
നിതീഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ' സിനിമയ്ക്ക് വരികളെഴുതിയത് ദൈവീകമായ അനുഭവമായിരുന്നുവെന്ന് ഗാനരചയിതാവ് ഡോ. കുമാർ വിശ്വാസ്. ചിത്രത്തിലെ ഗാനങ്ങൾക്ക് പ്രേക്ഷകർ നൽകിയ മികച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട്, സംഗീത സംവിധായകരായ എ.ആർ. റഹ്‌മാനൊപ്പമുള്ള ബി.ടി.എസ്. വീഡിയോ അദ്ദേഹം പങ്കുവെച്ചു.
ചില യാത്രകൾക്കായി ദൈവം തന്നെ തിരഞ്ഞെടുക്കുകയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് കുമാർ വിശ്വാസ് കുറിച്ചു. 'രാമായണ എനിക്കൊരിക്കലും ഒരു സിനിമ മാത്രമായിരുന്നില്ല. ശ്രീരാമനോടുള്ള ഇത്രയും വർഷത്തെ ഭക്തിയുടെയും വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും അനുഗ്രഹമാണിത്. ഇത്രയും മഹത്തായ സംരംഭത്തിന്റെ ചെറിയൊരു ഭാഗമാകാൻ എന്നെ തിരഞ്ഞെടുത്തതിന് ശ്രീരാമഭഗവാന് നന്ദി. നമ്മുടെ കാലത്തെ മികച്ച സർഗ്ഗാത്മക പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കാനും, ചിത്രം യാഥാർഥ്യമാകുന്നതും എന്റെ വരികൾ സ്‌നേഹത്തോടെ സ്വീകരിച്ചത് കാണാനും കഴിഞ്ഞത് എന്തൊരു അനുഭവമാണ്,' അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
വരികൾ വെറുതേ കേൾക്കുന്നതിനപ്പുറത്തേക്ക് ആഴത്തിലുള്ള അർഥം തൊട്ടറിഞ്ഞ പ്രേക്ഷകരുടെ പിന്തുണ വാക്കുകൾക്ക് അതീതമായ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോസ്റ്റിനൊപ്പം പങ്കുവെച്ച ബി.ടി.എസ്. വീഡിയോയിൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യുന്നതുൾപ്പെടെ കാണാം. എ.ആർ. റഹ്‌മാന് പുറമെ നിർമാതാവ് നമിത് മൽഹോത്ര, സംവിധായകൻ നിതീഷ് തിവാരി, ഗായിക ശ്രേയ ഘോഷാൽ, ഗായകൻ വിശാൽ ദാദ്ലാനി എന്നിവരും വീഡിയോയിലുണ്ട്.
രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'രാമായണം' നവംബർ 5-നാണ് തിയേറ്ററുകളിൾ റിലീസായത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യാഷും വേഷമിടുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
Content Highlights: Lyricist Dr. Kumar Vishwas expressed that writing lyrics for Nitish Tiwari's 'Ramayana' was a divine experience. He shared a Behind-The-Scenes (BTS) video featuring legendary composer A.R. Rahman, producer Namit Malhotra, and director Nitesh Tiwari. Kumar Vishwas thanked Lord Ram and the audience for their overwhelming love and support toward the songs. The BTS footage also featured prominent playback singers Shreya Ghoshal and Vishal Dadlani during recording sessions. Directed by Nitesh Tiwari, 'Ramayana' features Ranbir Kapoor as Ram, Sai Pallavi as Sita, and Yash as Ravana.
Published: 10 Nov 2026, 12:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented