രൺബീർ കപൂറിനെ നായകനാക്കി നിതേഷ് തിവാരി ഒരുക്കിയ 'രാമായണ: പാർട്ട് 1' ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നതിനിടെ, ചിത്രത്തിന്റെ ഉള്ളടക്കത്തെയും സാമ്പത്തിക സ്രോതസ്സിനെയും രൂക്ഷമായി വിമർശിച്ച് നടൻ നിതീഷ് ഭരദ്വാജ് രംഗത്തെത്തി. ബി.ആർ ചോപ്രയുടെ 'മഹാഭാരതം' പരമ്പരയിലൂടെ ശ്രീകൃഷ്ണനായി പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ നടനാണ് മുൻ എം.പി കൂടിയായ നിതീഷ് ഭരദ്വാജ്. ഈ ചിത്രം ഒരു 'അജണ്ട സിനിമ' പോലെയാണ് തോന്നുന്നതെന്നും സിനിമയുടെ ഫണ്ടിങ്ങിനെക്കുറിച്ച് സർക്കാർ അന്വേഷണം നടത്തണമെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ നിതീഷ് ആവശ്യപ്പെട്ടു. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ നിതീഷ് പ്രശംസിക്കുകയും ഓസ്‌കർ പുരസ്‌കാരം നേടുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു.
4,000 കോടി രൂപയുടെ ബജറ്റിലും സംവിധായകൻ നിതേഷ് തിവാരിയുടെ മുൻകാല മികവിലും എ.ആർ റഹ്‌മാന്റെ സംഗീതത്തിലും തനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നെന്നും എന്നാൽ സിനിമ തിയേറ്ററിൽ കണ്ടതോടെ തന്റെ അഭിപ്രായം പൂർണ്ണമായും മാറിയെന്നും, മുൻപ് നടത്തിയ പ്രശംസ പിൻവലിക്കുകയാണെന്നും നിതീഷ് പറഞ്ഞു. രാവണനെ അങ്ങേയറ്റം ഉദാരമതിയും നീതിമാനുമായ ഭരണാധികാരിയായി ചിത്രീകരിക്കുന്നതിലൂടെ രാമായണത്തിന്റെ ധാർമിക ചട്ടക്കൂടിനെത്തന്നെ സിനിമ അട്ടിമറിച്ചുവെന്നും അവതാരത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
'ശ്രീരാമനെ നിർവികാരമായ മുഖമുള്ള ഒരു നിസ്സാര മനുഷ്യൻ മാത്രമായി താഴ്ത്തിക്കെട്ടി. അത് രാമനല്ല; ശ്രീരാമൻ എന്നാൽ 'മര്യാദ'യാണ്,' നിതീഷ് ഭരദ്വാജ് പറഞ്ഞു. കണ്ണീരോടെ അയോധ്യ വിട്ടിറങ്ങുന്ന രാമന്റെ ചിത്രീകരണത്തെയും അദ്ദേഹം എതിർത്തു. 'പ്രാണൻ പോയാലും വാക്ക് പാലിക്കുക' എന്ന ഇക്ഷ്വാകു വംശത്തിന്റെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതിൽ സിനിമ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യാഷ് അവതരിപ്പിച്ച രാവണന്റെ കഥാപാത്രത്തിനെതിരെയാണ് ഭരദ്വാജ് ഏറ്റവും കടുത്ത വിമർശനം ഉന്നയിച്ചത്. 'രാവണന്റെ മോശം വശങ്ങൾ ഒട്ടും കാണിച്ചിട്ടില്ല. ഒരു മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് നേതാവിനെപ്പോലെയാണ് രാവണനെ അവതരിപ്പിച്ചിരിക്കുന്നത്,' അദ്ദേഹം പരിഹസിച്ചു. ആരണ്യകാണ്ഡത്തിലെയും യുദ്ധകാണ്ഡത്തിലെയും പല പ്രധാന ഭാഗങ്ങളും സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും, സ്വന്തം തിന്മകളാണ് രാവണന്റെ പതനത്തിന് കാരണമായതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സിനിമയിൽ കാണിക്കുന്നതുപോലെ രാവണൻ ഇത്രയധികം വിവേകിയും നീതിമാനുമായ രാജാവായിരുന്നെങ്കിൽ പിന്നെ മഹാവിഷ്ണുവിന് ശ്രീരാമനായി അവതരിക്കേണ്ട ആവശ്യമെന്തായിരുന്നുവെന്ന് നിതീഷ് ചോദിച്ചു. ഇത് അവതാര സങ്കല്പത്തെത്തന്നെ അർത്ഥശൂന്യമാക്കുന്നു. രണ്ടാമതായി, പുസ്തകങ്ങൾ വായിക്കാത്ത പുതിയ തലമുറ അടുത്ത രണ്ട് വർഷത്തേക്ക് രാവണനെ ഒരു 'ഹീറോ' ആയി ആരാധിക്കാൻ ഇടയാകും. അങ്ങനെയെങ്കിൽ രണ്ടാം ഭാഗത്തിൽ ദുർബലനായി ചിത്രീകരിച്ച രാമൻ എങ്ങനെ രാവണനെ വധിക്കുമെന്നാണ് അണിയറപ്രവർത്തകർ കാണിക്കാൻ പോകുന്നത്. വില്ലനെ നായകനും നായകനെ വില്ലനുമാക്കുകയാണ് നിങ്ങൾ ചെയ്യുന്നത്-അദ്ദേഹം കൂട്ടിച്ചേർത്തു.
ലക്‌സംബർഗ്, യു.എ.ഇ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് നിർമാണ കമ്പനിയിലേക്ക് പണം എത്തിയതെന്ന് നിതീഷ് ആരോപിച്ചു. ഇന്ത്യൻ സംസ്‌കാരത്തെ ഇകഴ്ത്തിക്കാട്ടാൻ സിനിമയെ ഉപയോഗിക്കുന്ന 'അജണ്ടക്കാർ' പുതിയ കാലത്തെ ബ്രിട്ടീഷുകാരെപ്പോലെയാണ്. ഇതിന് പിന്നിൽ ആരാണെന്ന് സർക്കാർ അന്വേഷിക്കണമെന്നും ഇസ്ലാമിനെയോ ക്രിസ്തുമതത്തെയോ കുറിച്ച് ബോളിവുഡിന് ഇത്തരമൊരു സിനിമ നിർമിക്കാൻ ധൈര്യമുണ്ടാകുമോ?'-നിതീഷ് ചോദിച്ചു.
Content Highlights: Nitish Bharadwaj criticized Nitesh Tiwari's 'Ramayana: Part 1' for distorting the epic's moral framework., He claimed Ravan is portrayed like a Marxist communist leader while Lord Rama's image is diminished., Demanded a government investigation into the film's international funding sources from Luxembourg, UAE, and Singapore., Withdrew his earlier praise and Oscar prediction for the Rs 4,000 crore budget movie.
Published: 20 Nov 2026, 08:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented