മകൾ മീരയുടെ അപ്രതീക്ഷിത വിയോഗത്തിനുശേഷം നടൻ വിജയ് ആന്റണി എടുത്ത രണ്ട് നിർണായക തീരുമാനങ്ങളെക്കുറിച്ച് ഭാര്യ ഫാത്തിമ വിജയ് ആന്റണി വെളിപ്പെടുത്തി. മകളുടെ മരണശേഷം വിജയ് ആന്റണി ചെരിപ്പ് ധരിക്കുന്നത് ഉപേക്ഷിച്ചെന്നും, അവസാനമായി കണ്ടപ്പോൾ മീരയുടെ കൈയിലുണ്ടായിരുന്ന വാച്ചാണ് അദ്ദേഹം ഇന്നും ധരിക്കുന്നതെന്നും ഫാത്തിമ പറഞ്ഞു. 2023 സെപ്റ്റംബറിലാണ് 16-കാരിയായ മീര ആന്റണിയെ ചെന്നൈ ആൽവാർപേട്ടിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു മീര.

To advertise here,

വിജയ് ആന്റണി നായകനാകുന്ന 'അപ്പക്കുട്ടി' എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കവെയാണ് ഫാത്തിമ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. മകളുടെ വിയോഗത്തിനുശേഷം നീണ്ട ഇടവേള കഴിഞ്ഞ് ഫാത്തിമ പങ്കെടുക്കുന്ന ആദ്യ സിനിമാ ചടങ്ങായിരുന്നു ഇത്.

'ഞങ്ങളുടെ മൂത്ത മകൾ മീര മരിച്ചതിനുശേഷം ഞാൻ ഒരു സിനിമാ പരിപാടിയിലും പങ്കെടുത്തിട്ടില്ല. അഞ്ച് വർഷത്തിന് ശേഷമാണ് വീണ്ടും ഇത്തരമൊരു വേദിയിൽ എത്തുന്നത്,' ഫാത്തിമ പറഞ്ഞു. വർഷങ്ങളായി മീരയ്ക്കായി വാങ്ങിക്കൂട്ടിയ ചെരിപ്പുകളുടെയും ഷൂസുകളുടെയും ശേഖരം കണ്ടതിന് ശേഷമാണ് വിജയ് ആന്റണി ചെരിപ്പ് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ഫാത്തിമ പറഞ്ഞു. 'മീരയ്ക്കായി ഞങ്ങൾ ഒരുപാട് ചെരിപ്പുകളും ഷൂസുകളും വാങ്ങിയിരുന്നു; വീട്ടിലെ ഒരു മുറി മുഴുവൻ അവ നിറഞ്ഞിരിക്കുകയാണ്. അത് കണ്ടതിന് ശേഷമാണ് ചെരിപ്പ് ധരിക്കുന്നത് പൂർണമായും നിർത്താൻ വിജയ് ആന്റണി തീരുമാനിച്ചത്. ഇപ്പോൾ വളരെ ഔദ്യോഗികമായ ചില ചടങ്ങുകളിൽ മാത്രമാണ് അദ്ദേഹം ഷൂസ് ധരിക്കാറുള്ളത്. വിലകൂടിയ നിരവധി വാച്ചുകൾ സ്വന്തമായുണ്ടെങ്കിലും, വിജയ് ആന്റണി എല്ലാ ദിവസവും ഒരേയൊരു വാച്ച് മാത്രമാണ് ധരിക്കാറുള്ളത്. അദ്ദേഹം എല്ലാ ദിവസവും ധരിക്കുന്ന ആ വാച്ച്, മീരയെ അവസാനമായി കണ്ടപ്പോൾ അവളുടെ കൈയിലുണ്ടായിരുന്നതാണ്. അന്ന് മുതൽ ഇന്നുവരെ അദ്ദേഹം അത് കൈയിൽ നിന്ന് അഴിച്ചുമാറ്റിയിട്ടില്ല' - ഫാത്തിമ പറഞ്ഞു. ഇളയ മകൾ ലാറയും ചടങ്ങിൽ പങ്കെടുത്തിരുന്നു. മീരയുടെ വിയോഗത്തിനുശേഷം കുടുംബം ഒരുമിച്ച് പൊതുവേദിയിൽ എത്തുന്നത് അപൂർവമാണ്.

കുട്ടിക്കാലത്ത് നഷ്ടപ്പെട്ട സ്‌നേഹം തിരിച്ചുതന്നത് വിജയ് ആന്റണിയാണെന്നും ഫാത്തിമ പറഞ്ഞു. ഏഴ് വയസ്സുള്ളപ്പോൾ പിതാവ് കുടുംബം ഉപേക്ഷിച്ചു പോയതാണ്. കുട്ടിക്കാലത്ത് നഷ്ടപ്പെട്ട ആ സ്‌നേഹവും കരുതലും തനിക്ക് തിരിച്ചുനൽകിയത് വിജയ് ആന്റണിയാണ്-ഫാത്തിമ പറഞ്ഞു.

എല്ലാവർക്കും കുടുംബത്തോടൊപ്പം ഇരുന്ന് കാണാൻ സാധിക്കുന്ന ചിത്രമാണിതെന്ന് വിജയ് ആന്റണി പറഞ്ഞു. 'സിനിമ കണ്ട് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങുമ്പോൾ, ഓരോരുത്തർക്കും തങ്ങളുടെ അച്ഛനെ വിളിച്ച് സംസാരിക്കണമെന്ന് തോന്നും. അത്രയേറെ വൈകാരികമായാണ് അച്ഛനും മകളും തമ്മിലുള്ള ബന്ധം ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്,' അദ്ദേഹം പറഞ്ഞു. മകളുടെ വിയോഗത്തിന് പിന്നാലെ, 'അവളോടൊപ്പം ഞാനും മരിച്ചു. ഇനി ഞാൻ അവൾക്കുവേണ്ടിയാണ് ജീവിക്കുന്നത്, അവൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യും' എന്ന് വിജയ് ആന്റണി കുറിച്ചിരുന്നു. വിജയ് ആന്റണി ഫിലിം കോർപ്പറേഷൻ നിർമിക്കുന്ന ചിത്രങ്ങളിലെല്ലാം നിർമ്മാതാക്കളുടെ സ്ഥാനത്ത് ഫാത്തിമയ്‌ക്കൊപ്പം മീരയുടെ പേരും നൽകിയാണ് കുടുംബം മകളുടെ ഓർമ്മകൾ നിലനിർത്തുന്നത്.

'ഇരവുക്ക് ആയിരം കൺകൾ', 'കണ്ണൈ നമ്പാതെ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മു. മാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അപ്പക്കുട്ടി'. വിജയ് ആന്റണിക്കൊപ്പം പ്രീതി അസ്രാണിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ബേബി ലിഥന്യ ശിവബാലൻ, ഭഗവതി പെരുമാൾ, മുത്തുകുമാർ, ജെൻസൺ ദിവാകർ, മദൻ കുമാർ, ചിത്ര ലക്ഷ്മണൻ എന്നിവരാണ് മറ്റ് താരങ്ങൾ. മകളുടെ സുരക്ഷയ്ക്കായി അപകടകരമായ അധോലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു അച്ഛന്റെ പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.