
നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട് തന്നെ അനുകരിക്കുന്നത് ഇഷ്ടമല്ലെന്ന് ആവർത്തിച്ച് നടൻ അശോകൻ. അസീസിന്റെ അനുകരണം കളിയാക്കുന്നതുപോലെയാണ് തോന്നുന്നതെന്നും എന്നാൽ അസീസിനോട് പ്രോഗ്രാം നിർത്താൻ താൻ പറഞ്ഞിട്ടില്ലെന്നും അശോകൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. അശോകനെ ഇനി ഒരിക്കലും അനുകരിക്കില്ലെന്ന് അസീസ് കഴിഞ്ഞദിവസം പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നടൻ്റെ പ്രതികരണം.
‘എന്നെ അനുകരിച്ചതിനെക്കുറിച്ച് കൃത്യമായ മറുപടി ഞാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇനി അതിനെക്കുറിച്ച് പറഞ്ഞ് ഒരു വിവാദം ഉണ്ടാക്കണമെന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തിൽ വിഷമം ഒന്നുമില്ല. ഞാൻ കറക്റ്റ് ആയിട്ട് സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റ് ആണ്, നല്ല കലാകാരനാണ്. അത് തന്നെയാണ് ഞാൻ അന്നും പറഞ്ഞത്. ചില സമയങ്ങളിൽ എന്നെ അനുകരിക്കുന്നത് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. കളിയാക്കി അധിക്ഷേപിച്ച് കാണിക്കുന്ന പോലെ തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് അസീസ് എന്നെ കാണിക്കുന്നത് ഇഷ്ടമല്ല എന്ന് പറയാൻ കാരണം അതാണ്. മുൻപ് ചിലപ്പോൾ കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് ഒരാൾ എല്ലാവരുടെയും മുമ്പിൽവച്ച് ചെയ്യുന്നത് ശരിയല്ല എന്ന് പറയുന്നത് മോശമല്ലേ. പിന്നെ എനിക്ക് പറയാൻ തോന്നി, പറഞ്ഞു. ഒരാളെ വ്യക്തിപരമായി അധിക്ഷേപിക്കൽ ഒന്നുമല്ലല്ലോ ഞാൻ ചെയ്തത്.
Also Read
എന്നെ കറക്ട് ആയിട്ട് അനുകരിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ പേര് ഞാൻ പറയുന്നില്ല. കറക്ടല്ലാതെ ചെയ്യുന്നവരുമുണ്ട്. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണ്, അതൊരു ഗിഫ്റ്റാണ്. അത് എല്ലാവർക്കും കഴിയുന്ന ഒരു കാര്യമല്ല. അതിനെ അംഗീകരിച്ചേ പറ്റൂ. സിനിമയിൽ തന്നെ മിമിക്രിയിൽ നിന്ന് വന്ന എത്രയോ പേരുണ്ട്. ഒരാളെ അനുകരിക്കുമ്പോൾ അധിക്ഷേപിച്ച് കാണിക്കാൻ പാടില്ല. നമുക്ക് എല്ലാവർക്കും കുറ്റവും കുറവുണ്ട്. സാധാരണയിലും കുറച്ച് കൂട്ടിയാണ് മിമിക്രിയിൽ കാണിക്കുന്നത്. അതിനും മുകളിൽ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. അധിക്ഷേപിച്ച ചില ക്ലിപ്പുകൾ ഞാൻ കണ്ടു. എല്ലാവരും മറന്ന് കിടക്കുന്ന ഒരാളെ ആരെങ്കിലും കാണിക്കുമോ? പേര് പോലും മനസിൽ ഇല്ലാത്തവരെ മിമിക്രിക്കാർ കാണിക്കുമോ, ഇല്ല. ആരെങ്കിലും അങ്ങനെ ചെയ്തെന്ന് കരുതി ഒരാൾ പോപ്പുലർ ആകുകയുമില്ല.
അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രഫഷൻ നിർത്തുന്നത് എന്തിനാണ്? ഞാൻ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളു. അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ട് നിർത്താൻ പറയാൻ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ. ഞാൻ പറയുകയുമില്ല. അത് പുള്ളിയുടെ ഇഷ്ടമാണ്. ഞാൻ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റാണ് നല്ല കലാകാരനാണെന്നാണ്. എന്നാൽ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമല്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. എന്നെ വളരെ അധിക്ഷേപിച്ച് ചെയ്യുന്ന ക്ലിപ്പുകൾ ഞാൻ കണ്ടു. എന്നെ കളിയാകുന്നതായോ ആക്ഷേപിക്കുന്നതായോ അരോചകമായിട്ടോ എനിക്ക് തോന്നി’, അശോകൻ പറഞ്ഞു.
ഒരു സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് അശോകനെ അനുകരിക്കില്ലെന്ന് അസീസ് പറഞ്ഞത്. പല മിമിക്രി താരങ്ങളും തന്നെ മോശമായി അനുകരിക്കുന്നുവെന്ന് അശോകൻ മുൻപ് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അസീസിന്റെ പ്രതികരണം. ‘അശോകൻ ചേട്ടൻ്റെ ആ ഇന്റർവ്യൂ കണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ചു തന്നത്. ഇപ്പോൾ നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അത് പുള്ളിയുടെ ഇഷ്ടം. അദ്ദേഹത്തിന് ചിലപ്പോൾ അങ്ങനെ തോന്നിയതായിരിക്കാം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു. അശോകൻ ചേട്ടനെ ഇനി അനുകരിക്കില്ല. നിർത്തി‘, അസീസ് പറഞ്ഞു.
Content Highlights: actor ashokan reacts to mimicry artist azees s statement about mimicry
Published: 30 Nov 2023, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented