ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുത്തൻ ക്യാമ്പസ് പ്രണയകാലം കൊണ്ടുവരാൻ 'പ്രേംപാറ്റ' എത്തുന്നു. കോളജ് എൻ.എസ്.എസ്. ക്യാമ്പിന്റെ ഹൃദ്യമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയ-ഹാസ്യ ചിത്രം നവംബർ 27-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 'ആയിഷ', 'ഇ.ഡി.' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ'യുടെ പോസ്റ്ററുകളും ട്രെയിലറും ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.

To advertise here,

കോളജ് ജീവിതത്തിന്റെ കുസൃതികളും സൗഹൃദവും എൻ.എസ്.എസ്. ക്യാമ്പിലെ മറക്കാനാവാത്ത പ്രണയനിമിഷങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളികൾ ആഘോഷിച്ച നിരവധി പുസ്തകങ്ങളിലൂടെ വായനക്കാരുടെ പ്രിയങ്കരനായ എഴുത്തുകാരൻ ലിജീഷ് കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

റിലീസിന് മുൻപ് മലയാള സിനിമാ ചരിത്രത്തിൽ ഇരട്ടനേട്ടങ്ങൾ കുറിക്കാൻ 'പ്രേംപാറ്റ'യ്ക്ക് സാധിച്ചു. മലയാള സിനിമയിൽ ആദ്യമായി രാജ്യാന്തര മ്യൂസിക് ലേബലായ വാർണർ മ്യൂസിക് ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കുന്ന ചിത്രം എന്ന പ്രത്യേകത പ്രേംപാറ്റയ്ക്കുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനമായ 'നെഞ്ചാടിയേ...' പ്രേക്ഷകർക്കിടയിൽ ഇതിനോടകം പ്രണയമഴ പെയ്യിച്ചു കഴിഞ്ഞു. സുഹൈൽ എം. കോയയുടെ വരികൾക്ക് അങ്കിത് മേനോൻ ഈണവും ഓർക്കസ്ട്രേഷനും നിർവഹിച്ച ഗാനം നിഹാൾ സാദിഖാണ് ആലപിച്ചിരിക്കുന്നത്. ഇതിനുപുറമെ, പ്രശസ്ത പിന്നണി ഗായകൻ സൂരജ് സന്തോഷ് ആലപിച്ച ചിത്രത്തിലെ മറ്റൊരു ഗാനം കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ മിറാഷ് ടവേഴ്സിലുള്ള എ.എം.പി. സ്റ്റുഡിയോയിലാണ് റെക്കോർഡ് ചെയ്തത്. കെനിയയിൽ റെക്കോർഡ് ചെയ്യപ്പെടുന്ന ആദ്യ മലയാള സിനിമാ ഗാനമെന്ന അപൂർവനേട്ടവും ചിത്രം സ്വന്തമാക്കി.

'നെഞ്ചാടിയേ...' എന്ന ഗാനത്തിലും മുഖം മറച്ച് കണ്ണുകൾ മാത്രം കാണിച്ചാണ് നായിക പ്രത്യക്ഷപ്പെടുന്നത് എന്നത് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇതോടെ ചിത്രത്തിലെ നായിക ആരാണെന്ന ആകാംക്ഷയും സസ്പെൻസും സിനിമാപ്രേമികൾക്കിടയിൽ ഇരട്ടിയായിരിക്കുകയാണ്.

ജോമോൻ ജ്യോതിർ നായകനായെത്തുന്ന ചിത്രത്തിൽ സാഫ് ബോയ്, ജുനൈസ് വി.പി., നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ് ജൂനിയർ, വിഘ്നേഷ് വി.ക്യു., റയാൻ എൻ.ടി.പി., സൽമാനുൽ ഫാരിസി തുടങ്ങി യുവാക്കൾക്കിടയിൽ വലിയ ആരാധകവൃന്ദമുള്ള താരനിര അണിനിരക്കുന്നു. ഇവരോടൊപ്പം നാൽപ്പതോളം പുതുമുഖ യുവതാരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങി മലയാളത്തിലെ പ്രമുഖ അഭിനേതാക്കളുടെ ശക്തമായ സാന്നിധ്യവും ചിത്രത്തിന്റെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു.

സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് അങ്കിത് മേനോനാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് 'പ്രേംപാറ്റ' തിയേറ്ററുകളിൽ എത്തിക്കുന്നത്.