ്ക്ക് കടിയേറ്റത്. സാധാരണയായി മരങ്ങളിൽ കയറുന്ന പാമ്പല്ലാത്ത അണലിയുടെ സാന്നിധ്യം വീടിന്റെ മുകൾനിലയിൽ സ്വാഭാവികമല്ലെന്നായിരുന്നു വിദഗ്ധസമിതിയുടെ നിരീക്ഷണം.

സമാഹരിച്ച വിവരങ്ങൾ പ്രകാരം മൂർഖൻപാമ്പ് കടിച്ച സംഭവങ്ങളേറെയും വൈകീട്ട് അഞ്ചുമുതൽ എട്ടുവരെയുള്ള സമയത്താണ് സംഭവിക്കുന്നത്. കൂടാതെ മൂർഖൻപാമ്പുകൾ അണലിയെപ്പോലെ വേഗത്തിൽ പ്രകോപിതരാകാറില്ല. ഉറങ്ങിക്കിടക്കുന്ന ഒരാളെ പ്രകോപനമൊന്നുമില്ലാതെ തുടർച്ചയായി രണ്ടുതവണ മൂർഖൻപാമ്പ് കടിക്കുന്നതും വളരെ അസാധാരണമാണ്.

മൂർഖൻപാമ്പിന്റെ കടി സാധാരണഗതിയിൽ ശക്തമായ വേദനയുണ്ടാക്കും. ഈ കേസിൽ അത്തരത്തിലുള്ള വേദനയുടെ പ്രതികരണവുമുണ്ടായില്ല. ഇത് ഉത്രയ്ക്ക് മയക്കുമരുന്നെന്തെങ്കിലും നൽകിയിരുന്നോയെന്ന സംശയത്തിലേക്കും അന്വേഷണസംഘത്തെ നയിച്ചു.

(തുടരും)