സിനിമയിൽ 18 വർ‌ഷം പൂർത്തീകരിക്കുകയാണ് തെന്നിന്ത്യൻ താരം പ്രസന്ന. ഈയവസരത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. പതിനെട്ട് വർഷത്തെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല എന്ന് പ്രസന്ന കുറിക്കുന്നു. എങ്കിലും തന്റെ സ്വപ്നം ഇവിടെയാണെന്നും അവസാനം വരെ ഇവിടെ തന്നെ ഉണ്ടാവുമെന്നും പറയുന്ന പ്രസന്ന പതിനെട്ട് വർഷം തന്നെ പിന്തുണച്ച, തനിക്കായി പ്രാർത്ഥിച്ച ഓരോരുത്തരോടും നന്ദിയും പറയുന്നു.

To advertise here,

പ്രസന്നയുടെ കുറിപ്പ്

പിന്നിട്ട വഴികൾ അത്ര എളുപ്പമുള്ളതായിരുന്നില്ല, ഈ വർഷങ്ങളെല്ലാം ഒരു റോളർ കോസ്റ്റർ റൈഡ് പോലെയായിരുന്നു. എനിക്കൊരു സ്വപ്നമുണ്ടായിരുന്നു. ഒരു നടനാകണം എന്ന സ്വപ്നം. അതുമാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അങ്ങനെ ഞാനീ വ്യവസായത്തിലേക്ക് കാലെടുത്തു വച്ചു. ഇന്നും പലപ്പോഴും ഇവിടെ ഞാനൊരു അന്യനാണെന്ന് തോന്നാറുണ്ട്. പക്ഷേ ഇവിടെയാണ് എൻറെ ഹൃദയമുള്ളത്. എനിക്കെന്തെങ്കിലും ചെയ്യാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടെങ്കിൽ അത് ഇവിടെയാണ്. ഞാനിവിടെ തന്നെ നിൽക്കണം എന്ന് ഞാൻ എന്നോട് തന്നെ പറയാറുണ്ട്. അവസാനം വരെയും ഇവിടെ തന്നെ.

2002 ൽ ഇതേ ദിവസമാണ് എൻറെ ആദ്യ ചിത്രം ഫൈവ് സ്റ്റാർ റിലീസ് ചെയ്തത്. പതിനെട്ട് വർഷം കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ കടന്ന് പോയി. ജീവിതം ഒരുപാട് പഠിപ്പിച്ചു.നല്ലതും ചീത്തയും. പരാജയങ്ങൾ എന്നെ ശക്തനാക്കി. വിജയങ്ങളല്ല അന്തിമം എന്ന് ഞാൻ മനസിലാക്കി. ക്ഷമിക്കാനും മുന്നോട്ട് പോകാനും പഠിച്ചു. ക്ഷമ പറയാൻ പഠിച്ചു. എൻറെ ഈഗോ മനസിലാക്കി. 

ഇന്ന് 18 വർഷങ്ങൾക്കിപ്പുറം നിങ്ങൾക്ക് മുന്നിൽ ഞാൻ കൂപ്പുകൈയ്യോടെ നിൽക്കുന്നു. എൻറെ ആരാധകരോട്, സിനിമയിലെ സുഹൃത്തുക്കളോട്, സഹപ്രവർത്തകരോട്, മാധ്യമങ്ങളോട്, എൻറെ കുടുംബത്തോട്, എൻറെ പ്രണയിനി എൻറെ ഭാര്യയോട്, അഭ്യുദയകാക്ഷികളോട്, എല്ലാത്തിനുമുപരി സർവശക്തനായ ദൈവത്തോട് ഞാൻ നന്ദി പറയുന്നു. എനിക്കറിയാം എനിക്ക് ഇനിയുമേറെ മുന്നോട്ട് പോവാനുണ്ട്. തുടങ്ങിയ സമയത്ത് എനിക്കുണ്ടായിരുന്ന അതേ സ്വപ്നം ഇന്നുമുണ്ട്. അന്നെൻറെ ആഗ്രഹങ്ങൾക്ക് കരുത്ത് പകർന്നത് നിങ്ങളുടെ പ്രാർഥനയും പിന്തുണയുമാണ്,. നന്ദി എന്ന രണ്ടക്ഷരം കൊണ്ട് എൻറെ കടപ്പാട് പങ്കുവയ്ക്കാനാവില്ല. എങ്കിലും എല്ലാവരോടും നന്ദി. പ്രസന്ന കുറിക്കുന്നു.

സൂസി ​ഗണേശൻ സംവിധാനം ചെയ്ത ഫൈവ് സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് പ്രസന്ന സിനിമയിലെത്തുന്നത്. മണിരത്നമായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. പല ചിത്രങ്ങളിലുംം തന്റെ സഹതാരമായ സ്നേഹയുമായി ഇതിനിടെ പ്രസന്ന പ്രണയത്തിലായി. 2012 മെയ് 11നാണ് ഇരുവരും വിവാഹിതരാകുന്നത്.  2015ൽ ആയിരുന്നു ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. വിഹാൻ എന്നാണ് മകന്റെ പേര്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ‍വിഹാന് കൂട്ടായി കുഞ്ഞനുജത്തി എത്തിയത്. 

Content Highlights : Actor Prasanna Completes 18 years in film Industry pens a heartfelt note on his journey