ഗോപുരത്തിനുള്ളില്‍ കാവല്‍ക്കാരനുണ്ടോ ഇല്ലയോ എന്ന് തടവുകാര്‍ക്ക് കാണാന്‍ കഴിയില്ലെങ്കിലും, ഏതുനിമിഷവും നിരീക്ഷിക്കപ്പെടുന്നുണ്ടാകാം എന്ന ഭയം കാരണം അവര്‍ സ്വയം അച്ചടക്കം പാലിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ഫ്രഞ്ച് ചിന്തകനായ മിഷേൽ ഫൂക്കോയുടെ നൂറാം ജന്മവാർഷികമാണ് ഈ ആഴ്ച. 1926 ഒക്ടോബർ 15-ന് ഫ്രാൻസിലെ പ്വാറ്റിയേഴ്സിൽ ജനിച്ച ഫൂക്കോ വിടപറഞ്ഞ് നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും, സമകാലിക ലോകത്തെ മനസ്സിലാക്കാൻ ഇന്നും ഗവേഷകരും ചിന്താലോകവും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെയാണ് ആശ്രയിക്കുന്നത്. ഗൂഗിൾ സ്കോളറിലെ വിവരങ്ങൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെടുന്ന ചിന്തകരിൽ ഒരാളാണ് ഫൂക്കോ -14 ലക്ഷത്തിലധികം തവണയാണ് അദ്ദേഹത്തിന്റെ ആശയങ്ങൾ ഗവേഷണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്.
അധികാരം, അറിവ്, ലൈംഗികത, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ അട്ടിമറിച്ച ഫൂക്കോ, 1980-കളുടെ അവസാനത്തിലും 90-കളിലുമാണ് മലയാള ചിന്താലോകത്തും സാഹിത്യനിരൂപണത്തിലും സജീവ ചർച്ചയാകുന്നത്. കേവലമായ സൗന്ദര്യവാദത്തിലും പരമ്പരാഗത മാർക്സിസ്റ്റ് വായനകളിലും ഒതുങ്ങിനിന്ന മലയാള നിരൂപണത്തിന് പുതിയൊരു ദിശാബോധം നൽകാൻ ഫൂക്കോയുടെ സിദ്ധാന്തങ്ങൾക്ക് കഴിഞ്ഞു. പി.പി. രവീന്ദ്രൻ, വി.സി. ശ്രീജൻ, ടി.വി. മധു, വി.സി. ഹാരിസ് തുടങ്ങിയ നിരൂപകരാണ് ആ കാലഘട്ടത്തിൽ ഫൂക്കോയുടെ ആശയലോകത്തെ മലയാളത്തിന് പരിചയപ്പെടുത്തിയത്.
അധികാരം എന്നത് ഭരണകൂടത്തിന്റെയോ ഒരു പ്രത്യേക വർഗത്തിന്റെയോ കൈകളിൽ മാത്രം കേന്ദ്രീകരിച്ച ഒന്നല്ലെന്ന് ഫൂക്കോ വാദിച്ചു. ആശുപത്രികൾ, സ്കൂളുകൾ, ജയിലുകൾ, കുടുംബം, നമ്മുടെ ദൈനംദിന സംസാരങ്ങൾ എന്നിവയിലൂടെയെല്ലാം ഒരു വലപോലെ അത് പടർന്നുകിടക്കുകയാണ്. ഏത് അറിവ് രൂപപ്പെടുന്നതിനു പിന്നിലും അധികാരതാൽപ്പര്യങ്ങളുണ്ട് എന്ന ഫൂക്കോയുടെ നിരീക്ഷണം കേരളത്തിലെ ജാതി, ലിംഗപദവി, കൊളോണിയൽ ചരിത്രം എന്നിവയെക്കുറിച്ചുള്ള പുനർവിചിന്തനങ്ങൾക്ക് അടിത്തറയിട്ടു.
'ഭ്രാന്ത്' എന്നത് കേവലം ജൈവികമായ രോഗാവസ്ഥയല്ല, മറിച്ച് സമൂഹം ചരിത്രപരമായി നിർമിച്ചെടുത്ത ഒന്നാണെന്ന് വ്യക്തമാക്കുന്ന 'മാഡ്നസ് ആൻഡ് സിവിലൈസേഷൻ' (Madness and Civilization), ആധുനിക വൈദ്യശാസ്ത്രം മനുഷ്യശരീരത്തെ ഒരു നിരീക്ഷണവസ്തുവാക്കി മാറ്റിയ ചരിത്രം പറയുന്ന 'ദ ബർത്ത് ഓഫ് ദ ക്ലിനിക്ക്' (The Birth of the Clinic), വിജ്ഞാനം രൂപപ്പെട്ട രീതികളെ പരിശോധിക്കുന്ന 'ദ ഓർഡർ ഓഫ് തിങ്സ്' (The Order of Things), ക്രൂരമായ ശിക്ഷാരീതികൾക്ക് പകരം ജയിലുകൾ പോലുള്ള സ്ഥാപനങ്ങൾ മനുഷ്യരെ എങ്ങനെ മെരുക്കുന്നുവെന്ന് വിശദീകരിച്ച 'ഡിസിപ്ലിൻ ആൻഡ് പണിഷ്' (Discipline and Punish), അധികാരവും ലൈംഗികതയും തമ്മിലുള്ള ബലതന്ത്രങ്ങൾ അന്വേഷിക്കുന്ന 'ദ ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റി' (The History of Sexuality) എന്നിവയാണ് ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
സാധാരണ നിയമസംവിധാനങ്ങളിൽനിന്ന് മാറി സാങ്കേതികവിദ്യകളിലൂടെ ഭരണകൂടങ്ങൾ പൗരന്മാരെ നിരീക്ഷിക്കുന്ന രീതിയെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ.) പുതിയ പ്രയോഗങ്ങളെയും വിശകലനം ചെയ്യാൻ ലോകം ഇന്നും ഫൂക്കോയുടെ തത്ത്വചിന്തയെ കൂട്ടുപിടിക്കുന്നു. സാധാരണക്കാരന്റെ നിത്യജീവിതത്തെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന അധികാരത്തെക്കുറിച്ചാണ് ഫൂക്കോ ആഴത്തിൽ ചിന്തിച്ചത്.
ഫൂക്കോയുടെ 'ഡിസിപ്ലിൻ ആൻഡ് പണിഷ്' എന്ന പുസ്തകത്തിലെ പ്രധാന ആശയങ്ങളിലൊന്നായ 'പനോപ്റ്റിക്കോൺ' (Panopticon) ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലം കൂടിയാണിത്. പതിനെട്ടാം നൂറ്റാണ്ടിൽ ജെറമി ബെന്താം രൂപകൽപ്പന ചെയ്ത ജയിൽ മാതൃകയാണ് പനോപ്റ്റിക്കോൺ. നടുവിലൊരു നിരീക്ഷണ ഗോപുരവും അതിനുചുറ്റും തടവുകാരെ പാർപ്പിക്കുന്ന മുറികളുമാണ് ഇതിലുണ്ടാവുക. ഗോപുരത്തിനുള്ളിൽ കാവൽക്കാരനുണ്ടോ ഇല്ലയോ എന്ന് തടവുകാർക്ക് കാണാൻ കഴിയില്ലെങ്കിലും, ഏതുനിമിഷവും നിരീക്ഷിക്കപ്പെടുന്നുണ്ടാകാം എന്ന ഭയം കാരണം അവർ സ്വയം അച്ചടക്കം പാലിക്കാൻ നിർബന്ധിതരാകുന്നു.
നമ്മുടെ ഡിജിറ്റൽ ലോകം ഈ പനോപ്റ്റിക്കോണിന്റെ വിപുലമായ പതിപ്പാണ്. വഴിയിലെ സി.സി.ടി.വി. ക്യാമറകൾ, മൊബൈൽ ഫോണുകളിലെ ലൊക്കേഷൻ ട്രാക്കിങ്, സമൂഹമാധ്യമങ്ങളിലെ അൽഗോരിതങ്ങൾ എന്നിവ വഴി നാമെല്ലാം ഒരു അദൃശ്യ നിരീക്ഷണവലയത്തിലാണ് കഴിയുന്നത്. ഭരണകൂടമോ വൻകിട കമ്പനികളോ നമ്മെ നിരീക്ഷിക്കുന്നുണ്ടോ എന്ന് ഉറപ്പില്ലെങ്കിലും, എപ്പോഴും നിരീക്ഷണത്തിലാണെന്ന തോന്നൽ നമ്മുടെ പെരുമാറ്റത്തെയും ചിന്തകളെയും സ്വയം നിയന്ത്രിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
അധികാരം എന്നത് സർക്കാരുകളുടെയോ പോലീസിന്റെയോ കൈയിലുള്ള ഒരു വടി മാത്രമല്ലെന്ന് ഫൂക്കോ വാദിച്ചു. അറിവ് നിർമിക്കപ്പെടുന്നതിലൂടെയാണ് അധികാരം പ്രവർത്തിക്കുന്നത്. എന്താണ് 'സാധാരണമായത്' (normal), എന്താണ് 'അസാധാരണമായത്' (abnormal) എന്ന് നിശ്ചയിക്കുന്നത് വ്യവസ്ഥിതിയാണ്. ഒരുകാലത്ത് സമൂഹത്തിൽ സ്വതന്ത്രമായി ജീവിച്ചിരുന്നവരെ പിന്നീട് 'മാനസികരോഗികൾ' എന്ന് മുദ്രകുത്തി ആശുപത്രികളിലും അഭയകേന്ദ്രങ്ങളിലും അടച്ചുപൂട്ടിയത് രോഗം മാറ്റാനല്ല, മറിച്ച് വ്യവസ്ഥിതിക്ക് വിധേയരാക്കാൻ വേണ്ടിക്കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രവും നിയമവും മനഃശാസ്ത്രവുമെല്ലാം കേവലം സത്യങ്ങൾ മാത്രമല്ല, മനുഷ്യരെ വരുതിക്കുനിർത്താനുള്ള അധികാര ഉപകരണങ്ങൾ കൂടിയാണെന്ന് ഫൂക്കോ ഓർമിപ്പിച്ചു.
