ഷാരൂഖ് ഖാന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'കിങ്ങി'ൽനിന്ന് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ പിന്മാറി. ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖിന്റെ ബ്രഹ്‌മാണ്ഡ ചിത്രത്തിൽ സച്ചിൻ- ജിഗാർ കൂട്ടുകെട്ട് ഗാനങ്ങൾ ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ. മറ്റ് പ്രൊജക്ടുകളിൽ തിരക്കിലായതിനാലാണ് അനിരുദ്ധ് ചിത്രത്തിൽനിന്ന് പിന്മാറിയത്.

To advertise here,

'കിങ്ങി'ന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും അനിരുദ്ധ് ഒരുക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഷാരൂഖിന് വേണ്ടി ഒരുക്കിയ ടൈറ്റിൽ ട്രാക്കും പുറത്തിറങ്ങിയിരുന്നു. ഡിസംബറിൽ ക്രിസ്മസ് റിലീസായി ഇറങ്ങേണ്ടതാണ് ചിത്രം. പ്രീ-പ്രൊഡക്ഷൻ ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിൽ അനിശ്ചിതത്വമുണ്ടായതോടെ പരസ്പരധാരണയോടെ അനിരുദ്ധ് പിന്മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇതോടെ, ചിത്രത്തിന്റെ ഗാനങ്ങൾക്ക് പുറമേ പശ്ചാത്തല സംഗീതവും സച്ചിൻ- ജിഗാർ ടീമായിരിക്കും ഒരുക്കുക. എന്നാൽ, നേരത്തെ അനിരുദ്ധ് തയ്യാറാക്കിയ 'ദേ കോൾ ഹിം കിങ്' എന്ന ടൈറ്റിൽ സോങ് ചിത്രത്തിൽ ഉപയോഗിക്കും.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' ഡിസംബർ 24-ന് തിയേറ്ററിലെത്തിക്കാനാണ് ശ്രമം. ഷാരൂഖും മകൾ സുഹാന ഖാനും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത 'കിങ്ങി'നുണ്ട്. ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

ഐ.പി.എൽ. ടീമായ സൺ റൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യാ മാരനുമായുള്ള അനിരുദ്ധിന്റെ വിവാഹം നവംബറിലാണ്. 21-ന് വിവാഹസത്കാരം ചെന്നൈയിൽ നടക്കും. വിവാഹത്തിരക്കുകളും ചിത്രത്തിൽനിന്ന് പിന്മാറാൻ അനിരുദ്ധ് ചൂണ്ടിക്കാട്ടിയെന്നാണ് വിവരം.

നേരത്തെ, അറ്റ്‌ലീ സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം, 'ജവാന്' സംഗീതം ഒരുക്കിയതും അനിരുദ്ധാണ്. രജനീകാന്തിന്റെ 'ധർമൻ', വെട്രിമാരൻ- ചിമ്പു ചിത്രം 'അരസൻ', ശങ്കറിന്റെ 'ഇന്ത്യൻ 3', ആധിക് രവിചന്ദ്രന്റെ അജിത് ചിത്രം ഡെയർ ഡെവിൾ, ലോകേഷ് കനകരാജിന്റെ അല്ലു അർജുൻ ചിത്രം, നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന കമൽഹാസനും രജനീകാന്തും ഒന്നിക്കുന്ന ചിത്രം, എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം പറയുന്ന രശ്മിക മന്ദാന നായികയായ ചിത്രം എന്നിങ്ങനെ ഒരുപിടി പ്രൊജക്ടുകൾ അനിരുദ്ധിന്റേതായി അണിയറയിൽ ഒരുങ്ങുകയാണ്. ഇതിന് പുറമെ തെലുങ്കിലും മറ്റ് രണ്ട് ചിത്രങ്ങൾക്കും അനിരുദ്ധ് സംഗീതമൊരുക്കും. രജനീകാന്ത് നായകനായ നെൽസൺ ചിത്രം 'ജയ്‌ലർ 2' ആണ് ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തിയത്.