കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനംചെയ്ത് കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രം നിയമക്കുരുക്കിൽ. സിനിമയിൽ അനുവാദമില്ലാതെ തന്റെ വ്യക്തിഗത മൊബൈൽ നമ്പർ ഉപയോഗിച്ചെന്ന് കാട്ടി എറണാകുളം സ്വദേശിയും ഐടി പ്രൊഫഷണലുമായ അക്ഷയ് പ്രകാശ് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി പോലീസിന് നിർദേശം നൽകി. തിയേറ്ററുകളിലും ഒടിടിയിലും സിനിമ റിലീസ് ചെയ്തതിന് ശേഷം വിദേശത്തുനിന്നുൾപ്പെടെ ആളുകളിൽ നിന്ന് അനാവശ്യ കോളുകളുടെയും സന്ദേശങ്ങളുടെയും പ്രവാഹമാണുണ്ടായതെന്ന് പരാതിക്കാരൻ അവകാശപ്പെട്ടു.

To advertise here,

നായകനായ കുഞ്ചാക്കോ ബോബൻ അഭിനയിച്ച ഒരു രംഗത്ത് തന്റെ മൊബൈൽ നമ്പർ കാണിച്ചുവെന്നാണ് അക്ഷയ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സിനിമയിലെ നിർണായകമായ ഒരു രംഗത്ത് ഡോക്ടറായി ചിത്രീകരിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ കോൺടാക്റ്റ് നമ്പറായാണ് ഈ നമ്പർ കാണിച്ചതെന്നാണ് അക്ഷയ് പറയുന്നത്. തിയേറ്ററുകളിലും ഒടിടിയിലും സിനിമ റിലീസായതിനുപിന്നാലെ തനിക്ക് അപരിചിതരിൽ നിന്ന് നിരന്തരം കോളുകളും സന്ദേശങ്ങളും ലഭിക്കാൻ തുടങ്ങിയതായി അക്ഷയ് പറയുന്നു. ഈ സാഹചര്യം തനിക്ക് ഏറെ ബുദ്ധിമുട്ടും മാനസിക വിഷമവും ഉണ്ടാക്കിയതായി അദ്ദേഹം വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകൾ, ആധാർ, പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) എന്നിവയുൾപ്പെടെയുള്ള പ്രധാനപ്പെട്ട സേവനങ്ങളുമായി തന്റെ നമ്പർ ബന്ധിപ്പിച്ചിട്ടുണ്ടെന്നും, അതിനാൽ നമ്പർ മാറ്റുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സംഭവത്തിൽ ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) സെക്ഷൻ 175(3) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷംനാദ് എസ്, നവംബർ 21-ന് സെൻട്രൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദ്ദേശം നൽകിയെന്ന് ബാർ ആന്റ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. തന്റെ ആശങ്കകൾ മുൻപത്തെ പോലീസ് റിപ്പോർട്ട് വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്ന് വാദിച്ചുകൊണ്ട് പരാതിക്കാരൻ സമർപ്പിച്ച എതിർഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ വിചാരണക്കോടതി ആദ്യം പോലീസിന് നിർദ്ദേശം നൽകിയിരുന്നു, തുടർന്ന് പോലീസ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി ബി.എൻ.എസ്.എസ് സെക്ഷൻ 175(3) പ്രകാരം പരാതി പോലീസ് സ്റ്റേഷനിലേക്ക് അയക്കുകയാണെന്ന് നവംബർ 21-ലെ ഉത്തരവിൽ കോടതി വ്യക്തമാക്കി.

തന്റെ മൊബൈൽ നമ്പർ അനധികൃതമായി പ്രദർശിപ്പിച്ചത് 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് തുല്യമാണെന്ന് അക്ഷയ് പ്രകാശ് അവകാശപ്പെട്ടു. ഐഡന്റിറ്റി തെഫ്റ്റ് അഥവാ ആൾമാറാട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ 66സി, കമ്പ്യൂട്ടർ റിസോഴ്സുകൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ 66ഡി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ്, 2021-ലെ വ്യവസ്ഥകളും അദ്ദേഹം പരാമർശിച്ചു.

നടപടി ആവശ്യപ്പെട്ട് താൻ സൈബർ സെല്ലിനെയും സിനിമയുടെ നിർമാതാക്കളെയും സമീപിച്ചിരുന്നെങ്കിലും തന്റെ പരാതികളിൽ ഫലപ്രദമായ പരിഹാരം ഉണ്ടായില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

'ഓഫീസർ ഓൺ ഡ്യൂട്ടി'യുടെ നിർമ്മാതാവ് മാർട്ടിൻ പ്രക്കാട്ട്, സഹ-നിർമ്മാതാക്കളായ സിബി ചാവറ, രഞ്ജിത്ത് നായർ, നെറ്റ്ഫ്ലിക്സ്, സീ എന്റർടൈൻമെന്റ്, മെറ്റ, വാട്സാപ്പ് തുടങ്ങിയവരെയാണ് പരാതിയിൽ പ്രതിചേർത്തിരിക്കുന്നത്. അഭിഭാഷകരായ സുകേഷ് റോയ്, മീര മേനോൻ, ദിവ്യ എ.ആർ എന്നിവർ പരാതിക്കാരന് വേണ്ടി ഹാജരായി.