പഴയകാലത്തെ ഭരണാധികാരികൾക്ക് പൗരന്മാരെ ശിക്ഷിക്കാനും വധിക്കാനുമുള്ള അധികാരമാണുണ്ടായിരുന്നതെങ്കിൽ, ആധുനിക ഭരണകൂടങ്ങൾ ആളുകളെ 'ജീവിക്കാൻ പഠിപ്പിക്കുന്ന' അധികാരം കൈയിലെടുത്തിരിക്കുന്നു. ഇതിനെയാണ് ഫൂക്കോ 'ബയോപവർ' (Biopower) എന്ന് വിളിച്ചത്. ജനസംഖ്യ, ആരോഗ്യം, പ്രതിരോധ കുത്തിവെപ്പുകൾ, ജീവിതശൈലി എന്നിവയിലൂടെ പൗരന്മാരുടെ ശരീരങ്ങളെയാകെ നിയന്ത്രിക്കാൻ ഭരണകൂടങ്ങൾക്ക് സാധിക്കുന്നു.
1969-ൽ 'എന്താണ് ഒരു രചയിതാവ്?' (What is an Author?) എന്ന പ്രഭാഷണത്തിൽ ഫൂക്കോ ഒരു പ്രവചനം നടത്തിയിരുന്നു: 'ഒരു രചയിതാവിന്റെ ആവശ്യമില്ലാതെതന്നെ വിവരങ്ങളും ആശയങ്ങളും പ്രചരിക്കുന്ന ഒരു കാലം നമുക്ക് സങ്കൽപ്പിക്കാനാകും'. അന്ന് അതൊരു കേവല ദാർശനിക സങ്കല്പമായിരുന്നെങ്കിൽ, ജനറേറ്റീവ് എ.ഐ. യുഗത്തിൽ അത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായിക്കഴിഞ്ഞു.
ഒരു പ്രത്യേക എഴുത്തുകാരനില്ലാതെതന്നെ എ.ഐ. മോഡലുകൾക്ക് ലേഖനങ്ങൾ നിർമിക്കാനാകും. എന്നാൽ ഇത് മനുഷ്യന് വലിയൊരു സ്വാതന്ത്ര്യമല്ല നൽകിയത്. എഴുത്തുകാരൻ ഇല്ലാതായതോടെ കൃത്യമായ ഉത്തരവാദിത്തം ഇല്ലാതാവുകയും വിവരങ്ങളുടെ നിയന്ത്രണം വൻകിട ടെക് കമ്പനികളുടെ കൈകളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു. അതിനാൽ, വിവരങ്ങൾ ഉത്പാദിപ്പിക്കുന്ന സംവിധാനങ്ങളുടെ നിയന്ത്രണം ആരുടെ കൈകളിലാണ് എന്ന നിർണായക രാഷ്ട്രീയ ചോദ്യം ചോദിക്കാൻ ഫൂക്കോയുടെ ചിന്തകൾ ഇന്നും അനിവാര്യമാണ്.
ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും മനുഷ്യാവകാശ പോരാട്ടങ്ങളിലും മുൻനിരയിൽ നിന്നിരുന്നെങ്കിലും ഫൂക്കോയുടെ ചിന്തകളിൽ പ്രകടമായിരുന്ന കടുത്ത ശൂന്യതാവാദം (nihilism) വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. നിലവിലെ സംവിധാനങ്ങളെ വിമർശിച്ചതല്ലാതെ, തൃപ്തികരമായ ഒരു ബദൽ മുന്നോട്ടുവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന ആക്ഷേപം ശക്തമാണ്. കൂടാതെ, അദ്ദേഹത്തിന്റെ സ്വകാര്യജീവിതവും വിമർശനങ്ങൾക്കിടയാക്കി. 1984 ജൂൺ 25-ന് 57-ാം വയസ്സിൽ എയ്ഡ്സ് അനുബന്ധ രോഗങ്ങളെ തുടർന്നായിരുന്നു ഫൂക്കോയുടെ അന്ത്യം.
എങ്കിലും, ജനാധിപത്യ രാജ്യങ്ങളിൽപ്പോലും വ്യക്തിസ്വാതന്ത്ര്യം സാങ്കേതികവിദ്യകളിലൂടെയും സ്ഥാപനങ്ങളിലൂടെയും എങ്ങനെ സൂക്ഷ്മമായി കവർന്നെടുക്കപ്പെടുന്നു എന്ന് കാണിച്ചുതന്നതിലാണ് ഫൂക്കോയുടെ പ്രസക്തി. ആധുനിക അധികാരരൂപങ്ങളുടെ അദൃശ്യതന്ത്രങ്ങളെ തുറന്നുകാട്ടാൻ ഇന്നും വായനക്കാർക്ക് ഫൂക്കോയുടെ ചിന്ത വഴികാട്ടിയാകുന്നു.
Published: 20 Oct 2026, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented