പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫിന്റെ വിയോ​ഗത്തിൽ അനുശോചനവുമായി സിനിമാലോകം. മേജർ രവി, ദിലീപ്, കലാഭവൻ റഹ്മാൻ, ടിനി ടോം തുടങ്ങി നിരവധി കലാകാരന്മാർ അനുശോചനം അറിയിച്ചു. വർഷങ്ങളുടെ സൗഹൃദമായിരുന്നു ഹനീഫുമായി ഉണ്ടായിരുന്നതെന്ന് നടനും മിമിക്രി താരവുമായ കലാഭവൻ റഹ്മാൻ മാതൃഭൂമിയോട് പറഞ്ഞു. 

To advertise here,

'വർഷങ്ങളുടെ സൗഹൃദമാണ് ഞങ്ങൾ തമ്മിൽ. കലാഭവനിൽ മിമിക്സ് പരേഡ് കളിക്കുന്ന കാലം മുതലുള്ള പരിചയമാണ്. കൊച്ചിയിൽ വെച്ചാണ് ആദ്യമായി ഹനീഫിനെ കാണുന്നത്. സെെനുദ്ദീനാണ് ഹനീഫിനെ എനിക്ക് പരിചയപ്പെടുത്തുന്നത്. സിനിമയിലൂടെയും സ്റ്റേജിലൂടെയും അല്ലാതെയുമൊക്കെയായി വർഷങ്ങളുടെ അടുപ്പമാണ് ഞങ്ങൾ തമ്മിൽ. 

ഒരാഴ്ച മുൻപ് ഹനീഫ് എനിക്ക് മെസേജ് അയച്ചിരുന്നു. ആശുപത്രിയിലാണെന്നും ചുമ വന്ന് കൂടി ചെസ്റ്റ് ഇൻഫെക്ഷൻ ആയെന്നും പറഞ്ഞു. രണ്ട് ദിവസം മുൻപ് വിളിച്ചപ്പോൾ മോളാണ് ഫോൺ എടുത്തത്. സംസാരിക്കരുതെന്ന് ഡോക്ടർ പറഞ്ഞുവെന്നും ഇപ്പോൾ ആശ്വാസമുണ്ടെന്നുമാണ് അറിയാനായത്', കലാഭവൻ റഹ്മാൻ പറഞ്ഞു. 

'ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുകയും, ഒരു സഹോദരനെപ്പോലെ സ്നേഹബന്ധങ്ങൾ ഉണ്ടായിരുന്നു ഹനീഫിക്കയുമായിട്ട്, അപ്രതീക്ഷിതമാണ് ഈ വിയോഗം, പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട', ദിലീപ് കുറിച്ചു.  

'എന്റെ പൊന്നു സഹോദരന് ആയിരം പ്രണാമങ്ങൾ. അകാലത്തിലുള്ള ഈ യാത്ര വേണ്ടായിരുന്നു എൻ്റെ പൊന്നു സഹോദരാ. വേദനയോടെ ഈ പട്ടാളക്കാരൻ്റെ സല്യൂട്ട് സ്വീകരിച്ചാലും. പ്രണാമം', മേജർ രവി കുറിച്ചു.

ശ്വാസകോശ സംബന്ധമായ രോ​ഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹനീഫിന്റെ അന്ത്യം. നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായി. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറി.

'ചെപ്പ് കിലുക്കണ ചങ്ങാതി'യാണ് ആദ്യ ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, കട്ടപ്പനയിലെ ​ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ഈ വർഷം പുറത്തിറങ്ങിയ ജലധാര പമ്പ്സെറ്റാണ് അവസാന ചിത്രം.