വിപണിയിൽനിന്ന് വൻതുക സമാഹരിച്ചെങ്കിലും എ.ഐ. ആശങ്കകൾ പരിഹരിക്കാനോ വിപണിയിൽ ആത്മവിശ്വാസം നിലനിർത്താനോ ആന്ത്രോപ്പിക്കിന് കഴിഞ്ഞില്ല.

എ.ഐ., ചിപ്പ് മേഖലകളിലെ ഓഹരികളിലുണ്ടായ മൂല്യനിർണയ ആശങ്ക ആഗോള വിപണികളെ ബാധിച്ചു. കനത്ത വിൽപ്പനസമ്മർദത്തിൽ വാൾസ്ട്രീറ്റിനു പിന്നാലെ ഏഷ്യൻ സൂചികകളും തകർന്നു. ടെക്‌നോളജി, എ.ഐ. മേഖലയിലെ നിക്ഷേപങ്ങളുടെ ഭാവിയെക്കുറിച്ച് ആഗോള നിക്ഷേപകർക്കിടയിലുണ്ടായ വീണ്ടുവിചാരവും അമേരിക്ക ഏർപ്പെടുത്തിയ സാങ്കേതിക കയറ്റുമതി വിലക്കുകളുമാണ് വിപണിയെ ബാധിച്ചത്. ദക്ഷിണ കൊറിയൻ സൂചികയായ കോസ്പി 54.7 ശതമാനം ഇടിവ് നേരിട്ടു. ജപ്പാന്റെ നിക്കി 4.8 ശതമാനവും താഴ്ന്നു. ഇന്ത്യൻ വിപണിയിൽ എ.ഐ. ഓഹരികളുടെ പങ്കാളിത്തം കുറവായതിനാൽ രാജ്യത്തെ സൂചികകളെ ഇത് അത്രത്തന്നെ ബാധിച്ചില്ല. എങ്കിലും നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
| സൂചിക | രാജ്യം / മേഖല | പ്രതിദിന ഇടിവ് | നഷ്ടം |
|---|---|---|---|
| KOSPI | ദക്ഷിണ കൊറിയ | 4.7% ഇടിവ് | ആഴ്ചയിലെ നഷ്ടം 7.5%; സാങ്കേതിക വിപണിയിൽ കടുത്ത പിൻവാങ്ങൽ. |
| Nikkei 225 | ജപ്പാൻ | 4.8% വരെ ഇടിവ് | ആഴ്ചയിലെ നഷ്ടം 6.8%; ചിപ്പ് ഓഹരികൾ വൻ തകർച്ചയിൽ. |
| Hang Seng | ഹോങ്കോങ് | 2.1% വരെ ഇടിവ് | ജനുവരി 29 ലെ ഉയർന്ന നിരക്കിൽ നിന്ന് 20% ഇടിഞ്ഞ് ബെയർ മാർക്കറ്റിന്റെ വക്കിലെത്തി. |
| MSCI ഏഷ്യ പസഫിക് ഇൻഡക്സ് | ഏഷ്യ- പസഫിക് മേഖല | 3% ഇടിവ് | ഏപ്രിലിന് ശേഷമുള്ള താഴ്ന്ന നിരക്ക്; 2020 ന് ശേഷമുള്ള മോശം വാരം; തുടർച്ചയായ 6-ാം സെഷനിലും നഷ്ടം. |
ആഗോള എ.ഐ. അടിസ്ഥാനസൗകര്യങ്ങളുടെ (ഇൻഫ്രാസ്ട്രക്ചർ) അടിത്തറയായി പ്രവർത്തിക്കുന്ന മെമ്മറി ചിപ്പ് നിർമാതാക്കളായ സാംസങ്, എസ്.കെ. ഹൈനിക്‌സ്, അനുബന്ധ ഉപകരണ വിതരണക്കാരായ കിയോക്‌സിയ, ഇബിഡെൻ തുടങ്ങിയ കമ്പനികളിലേക്ക് സെമികണ്ടക്ടർ ശൃംഖലയുടെ മാന്ദ്യം പടർന്നു. എ.ഐ. മേഖലയിലെ മൂല്യം പുനഃക്രമീകരിക്കപ്പെട്ടപ്പോൾ ആഗോള നിക്ഷേപകർ ദക്ഷിണ കൊറിയ, ജപ്പാൻ ഇക്വിറ്റികളിൽനിന്ന് വൻതോതിൽ പണം പിൻവലിച്ചു. ഈ തകർച്ചകളെല്ലാം പ്രധാനമായും വൻകിട ടെക്‌നോളജി, ചിപ്പ് നിർമാണ കമ്പനികളുടെ ഓഹരികളെ കേന്ദ്രീകരിച്ചാണ് ഉണ്ടായത്.
വൻ മുന്നേറ്റത്തിനുശേഷം ഏതാനും ആഴ്ചകളായി എ.ഐ. ഓഹരികളിൽനിന്ന് വൻതോതിൽ ലാഭമെടുപ്പ് നടക്കുകയാണ്. എ.ഐ.ക്കായി വൻതോതിൽ പണം മുടക്കുന്നുണ്ടെങ്കിലും അതിൽനിന്ന് എത്രത്തോളം ആദായക്ഷമതയുണ്ടെന്ന സംശയമാണ് ടെക് മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ഇത് ഹാർഡ്‌വേർ മേഖലയിലും അനുബന്ധ ഘടക നിർമാണ കമ്പനികളിലും വിൽപ്പനസമ്മർദത്തിന് കാരണമായി.
ഇടിവ് നേരിട്ട ഓഹരികൾ:
സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്, കിയോക്‌സിയ ഹോൾഡിങ്സ്, ഇബിഡെൻ: രാവിലത്തെ വ്യാപാരത്തിൽത്തന്നെ ഈ മുൻനിര കമ്പനികളുടെ ഓഹരിവില പത്തു ശതമാനത്തിലധികം തകർന്നു.
സാംസങ്, എസ്.കെ. ഹൈനിക്‌സ്: ആഗോള ചിപ്പ് വിതരണ ശൃംഖലയിലെ പ്രമുഖ കമ്പനികളാണിവ. നിക്ഷേപകർ വൻതോതിൽ ലാഭമെടുക്കുന്നതിനാൽ കനത്ത സമ്മർദമാണ് നേരിടുന്നത്.
ക്ലോഡ് എ.ഐ. നിർമാതാക്കളായ ആന്ത്രോപ്പിക്കിന്റെ ലിസ്റ്റിങ് മുന്നേറ്റം നിക്ഷേപകരിൽ ആശ്ചര്യം സൃഷ്ടിച്ചു. വിപണിയിൽനിന്ന് വൻതുക സമാഹരിച്ചെങ്കിലും എ.ഐ. ആശങ്കകൾ പരിഹരിക്കാനോ വിപണിയിൽ ആത്മവിശ്വാസം നിലനിർത്താനോ ആന്ത്രോപ്പിക്കിന് കഴിഞ്ഞില്ല.
Content Highlights: AI and chip sector valuation concerns caused a major sell-off in Wall Street and Asian markets., South Korea's Kospi dropped significantly and Japan's Nikkei fell by 4.8 percent., US export restrictions and doubts over AI returns triggered global investor panic., Indian stock markets remained largely unaffected due to lower participation of AI stocks.
Published: 20 Nov 2026, 09:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented