നീലക്കുറിഞ്ഞി മിസ്സായവർക്ക് ആസ്വദിക്കാനൊരു 'പർപ്പിൾ വസന്തം'. നഗരത്തിരക്കുകളിൽ നിന്ന് അല്പസമയം മാറിനിൽക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയുടെയും മനം കുളിർപ്പിക്കുന്നിടം. റീൽസിലൂടെയും ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയും തരംഗമാവുകയാണ് ഒരു പൂപ്പാടം. ബെംഗളൂരുവിൽനിന്ന് 22 കിലോമീറ്റർ അകലെ വൈറ്റ്ഫീൽഡിനടുത്തുള്ള മുത്കൂറിൽ വിരിഞ്ഞുനിൽക്കുന്ന ഈ പർപ്പിൾ പൂക്കൾ കാണാൻ ആയിരക്കണക്കിന് ആളുകളാണ് ദിവസവും എത്തിച്ചേരുന്നത്.

To advertise here,

പുലർച്ചെയുള്ള തണുപ്പും മഞ്ഞും ആസ്വദിക്കാമെന്ന പ്രതീക്ഷയിലാണ് അതിരാവിലെ തന്നെ മുത്ക്കൂറിലേക്ക് എത്തിയത്. കോടമഞ്ഞിൽ പുതഞ്ഞ പ്രഭാതം, പുലർകാലത്തെ സ്വർണവെയിൽ, വൈകുന്നേരത്തെ ഇളങ്കാറ്റ്...സമയമേതായാലും സഞ്ചാരകളുടെ ഒഴുക്കാണ് ഇവിടേക്ക്. മലയാളികളാണ് ഏറെയും. ദൂരെ നിന്ന് നോക്കുമ്പോൾ തന്നെ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളിൽ പർപ്പിൾ നിറത്തിലുള്ള പരവതാനി വിരിച്ചതുപോലെയുള്ള മനോഹരമായ ദൃശ്യം കാണാം. സൂര്യൻ ഉദിച്ചുയർന്ന് ഇളംവെയിൽ ഈ പൂക്കളിലേക്ക് വീണുതുടങ്ങിയതോടെയാണ് ആ കാഴ്ച അതിന്റെ പൂർണ്ണ സൗന്ദര്യത്തിലേക്ക് എത്തിയത്. പൊൻപ്രഭാതത്തിൽ വിടർന്ന് നിൽക്കുന്ന പൂക്കൾ...മനസ്സിന് വല്ലാത്ത ശാന്തത അനുഭവപ്പെടും തീർച്ച.

ബെംഗളൂരുവിലെ പർപ്പിൾ പാടത്തിലൂടെ നടക്കുമ്പോൾ ഓർമ്മകൾ ഇങ്ങ് സഹ്യമലനിരകളിലെത്തും. അവിടെ പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂത്തുലയുന്ന നീലക്കുറിഞ്ഞികൾ ഫ്രെയിം ബൈ ഫ്രെയിമായി മിന്നിമറയും. നാട്ടിൽ നീലക്കുറിഞ്ഞി കാണാൻ സാധിക്കാതെ പോയവർക്ക് അതിന് സമാനമായൊരു ദൃശ്യവിരുന്ന്്. അതുകൊണ്ടാവണം കാഴ്ചക്കാരിലേറെയും മലയാളികളാണ്. ഈ പൂക്കളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇവ 'ചൈനീസ് ആസ്റ്റർ' ആണെന്ന് മനസ്സിലായത്

സൂര്യകാന്തി കുടുംബത്തിൽപ്പെട്ട ഈ പൂച്ചെടിയുടെ ശാസ്ത്രീയ നാമം കലിസ്റ്റിഫസ് ചൈനൻസിസ് എന്നാണെന്ന് തേവര എസ്.എച്ച് കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജിബി കുര്യാക്കോസ് പറഞ്ഞു തന്നു. ഒപ്പം പൂച്ചെടിയെക്കുറിച്ചുള്ള മറ്റ് ചില അറിവുകളും പങ്കുവച്ചു.

ചൈന, മംഗോളിയ, കൊറിയ, റഷ്യ എന്നിവിടങ്ങളിലും ഇന്ത്യയിലെ ഹിമാചൽ പ്രദേശ്, സിക്കിം തുടങ്ങിയ തണുപ്പുള്ള മേഖലകളിലുമാണ് ഈ പൂക്കൾ സ്വാഭാവികമായി വളരുന്നത്. അലങ്കാര ആവശ്യങ്ങൾക്ക് ധാരാളമായി ഉപയോഗിക്കുന്നതിനാൽ കർഷകർക്ക് മികച്ച വരുമാനം നൽകുന്ന വാണിജ്യ വിള കൂടിയാണിത്. ഭംഗിയോടെ ദീർഘനാൾ വാടാതെ നിൽക്കുമെന്നതാണ് ആവശ്യക്കാരെ കൂട്ടുന്നത്. മറ്റ് ചില വിദേശ സസ്യങ്ങളെപ്പോലെ പ്രാദേശിക പരിസ്ഥിതിക്ക് ഭീഷണിയാകുന്ന ഒരു അധിനിവേശ സസ്യമല്ല എന്നതും ശ്രദ്ദേയമാണ്. ICAR, IIHR പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത പുതിയ ഇനങ്ങളാണ് കർണാടകയിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം കൃഷി ചെയ്യുന്നത്. നമ്മുടെ കേരളത്തിലും വെള്ളായണി കാർഷിക കോളേജിലും, മലപ്പുറം, വയനാട് ജില്ലകളിലുമെല്ലാം പരീക്ഷണാടിസ്ഥാനത്തിൽ ഈ പൂകൃഷി നടക്കുന്നുണ്ടെന്നറിഞ്ഞത് ഏറെ സന്തോഷം നൽകി. ഒപ്പം ഈ ചെടിയുടെ വിവിധ ഇനങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും പുരോഗമിക്കുകയാണെന്ന വാർത്തയും.

പൂപ്പാടത്തിന് നടുവിലൂടെ നടന്നും, പൂക്കളുടെ സൗന്ദര്യം ക്യാമറയിൽ പകർത്തിയും സമയം പോയതറിഞ്ഞില്ല. കാഴ്ചയുടെ വസന്തകാലത്തിന് വിരാമമിട്ട് ഞാൻ തിരികെ നടന്നു. ജീവിതത്തിലെ മനോഹരനിമിഷങ്ങളിലേക്ക് ഒന്നുകൂടി ചേർത്ത് വച്ച്...