
നടൻ അശോകനെ ഇനി അനുകരിക്കില്ലെന്ന് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. ചില മിമിക്രി താരങ്ങൾ തന്നെ മോശമായി അനുകരിക്കുന്നുവെന്ന് അശോകൻ ഈയടുത്ത് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് അസീസിന്റെ പ്രതികരണം. ഒരു സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് അസീസിന്റെ വെളിപ്പെടുത്തൽ.
‘അശോകൻ ചേട്ടൻ്റെ ആ ഇന്റർവ്യൂ കണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ചു തന്നത്. ഇപ്പോള്‍ നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അത് പുള്ളിയുടെ ഇഷ്ടം. അദ്ദേഹത്തിന് ചിലപ്പോൾ അങ്ങനെ തോന്നിയതായിരിക്കാം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു. അശോകൻ ചേട്ടനെ ഇനി അനുകരിക്കില്ല. നിർത്തി.
അശോകൻ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങൾക്കടയിൽ വീണ്ടും ഓർമിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച് ഓവറായി ചെയ്യുന്നത് എന്തിനെന്ന് വെച്ചാൽ, സ്റ്റേജിന് വൈഡ് ആയാണ് അമ്പലപ്പറമ്പിലൊക്കെ ഓഡിയൻസ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കിൽ കുറച്ച് ഓവർ ആയി ചെയ്തേ പറ്റൂ. ടിവിയിൽ അതിലും കുറച്ച് ചെയ്യണം. സിനിമയിൽ അഭിനയിക്കുകയേ വേണ്ട. അതാണ് ഇവ തമ്മിലുള്ള വ്യത്യാസം. നാടകം ഓവറല്ലേ. അങ്ങനെ ഓവറായിട്ട് ചെയ്യണം. പുള്ളിയുടെ കൂടെ ഞാൻ സ്റ്റേജിൽ പങ്കെടുത്തിട്ടുണ്ട്. അസീസ് ചെയ്യുന്നത് ഇഷ്ടമാണെന്ന് പുള്ളി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതെന്തുപറ്റിയെന്ന് അറിയില്ല. ചിലപ്പോൾ ഇപ്പോൾ വേദനിച്ച് കാണും.
ഒരു മനുഷ്യനെ കളിയാക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലെങ്കിൽ അത് അപ്പോൾ നിർത്തണം, അത് സ്വന്തം കൂട്ടുകാരനാണെങ്കിൽ കൂടി. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, ഇനി മുതൽ അശോകൻ ചേട്ടനെ ഒരിടത്തും അനുകരിക്കില്ല. ഫിഗർ ഷോ എന്നത് ഔട്ട് ആയിക്കൊണ്ടിരിക്കുകയാണ്. സ്കിറ്റുകൾ ചെയ്യും. ഞങ്ങൾക്കും ജീവിക്കണ്ടേ, ഞങ്ങൾ മിമിക്രിക്കാരാണ്‘, അസീസ് പറഞ്ഞു. ഇനി എല്ലാവരും ഇതുപോലെ പ്രതികരിച്ചു തുടങ്ങിയാൽ അനുകരണം നിർത്തുമെന്നും മിമിക്രിയിൽ ചെയ്യാൻ വേറെയും ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.
‘അമരം’ എന്ന ചിത്രത്തിൽ അശോകൻ അവതരിപ്പിച്ച രാഘവൻ എന്ന കഥാപാത്രത്തെയാണ് അസീസ് ഉൾപ്പടെയുള്ള മിമിക്രി കലാകാരന്മാർ അനുകരിക്കാറുള്ളത്. നല്ല രീതിയിൽ ചെയ്യുന്ന കലാകാരന്മാരുണ്ടെങ്കിലും ചിലർ മോശമായി അനുകരിക്കാറുണ്ടെന്നാണ് അശോകൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഉള്ളതിന്റെ പത്ത് മടങ്ങ് കൂട്ടിയാണ് ചിലർ കാണിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. അസീസ് തന്നെ നന്നായി അനുകരിക്കാറുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അശോകൻ വെളിപ്പെടുത്തിയിരുന്നു.
‘മിമിക്രിക്കാർ നല്ലതായി ചെയ്യുന്നവരുമുണ്ട്. അതുപോലെ നമ്മളെ വളരെ മോശമായിട്ട് അനുകരിക്കുന്ന ആളുകളുമുണ്ട്. നമ്മളെ ഇറിറ്റേറ്റ് ചെയ്യുന്ന ധാരാളം ആളുകളുമുണ്ട്. നല്ലതായിട്ട് ചെയ്ത പലരുമുണ്ട്. ഉള്ളതിന്റെ പത്ത് മടങ്ങ് കൂട്ടിയാണ് പലരും കാണിക്കുന്നത്. അമരം സിനിമയിൽ ഞാനങ്ങനെ നോക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. മനഃപൂർവം കളിയാക്കാൻ ചെയ്യുന്ന കുറേ പേരുണ്ട്. അവരൊക്കെ നമ്മളെപ്പോലെയുള്ള ആക്ടേഴ്‌സിനെ കൊണ്ട് പേരെടുക്കുന്നു, പൈസ കിട്ടുന്നു, ജീവിക്കുന്നു. സ്നേഹം കൊണ്ട് ചെയ്യുന്നവരുമുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുമ്പോൾ ഒറിജിനൽ ആയിട്ടേ ചെയ്യുകയുള്ളൂ. അസീസ് നന്നായിട്ട് മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് ഞാൻ മുമ്പേ പറഞ്ഞ ആളുകളിൽ പെടുന്ന ഒരാളാണ്. പുള്ളിയൊക്കെ നമ്മളെപ്പോലുള്ള കുറെ ആക്ടേഴ്‌സിനെ മിമിക്രി ചെയ്തിട്ടാണ് പോപ്പുലർ ആയതെന്ന് അങ്ങേര് തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴിൽ അല്ലേ. നമുക്ക് അതിൽ ഒന്നും പറയാൻ പറ്റില്ല‘, അശോകൻ പറഞ്ഞു.
Content Highlights: azees nedumangadu says he will never imitate ashokan
Published: 28 Nov 2023, 09:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented