ആദ്യം പരാതി നൽകിയപ്പോൾ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് അൻസിബ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കൊച്ചി: നടൻ ടിനി ടോമിനെ കടവന്ത്ര പോലീസ് ചോദ്യം ചെയ്തു. നടി അൻസിബ ഹസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് ടിനി ടോം പോലീസ് സ്റ്റേഷനിൽ ഹാജരായത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും ജിഹാദി എന്നുവിളിച്ച് വർഗീയ പരാമർശങ്ങൾ നടത്തിയെന്നുമാണ് അൻസിബയുടെ പരാതി.
ടിനി ടോമിന്റെ പരാമർശങ്ങൾ തനിക്ക് വലിയ രീതിയിലുള്ള മാനസിക വിഷമമുണ്ടാക്കിയെന്ന് അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടി. ആദ്യം പരാതി നൽകിയപ്പോൾ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് അൻസിബ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അൻസിബയ്ക്കെതിരെ പരസ്യമായി അശ്ലീല-ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ടിനി ടോം അൻസിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണെന്ന കടവന്ത്ര പോലീസിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി ടിനി ടോമിനെതിരെ അന്വേഷണത്തിന് നിർദേശിച്ചത്.
ഈ കേസിൽ മൊഴി നൽകാൻ നടിമാരായ നീന കുറുപ്പ്, ശ്വേതാ മേനോൻ എന്നിവരും എത്തിയിരുന്നു. ഇവരുടെ മൊഴികൾ കേസന്വേഷണത്തിൽ നിർണ്ണായകമായിട്ടുണ്ട്. ഇതിനിടെ കേസിൽ അറസ്റ്റ് നടപടികൾ ഒഴിവാക്കുന്നതിനായി ടിനി ടോം എറണാകുളം സ്പെഷ്യൽ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ അമ്മ കുടുംബയോഗത്തിന്റെ ഭാഗമായി നടന്ന റിഹേഴ്സലിനിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്. ടിനി ടോം അൻസിബയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികച്ചുവയുള്ള വാക്കുകൾ സംസാരിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിലുള്ള സുപ്രധാന വിവരം. അൻസിബയെ ജിഹാദിയെന്നും മതതീവ്രവാദിയെന്നും ടിനി ടോം വിളിച്ചു. അതിനുപുറമേ അൻസിബ ഇത്തരക്കാരിയാണെന്ന് താരസംഘടനയിലെ മറ്റംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് അൻസിബയുടെ മതപരമായ വ്യക്തിത്വത്തെ വ്രണപ്പെടുത്തിയെന്നും അവർക്ക് മാനഹാനിയും മനോവിഷമവും ഉണ്ടാക്കിയെന്നും FIR-ലുണ്ട്.
നടിയും 'അമ്മ' എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന നീന കുറുപ്പിന്റെ മൊഴിയാണ് കോടതിയിൽ നിർണായകമായത്. 'അമ്മ' ഓഫീസിൽവെച്ച് ടിനി അൻസിബയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് നീന കുറുപ്പ് പോലീസിന് മൊഴി നൽകിയിരുന്നു. ശ്വേതാ മേനോനും ഇതേ കാര്യങ്ങൾ തന്നോട് പറഞ്ഞതായും നീന കുറുപ്പിന്റെ മൊഴിയിലുണ്ടായിരുന്നു.
ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അൻസിബ പോലീസിൽ നൽകിയ പരാതിയിൽ തന്നെ ജിഹാദി എന്ന് വിളിച്ചു, മതപരിവർത്തനം ആരോപിച്ചു എന്നിങ്ങനെയാണ് പറഞ്ഞിരുന്നത്. പ്രാഥമിക പരിശോധന നടത്തിയ പോലീസ് അൻസിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോർട്ട് കൈമാറി. ടിനി ടോമിനെതിരായ അൻസിബയുടെ പരാതി വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു പോലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം.
എന്നാൽ പ്രഥമദൃഷ്ട്യാ ടിനി കുറ്റം ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തിയത്. ഹർജിക്കാരിയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്നും കുറ്റകൃത്യം നടന്നത് കടവന്ത്ര പോലീസ് സ്‌റ്റേഷൻ പരിധിയിൽ അല്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഇതിനുപിന്നാലെയാണ് ടിനിക്കെതിരെ പോലീസ് കേസെടുത്തത്.
Content Highlights: Actor Tini Tom appeared before the Kadavanthra Police for questioning after the court ordered an FIR on actress Ansiba Hassan's complaint alleging verbal abuse, communal slurs, and defamation.
Published: 21 Jul 2026, 09:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented