മികച്ച ഗായകനുള്ള ദേശീയ അവാർഡും നന്ദി അവാർഡും ഫിലിംഫെയർ അവാർഡും ഉൾപ്പെടെ 'ശങ്കരാഭരണം' എന്ന സിനിമ നേടിത്തന്ന കീർത്തിമുദ്രകൾ ഒന്നടങ്കം എസ്.പി. ബാലസുബ്രഹ്‌മണ്യം സമർപ്പിച്ചിട്ടുള്ളത് ഒരു തിരുവനന്തപുരംകാരനാണ്- ചാലയിൽ ജനിച്ചുവളർന്ന് തമിഴകത്ത് വാദ്യവിന്യാസ വിദഗ്ധനായി പേരെടുത്ത വേലപ്പൻ നായർ എന്ന അപ്പുവിന്.

To advertise here,

'പുകഴേന്തി' എന്ന പേരിലാണ് സിനിമാലോകത്ത് അപ്പുവിനു ഖ്യാതി. കെ.വി. മഹാദേവന്റെ വിശ്വസ്ത സഹായിയായ പുകഴേന്തിയുടെ ആത്മാർഥമായ ശിക്ഷണം ഇല്ലായിരുന്നെങ്കിൽ 'ശങ്കരാഭരണ'ത്തിലെ പാട്ടുകൾ പാടി ഫലിപ്പിക്കാൻ തനിക്ക് കഴിയില്ലായിരുന്നു എന്ന് വിശ്വസിച്ചു എസ്.പി.ബി.

'ശങ്കരാഭരണത്തിൽ പാടാൻ ക്ഷണം ലഭിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറാനാണ് ഞാൻ ശ്രമിച്ചത്. പിതാവിനെ പോലെ ഞാൻ ആദരിക്കുന്ന വിശ്വനാഥ് സാറിന്റെ പടമാണ്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ. ഈ പടവും ഒരു അവിസ്മരണീയ ദൃശ്യാനുഭവം ആകുമെന്നുറപ്പായിരുന്നു. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത എനിക്ക് പടത്തിലെ പാട്ടുകളോട് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ സംശയം. പാട്ടുകളുടെ നിലവാരമില്ലായ്മ കൊണ്ട് ഒരു ക്ലാസിക് പടം ശ്രദ്ധിക്കപ്പെടാതെ പോയാലോ? അതിൽപ്പരം ഒരപമാനമുണ്ടോ. സംവിധായകന് മാത്രമല്ല ആ സിനിമയിൽ പ്രവർത്തിച്ച മറ്റെല്ലാവർക്കും അത് ദുഷ്‌പേരുണ്ടാക്കും. എനിക്കു പകരം മറ്റേതെങ്കിലും പാട്ടുകാരനെ തേടാൻ അപേക്ഷിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. വിശ്വനാഥ് സാറിന് എന്റെ കഴിവുകളിൽ അത്രയും വിശ്വാസമായിരുന്നിരിക്കണം; പുകഴേന്തി മാസ്റ്റർക്കും', എസ്.പി.ബിയുടെ വാക്കുകൾ.

കെ.വി. മഹാദേവനാണ് സംഗീതസംവിധായകൻ. 'അടിമൈപ്പെൺ' എന്ന എം.ജി.ആർ. ചിത്രത്തിലെ `ആയിരം നിലവേ വാ' എന്ന മനോഹര പ്രണയഗാനത്തിലൂടെ എസ്.പി.ബിക്ക് സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ ഏറ്റവും വലിയ ബ്രേക്ക് നൽകിയ വ്യക്തി. വേറെയും മെലഡികൾ കെ.വി.എമ്മിനുവേണ്ടി പാടി ഹിറ്റാക്കിയിട്ടുണ്ടെങ്കിലും 'ശങ്കരാഭരണ'ത്തിൽ തന്നെ കാത്തിരിക്കുന്നത് ആയുസ്സിലെ ഏറ്റവും കടുത്ത വെല്ലുവിളിയാണെന്ന് നന്നായറിയാം എസ്.പി.ബിക്ക്.

'ഏറെ മാനസിക സംഘർഷം അനുഭവിച്ച നാളുകളായിരുന്നു അവ. റെക്കോർഡിങ് അടുക്കുന്തോറും പിരിമുറുക്കവും കൂടിവന്നു. ആ സന്ദിഗ്ധ ഘട്ടത്തിലാണ് ദൈവദൂതനെ പോലെ പുകഴേന്തി സർ അവതരിക്കുന്നത്. കെ.വി.എമ്മിന്റെ വിശ്വസ്തനായ സംഗീത സഹായി. പുകഴേന്തിയുടെ മാന്ത്രിക സ്പർശമില്ലാത്ത ഒരൊറ്റ മഹാദേവഗാനവുമില്ല. ഉള്ളിലെ വേവലാതി എന്റെ മുഖത്തുനിന്ന് വായിച്ചെടുത്തിരിക്കണം അദ്ദേഹം. ഒരു ദിവസം പുകഴേന്തി എന്നെ വിളിച്ചു പറഞ്ഞു- പേടിക്കേണ്ട. ഈ പടത്തിലെ എല്ലാ പാട്ടുകളും നിന്നെ പഠിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു. ഒരാഴ്ച സാവകാശം തരുക.' ഒരാഴ്ചയല്ല ഒരു വർഷമിരുന്നു പഠിച്ചാലും പിഴവില്ലാതെ ശാസ്ത്രീയ കൃതികൾ പാടാൻ തനിക്ക് കഴിയില്ല എന്നു തന്നെയായിരുന്നു അപ്പോഴും എസ്.പി.ബിയുടെ വിശ്വാസം.

പിറ്റേന്ന് കാലത്തു തന്നെ കുറെ ഓഡിയോ കാസറ്റുകളുമായി പുകഴേന്തി എസ്.പി.ബിയെ കാണാനെത്തുന്നു. 'പടത്തിലെ ഗാനങ്ങൾ എല്ലാം കാസറ്റിൽ പാടിവെച്ചിരിക്കുകയാണ് അദ്ദേഹം. ശ്രദ്ധാപൂർവ്വം അവ കേൾക്കാനും ഏറ്റുപാടാനുമാണ് എനിക്ക് കിട്ടിയ നിർദേശം', എസ്.പി.ബി. 'ആ നിമിഷം മുതൽ ഒരു തപസ്യ പോലെ ഞാൻ എന്റെ പരിശീലനം തുടങ്ങി. വീട്ടിലോ സ്റ്റുഡിയോയിലോ വെറുതെ ഇരിക്കുമ്പോൾ, കാറിൽ യാത്ര ചെയ്യുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ, കുളിക്കുമ്പോൾ, രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, പുലർച്ചെ ഉണരുമ്പോൾ എല്ലാം ഞാൻ ആ കാസറ്റുകൾ കേട്ടുകൊണ്ടിരുന്നു. പുകഴേന്തിയുടെ തെല്ലു പരുഷമെങ്കിലും ഹൃദ്യമായ ശബ്ദത്തിൽ നിറഞ്ഞുനിന്ന ഭാവാംശം എന്റെ ആലാപനത്തിലേക്കു പകർത്താൻ ശ്രമിച്ചു. ദിവസവും രാവിലെ പുകഴേന്തിയുടെ ഫോൺ വരും. ഈ അഗ്‌നിപരീക്ഷയിൽ ഞാൻ പരാജയപ്പെടരുതെന്ന് എന്നെക്കാൾ നിർബന്ധം ആ വലിയ മനുഷ്യനായിരുന്നു'.

പരീക്ഷണം ഒടുവിൽ എസ്.പി.ബി. ജയിച്ചുകയറുക തന്നെ ചെയ്തു; തിളക്കമാർന്ന ആ വിജയം തന്നെയായിരുന്നു പുകഴേന്തിക്കുള്ള അദ്ദേഹത്തിന്റെ 'ഗുരുദക്ഷിണ'യും.

'ശങ്കരാഭരണം' മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുമ്പോൾ ഒരു കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു സംവിധായകൻ വിശ്വനാഥിന്. തെലുങ്കു ചിത്രത്തിലെ പാട്ടുകൾ മലയാളം പതിപ്പിൽ അതേപടി നിലനിർത്തണം.

'സംസ്‌കൃതത്തിന്റെ സ്വാധീനമുള്ള ഭാഷകളാണ് തെലുങ്കും മലയാളവും. പൊതുവായി പല വാക്കുകളും ഈ ഭാഷകളിൽ ഉണ്ടായതും അതുകൊണ്ട് തന്നെയാവാം. ഗാനങ്ങൾ തെലുങ്കിലാണെങ്കിലും മലയാളികൾക്ക് അവ ആസ്വദിക്കാൻ പ്രയാസം ഉണ്ടാവില്ലെന്ന് എനിക്കു തോന്നി. ആ വിശ്വാസം തെറ്റായിരുന്നില്ലെന്നാണ് പാട്ടുകളുടെ സ്വീകാര്യത തെളിയിച്ചത്. മലയാളികൾ ഒന്നടങ്കം ഏറ്റുപാടിയ പാട്ടുകളായിരുന്നു 'ശങ്കരാഭരണ'ത്തിലേത്', വിശ്വനാഥ്.

'ഗാനങ്ങൾ മലയാളത്തിൽ മാറ്റിയെഴുതിയിരുന്നെങ്കിൽ ഇത്രയും സ്വീകാര്യത കിട്ടില്ലായിരുന്നു എന്ന് ഉറപ്പാണ്', അഭയദേവ് ആണ് സംഭാഷണങ്ങളുടെ മൊഴിമാറ്റം നിർവഹിച്ചത്. മലയാളത്തിൽ ഡബ് ചെയ്ത ആർട്ടിസ്റ്റുകളും അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു; പ്രത്യേകിച്ച്, ശങ്കരശാസ്ത്രിക്ക് ശബ്ദം നൽകിയ നടൻ ജഗന്നാഥവർമ.

'ശങ്കരാഭരണം' ഒരു ആശയമായി മനസ്സിൽ രൂപപ്പെട്ടപ്പോഴേ ഗായകനായി എസ്.പി.ബിയെ നിശ്ചയിച്ചുകഴിഞ്ഞിരുന്നു വിശ്വനാഥ്; പലരുടെയും നെറ്റി ചുളിയുമെന്നറിഞ്ഞുകൊണ്ട് തന്നെ. ശാസ്ത്രീയസംഗീത വിശാരദനായ ഡോ. എം. ബാലമുരളീകൃഷ്ണ പാടണം എന്നായിരുന്നു സംഗീത സംവിധായകൻ കെ.വി.മഹാദേവന്റെ ആഗ്രഹം. സിനിമയിലെ നായകൻ ലോകം മുഴുവൻ ആദരിക്കുന്ന ശാസ്ത്രീയ സംഗീതജ്ഞനാകുമ്പോൾ അദ്ദേഹത്തിനുവേണ്ടി പാടുന്നത് ഒരു സാധാരണ പാട്ടുകാരൻ ആകരുതല്ലോ.

എന്നാൽ എസ്.പി.ബി. ഒരു സാധാരണ ഗായകൻ അല്ല എന്ന് മറ്റാരെക്കാൾ അറിയാമായിരുന്നു അടുത്ത ബന്ധു കൂടിയായ വിശ്വനാഥിന്. 'പരിചയസമ്പന്നരായ ശാസ്ത്രീയ സംഗീതജ്ഞരിലൊന്നും കാണാത്ത ചില ഗുണവിശേഷങ്ങളുണ്ട് അയാൾക്ക്. നല്ലൊരു നടനാണ്. അതിലുപരി കഴിവുറ്റ ശബ്ദാനുകരണ കലാകാരനും. ആരുടേയും ശബ്ദവും ഭാവങ്ങളും ചേഷ്ടകളും അതിഗംഭീരമായി അനുകരിക്കും ബാലു. ശിവാജി ഗണേശനെയും എം.ജി.ആറിനെയും ഒക്കെ ബാലു അനുകരിക്കുന്നത് വിസ്മയത്തോടെ കണ്ടുനിന്നിട്ടുണ്ട് ഞാൻ. സംവിധായകൻ ഉദ്ദേശിക്കുന്ന ഏതു ഭാവവും ശൈലിയും ആലാപനത്തിൽ കൊണ്ടുവരാൻ ഉള്ളിലെ ഈ ശബ്ദാനുകരണ വിദഗ്ധൻ അയാളെ സഹായിച്ചിട്ടുണ്ടാകാം'.

'ശങ്കരാഭരണ'ത്തിൽ പരമ്പരാഗത ശൈലിയിലുള്ള ശാസ്ത്രീയ സംഗീത കൃതികളല്ല ശങ്കരശാസ്ത്രികൾ പാടുന്നത്. ലളിതശാസ്ത്രീയ ഗാനങ്ങളാണ് അവ. ചെറിയൊരു നാടകീയത ഇല്ലെങ്കിൽ അത്തരം പാട്ടുകൾ ജനകീയമാവില്ല. സിനിമയിലെ കഥാമുഹൂർത്തങ്ങളുടെ വൈകാരിക ഭാവവുമായി ചേർന്നുനിൽക്കുകയും വേണം. 'ആലാപനത്തിൽ ഈ നാടകീയത ആവിഷ്‌കരിക്കാൻ എസ്.പി.ബിയോളം കഴിവുള്ളവർ വേറെ ഇല്ല എന്നാണ് എന്റെ വിശ്വാസം'.

മറ്റൊന്നു കൂടി പറഞ്ഞു വിശ്വനാഥ്. 'ബാലുവും ഞാനും തമ്മിൽ അപൂർവമായ ഒരു ഹൃദയൈക്യമുണ്ട്. ബാലുവിന്റെ കഴിവുകളുടെ വ്യാപ്തി എനിക്ക് നന്നായറിയാം. എന്നിലെ സംവിധായകന് വേണ്ടത് എന്താണെന്ന് അയാൾക്കും. മാത്രമല്ല ബാലു എന്റെ അടുത്ത ബന്ധു കൂടിയാണ്. സഹോദരതുല്യൻ. കുട്ടിക്കാലം മുതലേ അറിയാം അയാളെ. ലക്ഷ്യത്തിലെത്താൻവേണ്ടി കഠിനമായി പ്രയത്‌നിക്കാൻ മടിയില്ലാത്ത കൂട്ടത്തിലാണ്. 'ശങ്കരാഭരണ'ത്തിലെ പാട്ടുകളുടെ പൂർണതയ്ക്ക് വേണ്ടി ബാലു സഹിച്ച ത്യാഗങ്ങൾ നേരിട്ട് കണ്ടയാൾ എന്ന നിലയ്ക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാനാകും എനിക്ക്, മറ്റാര് പാടിയാലും ആ ഗാനങ്ങൾ ഇത്രകണ്ട് ശ്രദ്ധിക്കപ്പെടില്ലായിരുന്നു'.

വിജയാ ഗാർഡൻസിലായിരുന്നു പൂജയും റെക്കോഡിങ്ങും. ആദ്യം റെക്കോഡ് ചെയ്യേണ്ടത് ഓംകാര നാദാനു എന്ന പാട്ടാണ്. സിനിമയിൽ സോളോ ആയും ഡ്യൂയറ്റ് ആയും കടന്നുവരുന്ന ശാസ്ത്രീയ ഗാനം. മുഹൂർത്തസമയമായിട്ടും ബാലുവിനൊപ്പം പാടേണ്ട എസ്. ജാനകി എത്തിയിട്ടില്ല. അന്വേഷിച്ചപ്പോൾ, തെല്ലു പരിഭവത്തിലാണ് അവർ. ഗാനത്തിന്റെ ഏതാനും വരികളിൽ മാത്രമേ തന്റെ ശബ്ദസാന്നിധ്യമുണ്ടാവൂ എന്ന് ആരോ അവരെ ധരിപ്പിച്ചിരിക്കയാണത്രെ. തിരക്കുകൾ മാറ്റിവെച്ച് ഒന്നോ രണ്ടോ വരി പാടാൻ മാത്രമായി താൻ എന്തിന് വരണം എന്നാണ് ജാനകിയുടെ ചോദ്യം. 'ശങ്കരാഭരണ'ത്തിൽ ഒരു ഗായകശബ്ദവും അപ്രധാനമല്ല എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വന്നു', വിശ്വനാഥ് ഓർക്കുന്നു.

'പക്ഷേ ആദ്യഗാനം പാടാൻ മൈക്കിനു മുന്നിൽ എത്തിയതോടെ എല്ലാ പരിഭവവും മറന്ന് പാട്ടിൽ ലയിച്ചുചേർന്നു ജാനകി. എസ്.പി.ബിയെ പോലെ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല ജാനകിയും. 'ശങ്കരാഭരണ'ത്തിൽ ഒരൊറ്റ ഗാനം കൂടിയേ അവരുടെ ശബ്ദത്തിൽ നാം കേട്ടുള്ളൂ: എസ്.പി.ബിക്കൊപ്പം പാടിയ 'സാമജവരഗമനാ' എന്ന ഹിന്ദോള രാഗ കീർത്തനം. മറ്റു ഗാനങ്ങൾ എല്ലാം പാടിയത് വാണിജയറാം. കർണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും ഒരു പോലെ അവഗാഹമുള്ള വാണി തന്നെ മുഖ്യഗായികയായി വേണമെന്നത് കെ.വി. മഹാദേവന്റെ നിർബന്ധമായിരുന്നു. മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ 'ശങ്കരാഭരണ'ത്തിലെ ഗാനങ്ങൾ വാണി ജയറാമിന് നേടിക്കൊടുത്ത ബഹുമതികൾ നിരവധി.

'ശങ്കരാഭരണ'ത്തിന്റെ റെക്കോർഡിങ് രസകരമായ ഓർമയാണ് വാണിക്ക്. പരസ്പരം കളിയാക്കിയും തമാശകൾ പങ്കിട്ടും ചെലവഴിച്ച ദിനങ്ങൾ. 'സ്റ്റുഡിയോയിൽ ചെന്നാൽ എസ്.പി.ബിയെ ശങ്കരശാസ്ത്രി എന്നാണു ഞാൻ വിളിക്കുക. മൈക്കിന് മുന്നിൽ ചെന്ന് നിന്നാൽ തത്ക്ഷണം ശാസ്ത്രിയായി മാറും അദ്ദേഹം. ശരിക്കും ഒരു പകർന്നാട്ടം. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്തതിന്റെ ചെറിയൊരു ആത്മവിശ്വാസക്കുറവ് തുടക്കത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കിലും പതുക്കെ പതുക്കെ അതു മാറിവന്നു. ഏതു ക്ലാസിക്കൽ സംഗീതജ്ഞനോടും കിടപിടിക്കും വിധം ശങ്കരാഭരണത്തിലെ പാട്ടുകൾ ബാലു പാടിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ആ പാട്ടുകളുടെ ജനപ്രീതി തന്നെ അതിന്റെ ഏറ്റവും വലിയ തെളിവ്. മാത്രമല്ല മികച്ച ഗായകനും ഗായികക്കും സംഗീത സംവിധായകനും ഒരുമിച്ചു ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രങ്ങൾ അധികമില്ല താനും. 'ശങ്കരാഭരണ'ത്തിൽ പാടിയിരുന്നില്ലെങ്കിൽ അത് വലിയൊരു നഷ്ടമായേനെ എന്ന് തോന്നാറുണ്ട്'.

വാണിയുടെ ഈ വാക്കുകളോട് ചേർത്തു വെക്കേണ്ട മറ്റൊരു അനുഭവം വിശ്വനാഥ് ഓർത്തെടുത്തതിങ്ങനെ: 'ശങ്കരാഭരണത്തിന്റെ ടൈറ്റിൽ മ്യൂസിക്കിൽ ഒരു ചെറിയ ഹമ്മിങ് വരുന്നുണ്ട്. അത് പാടാൻ ബാലുവിന്റെ സഹോദരി എസ്.പി. ശൈലജയെ ആണ് ഞങ്ങൾ കണ്ടുവെച്ചിരുന്നത്. എന്നാൽ പാടാൻ വിളിച്ചപ്പോൾ ശൈലജയ്ക്ക് ചെറിയൊരു മടി. ഒരു കൊച്ചു ഹമ്മിങ്ങിനുവേണ്ടി ബുദ്ധിമുട്ടി സ്റ്റുഡിയോയിൽ വരേണ്ടതുണ്ടോ എന്ന് അവർ ചിന്തിച്ചിരിക്കാം. എങ്കിലും ക്ഷണം നിരസിക്കും മുൻപ് ജ്യേഷ്ഠന്റെ അഭിപ്രായം ചോദിക്കാൻ മറന്നില്ല ശൈലജ. ബാലു അനിയത്തിയെ ഉപദേശിച്ചത് എന്തെന്നോ? ശങ്കരാഭരണത്തിൽ വെറുതെ ഒന്നു മൂളാൻ അവസരം കിട്ടുന്നതു പോലും നീ ഭാഗ്യമായി കരുതണം. അത്രയും മഹത്തായ ഒരു സിനിമയാണിത്. ശൈലജ പാടാൻ മടിച്ചു നിന്നില്ല പിന്നെ. എവിടെ വെച്ച് കാണുമ്പോഴും ശങ്കരാഭരണത്തിന്റെ ഭാഗമാകാൻ അവസരം നൽകിയതിന് നന്ദി പറയാറുണ്ട് അവർ'.

ശങ്കരാ നാദശരീരാ പരാ എന്ന ഗാനമാണ് സൂപ്പർഹിറ്റായി മാറിയതെങ്കിലും പാടി ഫലിപ്പിക്കാൻ ഏറ്റവും പ്രയാസപ്പെട്ടത് ഓംകാര നാദാനു സന്താന മൗഗാനമേ എന്ന ഗാനമാണെന്നു പറഞ്ഞിട്ടുണ്ട് എസ്.പി. ബാലസുബ്രഹ്‌മണ്യം. ദേശീയ അവാർഡ് നേടിത്തന്നതും ഇതേ ഗാനം തന്നെ.

'മറ്റു പാട്ടുകൾ എല്ലാം അനായാസമായിരുന്നു എന്നല്ല അതിന്റെ അർഥം. നീണ്ട റിഹേഴ്‌സലുകൾക്കു ശേഷമാണ് ഓരോ പാട്ടും റെക്കോർഡ് ചെയ്തത്. പുകഴേന്തി സാറിന്റെ ക്ഷമാശീലത്തിനു നന്ദി. വാണിജിയുടെ പ്രോത്സാഹനത്തിനും. പാടിയതിൽ ഏറ്റവും എളുപ്പം ഏതായിരുന്നു എന്നു ചോദിച്ചാൽ പറയാം, പോപ് മ്യൂസിക് ഭ്രാന്തന്മാരെ പാഠം പഠിപ്പിക്കാൻവേണ്ടി ശങ്കരശാസ്ത്രി യോഡ്ലിങ് ശൈലിയിൽ പാടുന്ന സംഗീത ശകലം. സിനിമയിലെ ശാസ്ത്രീയ കൃതികളേക്കാൾ സാധാരണക്കാരായ പ്രേക്ഷകരുടെ കൈയടി നേടിയത് അതാണെന്ന കാര്യം വേറെ'. വാണി ജയറാമിനൊപ്പം നാലു പാട്ടുകൾ പാടി എസ്.പി.ബി- ദൊരകുനാ ഇടുവണ്ടിസേവാ, മാനസ സഞ്ചരരേ, ബ്രോചേവാ രെവരുരാ, പലുകെ ബംഗാരമായേന. ശങ്കരാ നാദശരീരാ പരാ, രാഗം താനം പല്ലവി, മാണിക്യവീണാ (എസ്.പി.ബി), യേ തീരുഗ നാനു (വാണി ജയറാം) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ. പാട്ടുകളിൽ ഭൂരിഭാഗവും രചിച്ചത് വേട്ടൂരി സുന്ദരരാമമൂർത്തി.

'ശങ്കരാഭരണ'ത്തിലെ ഗാനങ്ങളെ പുതുമ നശിക്കാത്ത ശ്രവ്യാനുഭവങ്ങളാക്കി മാറ്റിയത് എസ്. സ്വാമിനാഥൻ എന്ന ശബ്ദലേഖന വിദഗ്ധന്റെ ഇന്ദ്രജാലം കൂടിയാണെന്ന് വിശ്വസിച്ചു വിശ്വനാഥും എസ്.പി.ബിയും. സ്വാമിനാഥനോട് ആത്മബന്ധമുണ്ട് ഇരുവർക്കും. എസ്.പി.ബിയുടെ ആദ്യത്തെ ചലച്ചിത്ര ഗാനം ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണയിലെ (1966) ഏമി ഈ വിന്ത മോഹം ഇതേ വിജയാ ഗാർഡൻസിൽ റെക്കോർഡ് ചെയ്തത് സ്വാമിനാഥനാണ്. സിനിമാ ജീവിതത്തിന്റെ ആരംഭദശയിൽ വാഹിനി സ്റ്റുഡിയോയിൽ സൗണ്ട് അസിസ്റ്റന്റ് ആയിരുന്ന കാലം മുതലേ സ്വാമിനാഥനെ അറിയാം വിശ്വനാഥിന്. വാഹിനിയിൽ സഹപ്രവർത്തകർ ആയിരുന്നു ഇരുവരും. തഞ്ചാവൂരിൽനിന്ന് 1940-കളിൽ ചെന്നൈയിൽ എത്തിയതാണ് സ്വാമിനാഥൻ. 'എന്റെ മിക്ക സിനിമകളുടെയും ശബ്ദലേഖനം നിർവഹിച്ചത് സ്വാമിനാഥനാണ്. സാങ്കേതിക പരിമിതികൾ ഒരിക്കലും അദ്ദേഹത്തിന് പ്രതിബന്ധമായിരുന്നില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ശങ്കരാഭരണം തന്നെ', വിശ്വനാഥ്.

'ശങ്കരാഭരണത്തിലെ പാട്ടുകൾ റെക്കോർഡ് ചെയ്യുമ്പോൾ ഇന്നത്തെ പോലെ മൾട്ടി ചാനൽ സംവിധാനവും ട്രാക്ക് സമ്പ്രദായവും ഒന്നും നിലവിൽ വന്നിട്ടില്ല. ഓർക്കസ്ട്രക്കും ഗായകർക്കുമായി വിജയ ഗാർഡൻസിൽ ആകെയുള്ളത് നാലു ചാനലാണ്. അന്ന് റെക്കോർഡ് ചെയ്ത പാട്ടുകൾ എന്നിട്ടും തികവാർന്ന അനുഭവങ്ങളായി നിലനിൽക്കുന്നുവെങ്കിൽ അതിനു പിന്നിൽ സ്വാമിനാഥന്റെ കരവിരുതു തന്നെ'. പാട്ടുകളുടെ പിന്നണിയിൽ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്ത അതിപ്രഗൽഭരായ ഓർക്കസ്ട്ര കലാകാരന്മാരെയും കൃതജ്ഞതയോടെ ഓർക്കുന്നു വിശ്വനാഥ്. 'ചീനാക്കുട്ടിയുടെ മൃദംഗം ഒഴിച്ചു നിർത്തി ശങ്കരാഭരണത്തിലെ പാട്ടുകളെ കുറിച്ച് സങ്കൽപ്പിക്കാനാകുമോ? വലിയൊരു കച്ചേരിക്ക് വായിക്കുന്ന അതേ ഗൗരവത്തോടെ, അർപ്പണബുദ്ധിയോടെ രാവും പകലുമെന്നില്ലാതെ മൃദംഗം വായിക്കുന്ന ചീനാക്കുട്ടിയുടെ ചിത്രം മറക്കില്ല. വയലിനിൽ പ്രസാദ് റാവു, മഹാദേവൻ, പുല്ലാങ്കുഴലിൽ നഞ്ചപ്പ, തബലയിൽ മൈക്കൽ... ഓരോരുത്തരും അവരവരുടെ റോൾ ഗംഭീരമാക്കി. അതുകൊണ്ടു കൂടിയാണ് ആ പാട്ടുകൾ ഇന്നും ആസ്വദിക്കപ്പെടുന്നത്. നിർഭാഗ്യവശാൽ ഈ കലാകാരന്മാരെയൊന്നും ആരും ഓർക്കുന്നില്ല എന്നുമാത്രം'.

അസാമാന്യ ജനപ്രീതി നേടിയെങ്കിലും 'ശങ്കരാഭരണ'ത്തിലെ ഗാനങ്ങൾ അവയുടെ അതിലാളിത്യത്തിന്റെ പേരിൽ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട് എന്നുകൂടി അറിയുക. കർണ്ണാടക സംഗീതത്തെ അങ്ങേയറ്റം ലാഘവത്തോടെ കണ്ടു എന്നതായിരുന്നു ആരോപണങ്ങളിൽ ഒന്ന്. 'ബ്രോചേവാ രെവരുരാ എന്ന വിഖ്യാത കൃതി ശങ്കര ശാസ്ത്രികൾ പാടിപ്പഠിപ്പിക്കുന്നത് തന്നെ വികലമായാണ്. പുതിയ തലമുറയിലെ ശുദ്ധ സംഗീത പ്രേമികൾക്കും യുവ സംഗീതജ്ഞർക്കും തെറ്റായ സന്ദേശം നൽകുന്നു ഈ ചിത്രം', ഒരു സംഗീത പണ്ഡിതൻ എഴുതി. എസ്.പി.ബിക്ക് 'ശങ്കരാഭരണ'ത്തിലെ ഗാനങ്ങളോട് നീതി പുലർത്താൻ കഴിഞ്ഞില്ല എന്നായിരുന്നു സംഗീത നിരൂപകൻ സുബ്ബുഡുവിന്റെ നിരീക്ഷണം. 'ബാലമുരളീകൃഷ്ണയോ യേശുദാസോ പാടിയിരുന്നെങ്കിൽ കുറച്ചു കൂടി ആസ്വാദ്യമായ ശ്രവ്യാനുഭവങ്ങൾ ആയേനെ ആ പാട്ടുകൾ', അദ്ദേഹം എഴുതി.

പോപ് സംഗീതത്തിന്റെ പ്രചാരത്തിന് എതിരായ ഒരു പ്രതിരോധമായി കർണാടക സംഗീതത്തെ വിലകുറച്ചു കണ്ടതിലായിരുന്നു മറ്റു ചിലർക്ക് അമർഷം. എല്ലാ കാഴ്ചപ്പാടുകളും ഹൃദയപൂർവം സ്വാഗതം ചെയ്തു വിശ്വനാഥ്. 'വിമർശകർ മനസ്സിലാക്കേണ്ട ഒന്നുണ്ട്. ശങ്കരാഭരണം ഒരു സിനിമ മാത്രമാണ്. സുദീർഘമായ കച്ചേരികൾ അവയുടെ ചിട്ടവട്ടങ്ങളോടെ സിനിമയിൽ ഉൾപ്പെടുത്തുന്നതിന് പരിമിതികളുണ്ട്. മാത്രമല്ല സമൂഹത്തിന്റെ എല്ലാ തട്ടിലും ഉള്ളവർ ആസ്വദിക്കേണ്ട കലാരൂപമാണിത്. ജ്ഞാനികളെയും പണ്ഡിതരേയും മാത്രം ഉദ്ദേശിച്ച് ഒരു വാണിജ്യ സിനിമ നിർമിക്കുക എന്റെ ലക്ഷ്യമായിരുന്നില്ല'. എങ്കിലും ശാസ്ത്രീയ സംഗീതത്തെ സാധാരണക്കാരന്റെ ഹൃദയവുമായി അടുപ്പിക്കാൻ 'ശങ്കരാഭരണ'ത്തിനു കഴിഞ്ഞു എന്നതിൽ സംശയമില്ല വിശ്വനാഥിന്.

2020 സെപ്തംബർ 25-ന് എസ്.പി.ബി. വിടപറഞ്ഞു; മൂന്ന് വർഷം കഴിഞ്ഞ് വിശ്വനാഥും. വാണി ജയറാമും എസ്. ജാനകിയും പുകഴേന്തിയുമൊക്കെ ഓർമയായിട്ടും 'ശങ്കരാഭരണം' ജീവിക്കുന്നു; നഷ്ടവസന്ത സ്മൃതികളുമായി.