സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഫാറൂഖ് അബ്ദുൽ റഹ്മാൻ സംവിധാനം ചെയ്ത 'ഒഴിയാതെ' അയോധ്യ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2026 ഡിസംബർ 10 മുതൽ 12 വരെയാണ് അയോധ്യയിൽ ഫെസ്റ്റിവൽ നടക്കുന്നത്. 1976-ൽ നടന്ന ഒരു യഥാർത്ഥ ചരിത്ര സംഭവത്തെയും അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തെയും ആസ്പദമാക്കി ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

To advertise here,

അന്താരാഷ്ട്ര തലത്തിലെ വിവിധ ചലച്ചിത്ര മേളകളിലും ഇതിനോടകം പ്രദർശിപ്പിച്ച് ശ്രദ്ധ നേടാൻ 'ഒഴിയാതെ'ക്ക് സാധിച്ചിട്ടുണ്ട്. ബാങ്കോക്ക് മൂവി അവാർഡ്സ് (2026), ബോളിവുഡ് ഹോളിവുഡ് ഫിലിം ഫെസ്റ്റിവൽ ലാസ് വെഗാസ് (2026) എന്നിവിടങ്ങളിൽ പുരസ്കാരങ്ങൾ നേടിയ ചിത്രം ബെർലിൻ കീസ് ഫിലിം ഫെസ്റ്റിവലിൽ (2027) ഓണറബിൾ മെൻഷനും, ലുലിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (2026) ഫൈനലിസ്റ്റ് സ്ഥാനവും കരസ്ഥമാക്കി.

വാണിജ്യ സിനിമകൾക്കപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള സ്വതന്ത്ര സിനിമകളെയും ചരിത്ര-സാംസ്കാരിക പ്രാധാന്യമുള്ള ചിത്രങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി 2007-ൽ 'ആവാം കാ സിനിമ' എന്ന സാംസ്കാരിക പ്രസ്ഥാനത്തിന് കീഴിൽ ആരംഭിച്ച പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് അയോധ്യ ഫിലിം ഫെസ്റ്റിവൽ. ഇന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങൾക്കൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ള ശ്രദ്ധേയമായ സിനിമകളും ഇവിടെ പ്രദർശിപ്പിക്കാറുണ്ട്.

1976-ലെ യഥാർത്ഥ ചരിത്ര സംഭവത്തിൽ പങ്കാളികളായവരും പ്രദേശവാസികളുമാണ് 'ഒഴിയാതെ'യിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത് എന്നത് ചിത്രത്തെ ഏറെ വേറിട്ടുനിർത്തുന്നു.

പ്രശസ്ത കൂടിയാട്ടം കലാകാരൻ കലാമണ്ഡലം ശിവൻ നമ്പൂതിരിയും നിരവധി നാടക കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രാഷ്ട്രീയവും കലയും കാലവും ഭാഷയും കൃത്യമായി സമന്വയിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സോണി സുകുമാരനും കലാസംവിധാനം പ്രമോദ് പള്ളിയിലും നിർവ്വഹിച്ചിരിക്കുന്നു. ബിജിബാൽ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം തന്നെ സംഗീത പ്രേമികൾക്കിടയിൽ തരംഗമായിട്ടുണ്ട്. മേതിൽ സതീശന്റേതാണ് വരികൾ. പ്രണവം ശശിയും ബിജിബാലും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ശബ്ദ സന്നിവേശം ഗണേഷ് മാരാർ,എഡിറ്റിംഗ് പ്രേoസായി, വസ്ത്രാലങ്കാരം ലതാ മോഹൻ, കാസ്റ്റിങ്ങ് ഡയറക്ടർ മനേക്ഷാ തുടങ്ങിയവരാണ് മറ്റ് അണിയറശില്പികൾ. ഇൻസൈറ്റ് ദി ക്രീയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെപ്തബറിൽ റിലീസ് ചെയ്ത ചിത്രം നല്ല പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.