ഇഷ്ടഗാനങ്ങളുടെ ശില്പി പടവിറങ്ങിവരുന്നതും കാത്ത് കോഴിക്കോട്ടെ നളന്ദ ടൂറിസ്റ്റ് ഹോമിന്റെ ലോബിയിൽ അക്ഷമനായിരിക്കുന്നു തുടക്കക്കാരനായ പത്രലേഖകൻ. അന്തരീക്ഷം നിറയെ അനശ്വരഗാനങ്ങളുടെ ശീലുകളാണ്. കുട്ടിക്കാലം മുതലേ കേട്ട് മനസിൽ പതിഞ്ഞ പാട്ടുകൾ. പൂത്തുമ്പികളെപ്പോലെ ചുറ്റും പാറിനടക്കുന്നു അവ: ഹൃദയമുരുകി നീ കരയില്ലെങ്കിൽ, പൊൻകിനാവിൻ പുഷ്പരഥത്തിൽ, തളിർവലയോ താമരവലയോ, ദ്വാരകേ ദ്വാരകേ, മാനസതീരത്തെ ചുംബിച്ചുണർത്തുന്ന, നിൻ മണിയറയിലെ, നീലനിശീഥിനി, അനുവാദമില്ലാതെ അകത്തുവന്നു, കായൽക്കരയിൽ തനിച്ചുവന്നത്, യദുകുല രതിദേവനെവിടെ, രത്‌നരാഗമുണർന്ന നിൻ കവിളിൽ, ചന്ദ്രരശ്മി തൻ, ഭാമിനീ ഭാമിനീ, മാന്മിഴിയാൽ മനം കവർന്നൂ, ചെമ്പകത്തൈകൾ പൂത്തമാനത്ത് പൊന്നമ്പിളി, പാടാത്ത വീണയും പാടും, സീമന്തരേഖയിൽ, ആ ത്രിസന്ധ്യതൻ, ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും...

To advertise here,

നെഞ്ചിടിപ്പ് കൂടുന്നു. കയ്യിലെ കൊച്ചു നോട്ട് പാഡ് വിയർപ്പിൽ കുതിരുന്നു. അധികമായിട്ടില്ല മാധ്യമജീവിതം തുടങ്ങിയിട്ട്. ഒരു പ്രമുഖവ്യക്തിയെ ഇന്റർവ്യൂ ചെയ്യാൻ പോകുന്നത് നടാടെ. എവിടെ തുടങ്ങണം? എങ്ങനെ തുടങ്ങണം? എന്തായിരിക്കും ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം? ഓർക്കുന്തോറും ടെൻഷൻ കൂടിവരുന്നു. തൊണ്ട വരളുന്നുണ്ടോ എന്ന് സംശയം.

വർഷങ്ങളായി സിനിമയിലും നാടകത്തിലും നിറഞ്ഞുനിൽക്കുന്ന സംഗീത സംവിധായകൻ. എത്രയോ സൂപ്പർഹിറ്റ് സിനിമകളുടെയും ഗാനങ്ങളുടേയും ഭാഗം. സമയത്തിന് പൊന്നുംവിലയുള്ള ആൾ. 'സൂക്ഷിച്ചും കണ്ടുമൊക്കെ സംസാരിച്ചാൽ മതി. ആൾ ദേവരാജൻ മാഷെപ്പോലെ ദേഷ്യക്കാരനാണെന്നാണ് കേട്ടിട്ടുള്ളത്. മാഷിന്റെ ശിഷ്യനുമാണല്ലോ. സ്വാഭാവികം', അഭിമുഖത്തിന് പുറപ്പെടുമ്പോൾ ന്യൂസ് ഡെസ്‌ക്കിലെ തലമുതിർന്ന സുഹൃത്ത് നൽകിയ വിലപ്പെട്ട ഉപദേശം കാതിൽ അലയടിക്കുന്നു.

'ഈശ്വരാ അദ്ദേഹം നല്ല മൂഡിലായിരിക്കണേ... വിവരക്കേടൊന്നും നാവിൻ തുമ്പത്ത് വന്നുപോകരുതേ...' ഉള്ളിലെ ട്രെയിനീ ജേർണലിസ്റ്റ് പ്രാർഥനാനിരതനാകുന്നു.

കാത്തിരിപ്പിനൊടുവിൽ അതാ കഥാപുരുഷന്റെ രംഗപ്രവേശം. മൃദുപാദപതനങ്ങളോടെയാണ് വരവ്; പടവുകളെ തെല്ലും നോവിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട്. ശുഭ്രവസ്ത്രധാരി, കാഴ്ച്ചയിൽ കൊച്ചുകുഞ്ഞിനെപ്പോലെ സൗമ്യൻ. നേർത്ത ഫ്രെയിമുള്ള കണ്ണടക്കപ്പുറത്ത് ആകാംക്ഷ നിറഞ്ഞ കണ്ണുകൾ. എനിക്കുള്ളതിനേക്കാൾ ടെൻഷനുണ്ടോ ആ മുഖത്തെന്ന് സംശയം.

സ്റ്റെപ്പിറങ്ങി മുന്നിൽ വന്നുനിന്നു അദ്ദേഹം. അപ്പോഴേക്കും പരിഭ്രമത്തോടെ തട്ടിപ്പിടഞ്ഞെഴുന്നേറ്റിരുന്നു യുവപത്രപ്രവർത്തകൻ. മനോഹരമായ ഒരു പുഞ്ചിരിയാൽ അവന്റെ വേവലാതി മുഴുവൻ അകറ്റിയശേഷം, വിനീതമായി തൊഴുതുകൊണ്ട് ഒരു ചോദ്യം: 'മക്കള് വന്നിട്ട് കുറേയായോ? കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാകും അല്ലേ? കുളിക്കുകയായിരുന്നു. ക്ഷമിക്കണം'.

സങ്കല്പങ്ങളാൽ കെട്ടിയുയർത്തിയ ഒരു സ്ഫടികബിംബം അതോടെ തവിടുപൊടിയാകുന്നു. പകരം ആ സ്ഥാനത്ത് ഗ്രാമ്യവിശുദ്ധിയോടെ പുഞ്ചിരിച്ചുനിൽക്കുന്നു സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ. നാട്യങ്ങളില്ല, ഞാനെന്ന ഭാവമില്ല. കൃത്രിമ ചേഷ്ടകളില്ല, വാക്കിലും നോക്കിലും ആത്മാർഥതയുടെ തെളിച്ചം മാത്രം. 'മക്കള് ചോദിച്ചോളൂ. അറിയാവുന്നതൊക്കെ പറഞ്ഞുതരാം...' ലോബിയിലെ സോഫയിൽ തൊട്ടടുത്ത് വന്നിരുന്ന് അദ്ദേഹം പറഞ്ഞു.

എം.കെ. അർജ്ജുനൻ എന്ന അർജ്ജുനൻ മാസ്റ്ററുമായുള്ള എന്റെ ആദ്യത്തെ കൂടിക്കാഴ്ച്ച. നാല് പതിറ്റാണ്ടുകൾക്ക് ശേഷം തിരിഞ്ഞുനോക്കുമ്പോൾ ആ ആദ്യകൂടിക്കാഴ്ച്ച പകർന്നുതന്ന ആത്മവിശ്വാസമല്ലേ തുടർന്നുള്ള യാത്രയിൽ എന്നിലെ പത്രലേഖകന് വഴിവിളക്കായത് എന്ന് തോന്നാറുണ്ട്. രണ്ടുമണിക്കൂറോളം നീണ്ട അഭിമുഖത്തിന് ശേഷം നളന്ദയുടെ പടിയിറങ്ങുമ്പോൾ പുതിയൊരു ലോകം മുന്നിൽ തുറന്ന പോലെ.

നൂറു കണക്കിനാളുകളെ പിന്നീട് ഇന്റർവ്യൂ ചെയ്തിട്ടുണ്ടാകും. സ്വഭാവവിശേഷങ്ങളിലും പെരുമാറ്റരീതികളിലുമെല്ലാം വ്യത്യസ്തത പുലർത്തുന്നവർ. മിതഭാഷികളും ക്ഷിപ്രകോപികളും വികാരജീവികളും ആത്മപ്രശംസയിൽ അഭിരമിക്കുന്നവരും ലോകത്തെതന്നെ പുച്ഛത്തോടെ കാണുന്നവരും എല്ലാമുണ്ടവരിൽ. എന്നാൽ അർജ്ജുനൻ മാസ്റ്റർക്ക് തുല്യനായി അർജ്ജുനൻ മാസ്റ്റർ മാത്രം. പാട്ടുകൾക്കൊപ്പമുള്ള യാത്രയിൽ കണ്ടുമുട്ടിയ ഏറ്റവും നന്മനിറഞ്ഞ മനുഷ്യരിലൊരാൾ. ഉയരങ്ങളിൽ വിരാജിക്കുമ്പോഴും കാലുകൾ നിലത്തുറപ്പിച്ചു നിർത്തിയ ഒരാൾ.

അവസാനം കാണുമ്പോൾ രോഗാവസ്ഥയിലാണ് അദ്ദേഹം. ക്ഷീണിതനും. എന്നിട്ടും കിടക്കയിൽ അടുത്തുവിളിച്ചിരുത്തി എനിക്കേറെ പ്രിയപ്പെട്ട 'ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം' എന്ന പാട്ടിന്റെ പല്ലവി പതുക്കെ മൂളിക്കേൾപ്പിച്ചു അദ്ദേഹം. ക്ഷീണിതമായിരുന്നു ശബ്ദം. എങ്കിലും വരികളൊന്നും തെറ്റിയില്ല.

'എന്തൊരു പാട്ടാണത് മാഷേ... ഈ കയ്യിൽ നിന്നല്ലേ ആ പാട്ടൊക്കെ ഉണ്ടായത്', നിറകണ്ണുകളോടെ സ്‌നേഹപൂർവം അർജ്ജുനൻ മാസ്റ്ററുടെ കൈകളിൽ തലോടി ഞാൻ. പിന്നെ തലകുനിച്ച്, നെറ്റികൊണ്ട് ആ വിരലുകളിൽ തൊട്ടു. അർജ്ജുനഗീതങ്ങൾക്കൊപ്പം വളർന്നുവന്ന ഒരു ആരാധകന്റെ സ്‌നേഹപ്രണാമം.

പതിവുപോലെ വിനയാന്വിതനായി മാസ്റ്റർ: 'എന്താ പറയുക. സാഹിത്യത്തിന്റെ ഭംഗിയാണ്. ഭാസ്‌കരൻ മാസ്റ്ററുടെ കവിതയുടെ ശക്തി', അത്രമാത്രം.

അതായിരുന്നു അവസാന കൂടിക്കാഴ്ച്ച. ദിവസങ്ങൾക്കകം, 2020 ഏപ്രിൽ ആറിന് മാസ്റ്റർ ഓർമയായി. ജീവിച്ചിരുന്നെങ്കിൽ ഞായറാഴ്ച്ച 90 തൊണ്ണൂറ് വയസ് തികഞ്ഞേനെ മാസ്റ്റർക്ക്.

മാഷോടും മകൻ അശോകനോടും യാത്ര പറഞ്ഞു പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങിയപ്പോൾ ചുണ്ടിലും മനസിലും ആ പാട്ടിന്റെ ഈരടികളുണ്ടായിരുന്നു. ഇതാ ഈ നിമിഷവുമുണ്ട്:

'ബാല്യത്തിൻ മലർവനം കാലം ചുട്ടെരിച്ചപ്പോൾ
ബാഷ്പത്താലെഴുതിയ കവിത പാടാം
ഉയരുമെൻ ഗദ്ഗദം തടയുകില്ലെങ്കിൽ ഞാൻ
കരളിന്റെ കരളിലെ കവിത പാടാം'