മാനന്തവാടി: ഡിജിറ്റൽ സർവേയിൽ അധികമായി കണ്ടെത്തി സർക്കാരിന്റെ ഭൂമിയാക്കി മാറ്റിയിട്ട വനഭൂമി സ്വകാര്യവ്യക്തികൾക്കു കൈമാറിയ നടപടി വിവാദത്തിൽ. വയനാട് പേര്യ വില്ലേജിലെ ഏക്കർ കണക്കിനുഭൂമിയാണ് സ്വകാര്യവ്യക്തികൾക്ക് സ്വന്തമായത്. ഡിജിറ്റൽ സർവേ, വനം, റവന്യൂ വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.
പേര്യ ചന്ദനത്തോടിലെ യമുന പ്ലാന്റേഷൻ, നവരത്‌ന എസ്‌േേറ്ററ്റ് എന്നിവയ്ക്കാണ് ഏക്കറു കണക്കിനു ഭൂമി ചാർത്തിക്കൊടുത്തത്.
പേര്യ വില്ലേജിൽ സർവേ നമ്പർ 8/1A1A2-ൽ മാത്രം 116 ഏക്കറോളം വനഭൂമി കാണാതായിട്ടുണ്ട്. ഇത് ഇനിയും കണ്ടെത്താത്ത സാഹചര്യത്തിലാണ് ഡിജിറ്റൽ സർവേയിൽ അളന്ന് ഇതേ സർവേ നമ്പറിൽ അധികമായി കണ്ടെത്തിയ ഭൂമിയിൽ 15 ഏക്കറോളം ഭൂമി യമുന പ്ലാന്റേഷനും 11.8 ഏക്കർ ഭൂമി നവരത്‌ന എസ്റ്റേറ്റിനും പതിച്ച കൊടുത്തതെന്ന പ്രത്യേകതയുമുണ്ട്. ആദ്യം സർവേ നടത്തി സർക്കാർഭൂമിയാക്കി മാറ്റിയിട്ടസ്ഥലം പിന്നീട് എസ്റ്റേറ്റ് ഉടമകളായ സ്വകാര്യവ്യക്തികൾക്ക് കൈമാറിയത് 'എന്റെ ഭൂമി' പോർട്ടലിൽ വ്യക്തമാണ്.
നവരത്‌ന എസ്റ്റേറ്റിന്റെ മുപ്പതേക്കർ ഭൂമിയിൽ 15 ഏക്കർ ഭൂമി വനംവകുപ്പ് ഇ.എഫ്.എൽ. ആയി പിടിച്ചെടുത്തിരുന്നു. എസ്റ്റേറ്റ് അധികൃതർ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയതിനെത്തുടർന്ന് ഈ ഭൂമി പിന്നീട് വനംവകുപ്പ് തിരിച്ചുകൊടുക്കേണ്ടിവന്നു. തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് 11.8 ഏക്കർ ഭൂമി എസ്റ്റേറ്റ് അധികമായി കൈവശംവെക്കുന്നതായി കണ്ടെത്തിയത്. വനംവകുപ്പിന്റെ എതിർപ്പു മറികടന്ന് ഈ ഭൂമിയും ഡിജിറ്റൽ സർവേ വിഭാഗം സ്വകാര്യ വ്യക്തിക്ക് നൽകുകയായിരുന്നെന്നാണ് ആക്ഷേപം. 15 ഏക്കർ ഭൂമി ഒരുമിച്ച് നൽകിയാൽ തോട്ടംഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാവാനിടയുള്ള സാഹചര്യത്തിൽ രണ്ട് പാർട്ടുകളായാണ് ഭൂമി നൽകിയതെന്ന ആക്ഷേപമുണ്ട്.
ഭൂമിയുമായി ബന്ധപ്പെട്ട് യമുന പ്ലാന്റേഷൻ 2001 മുതൽ വനംവകുപ്പുമായി കേസ് നടത്തുന്നുണ്ട്. സുപ്രീംകോടതി വിധിപ്രകാരം യമുന പ്ലാന്റേഷന്റെ ഭൂമി അളന്നിരുന്നു. ഇതിൽ 66 ഏക്കറോളം ഭൂമി ഇവർക്ക് വിട്ടുനൽകുകയും വനത്തിനുള്ളിൽ അധികമായി കണ്ടെത്തിയ 15 ഏക്കറോളം ഭൂമി സർക്കാർ ഭൂമിയായി മാറ്റിയിടുകയും ചെയ്തു. എസ്റ്റേറ്റ് അധികമായി ഭൂമി കൈവശം വെച്ചതായി 2024-ൽ തന്നെ വനംവകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
മാനന്തവാടി- തലശ്ശേരി റോഡരികിൽ അളന്ന് മാറ്റിയിട്ട ഭൂമി സ്വകാര്യവ്യക്തിയുടെ പേരിലാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും സർവേ വിഭാഗത്തിലെ ചില സർവേയർമാരുടെ ഒത്താശ ഇതിനുപിന്നിലുണ്ടെന്നും കാണിച്ച് നോർത്ത് വയനാട് ഡി.എഫ്.ഒ. ആയിരുന്ന കെ.ജെ. മാർട്ടിൻ ലോവൽ 2025 മാർച്ചിൽ സബ് കളക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് സർവേ അസി. ഡയറക്ടർ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തിയാണ് അധികമായി കണ്ടെത്തിയ ഭൂമി സർക്കാർഭൂമിയാക്കി മാറ്റിയിട്ടത്. പിന്നീട് ഇത് സ്വകാര്യവ്യക്തിക്ക് പതിച്ചു നൽകുകയായിരുന്നു. വനംവകുപ്പിന് അവകാശപ്പെട്ട ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചനൽകുന്ന ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് ഡി.എഫ്.ഒ. നൽകിയ പരാതിയുടെ തുടർനടപടികളിൽ ഗൗരവമില്ലാതിരുന്നതിനാലാണ് ഭൂമി സ്വകാര്യവ്യക്തിക്ക് ലഭിക്കാനിടയായതെന്നാണ് ആക്ഷേപം.
ഡിജിറ്റൽ സർവേയ്ക്കുശേഷം പേര്യ വില്ലേജിൽ വനവിസ്തൃതിയിൽ വ്യാപകമായ കുറവുവന്നിട്ടുണ്ട്. വനാതിർത്തിയിലുള്ള വൻകിടക്കാർ ഭൂമിയുടെ അളവ് വർധിച്ചതായുള്ള ആക്ഷേപവുമുയർന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പേര്യ, തവിഞ്ഞാൽ വില്ലേജിൽ നടന്ന മുഴുവൻ ഡിജിറ്റൽ സർവേയും പുനഃപരിശോധിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
Content Highlights: Wayanad, Perya Forest Land, Controversy, Digital Survey
Published: 26 Nov 2026, 04:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented