ജനീവ (സ്വിറ്റ്സർലൻഡ്): ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഗെയിമിനു പിന്നാലെ രണ്ടാം ഗെയിമിലും നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ ഡി. ഗുകേഷും ചാലഞ്ചർ ഉസ്‌ബെക്കിസ്താന്റെ ജാവോഹിർ സിന്ദ്രോവും സമനിലയിൽ പരിഞ്ഞു. വെള്ള കരുക്കളുമായി കളത്തിലിറങ്ങിയ ഗുകേഷിന് കാര്യമായ മേൽക്കൈ നേടാൻ സാധിച്ചില്ല. ലണ്ടൻ സിസ്റ്റം ഓപ്പണിങ്ങിലൂടെ കളി തുടങ്ങിയ ഗുകേഷിന്റെ പദ്ധതികളെ സിന്ദ്രോവ് തരണം ചെയ്യുകയും, 20 നീക്കങ്ങൾക്ക് ശേഷം മൂന്ന് തവണ നീക്കങ്ങൾ ആവർത്തിച്ച് കളി സമനിലയിലാകുകയും ചെയ്തു.

To advertise here,

ആദ്യ മത്സരത്തിൽ കടുത്ത സമ്മർദം നേരിട്ട ഗുകേഷ് വെള്ള കരുക്കളിലൂടെ മികച്ച തുടക്കം പ്രതീക്ഷിച്ചിരുന്നെങ്കിലും, ഉസ്‌ബെക്ക് താരത്തിന്റെ കൃത്യമായ തയാറെടുപ്പ് ഗുകേഷിന്റെ നീക്കങ്ങളെ പ്രതിരോധിച്ചു. കളിയുടെ തുടക്കത്തിൽ തന്നെ സിന്ദ്രോവ് തന്റെ ക്വീൻ ഉപയോഗിച്ച് നടത്തിയ തന്ത്രപരമായ നീക്കം ഗുകേഷിന് തിരിച്ചടിയാവുകയും, സ്വാഭാവിക ശൈലി മാറ്റാൻ നിർബന്ധിതനാകുകയും ചെയ്തു. ശരിയായ നീക്കങ്ങൾ കണ്ടെത്താൻ ഗുകേഷ് ഏറെ സമയം ആലോചിച്ചതോടെ ക്ലോക്കിലെ സമയത്തിലും സിന്ദ്രോവിനേക്കാൾ പിന്നിലായി. കാര്യമായ ഭീഷണികളൊന്നും ഉയർന്നുവരാത്ത സാഹചര്യത്തിൽ കൂടുതൽ റിസ്‌ക് എടുക്കാൻ മുതിരാതെ ഇരുതാരങ്ങളും സമനില സമ്മതിക്കുകയായിരുന്നു.